Source :- SIRAJLIVE NEWS

കൊച്ചി | മോദി സര്‍ക്കാറിന്റെ വഖ്ഫ് ഭേദഗതി ബില്ലിനെ പാര്‍ലിമെന്റില്‍ അനുകൂലിക്കുമെന്ന് ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ കോട്ടയം എം പിയും കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ് എം പി. മുനമ്പം ഭൂസമരത്തിന്റെ 100ാം ദിനത്തില്‍ ആക്റ്റ്സി (അസംബ്‌ളി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ്)ന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാപകല്‍ സമരത്തിന്റെ സമാപന പ്രസംഗത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ് യു ഡി എഫിന് വിരുദ്ധമായ നിലപാടെടുത്തത്.

കേന്ദ്ര വഖ്ഫ് നിയമത്തെ പാര്‍ലിമെന്റില്‍ പിന്തുണക്കും. ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീ പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖ്ഫ് നിയമത്തോട് നൂറ് ശതമാനം ഞാന്‍ യോജിക്കുന്നു. എന്റെയും എന്റെ പാര്‍ട്ടിയുടെയും സുവ്യക്തമായ നിലപാട് അതാണ്. പാര്‍ലിമെന്റില്‍ ബില്‍ വരുമ്പോള്‍ ആ നിലപാട് ഞങ്ങള്‍ വ്യക്തമാക്കിയിരിക്കും. പിന്തുണച്ചിരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആണയിട്ട് പറഞ്ഞു.

വഖ്ഫ് നിയമത്തിലെ വകുപ്പുകളോട് യോജിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരണത്തില്‍ നിന്ന് പിന്നോട്ടുപോകരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.