Source :- SIRAJLIVE NEWS

ന്യൂയോര്‍ക്ക്|മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. കാന്‍സര്‍ എല്ലുകളിലേക്കും പടര്‍ന്നതായി ബൈഡന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഫിലാഡല്‍ഫിയയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ബൈഡനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. അതിവേഗത്തില്‍ പടരുന്ന ഗ്രേഡ് ഗ്രൂപ് 5 വിഭാഗത്തില്‍പ്പെട്ട പ്രോസ്റ്റെറ്റ് കാന്‍സറാണിത്. രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ 10-ല്‍ ഒന്‍പതാണ് അദ്ദേഹത്തിന്റേത്.

അതേസമയം രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. വലിയ വേദനയോടെയാണ് താനും മെലാനിയയും ബൈഡന്റെ രോഗവിവരം കേട്ടതെന്നും എത്രയും വേഗം സുഖം പ്രാപിച്ച് ബൈഡന്‍ ഊര്‍ജത്തോടെ തിരിച്ചുവരട്ടെയെന്നും യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രതികരിച്ചു. ജോ ഒരു പോരാളിയാണെന്നും രോഗത്തേയും അതേ ശക്തിയോടെയും ആത്മവിശ്വാസത്തോടെയും അദ്ദേഹം നേരിടുമെന്നും കമലാ ഹാരിസ് എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.