Source :- SIRAJLIVE NEWS

കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറായി. റിപോര്‍ട്ട് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ഈ മാസം 30നകം മുഖ്യമന്ത്രിക്ക് കൈമാറും.

മുനമ്പം വഖ്ഫ് ഭൂമിയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മുനമ്പത്തെ ആ ആളുകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കമ്മീഷന്‍ രൂപവത്കരിച്ചത്. താന്‍ പ്രദേശത്ത് പോയി ജനങ്ങളുടെ ജീവിത സാഹചര്യം മനസ്സിലാക്കി. ഒരു കാരണവശാലും അവരെ മാറ്റാനാകില്ല. വഖ്ഫ് ട്രൈബ്യൂണലില്‍ കേസ് നടക്കുന്നു. അതിനു മുകളില്‍ ഹൈക്കോടതിയില്‍ അപ്പീലുണ്ട്. അന്തിമ വിധി വഖ്ഫ് ബോര്‍ഡിന് അനുകൂലമായി വന്നാല്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് തന്റെ ശിപാര്‍ശ.

വഖ്ഫ് ബോര്‍ഡുമായും ഫാറൂഖ് കോളജ് മാനേജ്മെന്റുമായും സര്‍ക്കാര്‍ സമവായ ചര്‍ച്ച നടത്തണം. ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കാം. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വഖ്ഫ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂമി ഏറ്റെടുക്കാം. പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. പകരം ഭൂമിയോ നഷ്ടപരിഹാരമോ നല്‍കിയാല്‍ മതിയാകും. 404.76 ഏക്കറില്‍ 231 ഏക്കര്‍ ഭൂമി കടലെടുത്തുപോയി. ജനം താമസിക്കുന്നത് രണ്ട് വില്ലേജുകളിലായി 111.5 ഏക്കറേയുള്ളൂ. ബാക്കി 62 ഏക്കര്‍ ചിറയാണ്- അദ്ദേഹം പറഞ്ഞു.

കമ്മീഷനെതിരെ മുഖ്യമന്ത്രിക്ക് പരാതി
കൊച്ചി മന്ത്രിസഭ ചര്‍ച്ച ചെയ്യും മുമ്പ് മുനമ്പം കമ്മീഷന്‍ റിപോര്‍ട്ടിലെ ശിപാര്‍ശയിലെ ഉള്ളടക്കം വെളിപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്.

സര്‍ക്കാറിന്റെ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ രഹസ്യ സ്വഭാവമുള്ളതാണ്. അത് മുഖ്യമന്ത്രിക്ക് ലഭിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത് നിയമസഭയുടെ മേശപ്പുറത്ത് വരുമ്പോഴാണ് പൊതുരേഖയായി മാറുന്നത്. ഈ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ശിപാര്‍ശയുടെ ചില ഭാഗങ്ങള്‍ കമ്മീഷന്‍ വെളിപ്പെടുത്തി.

റിപോര്‍ട്ട് ഏത് തീയതിയിലാണ് സര്‍ക്കാറിന് സമര്‍പ്പിക്കുകയെന്ന വിവരം മാത്രമേ കമ്മീഷന് വെളിപ്പെടുത്താന്‍ അവകാശമുള്ളൂ. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.