Source :- SIRAJLIVE NEWS

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരായി നടക്കുന്ന സൈബര്‍ ആക്രമണം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണ്. അപകടകരമായ യുദ്ധോത്സുകതയുടെയും അതിതീവ്ര ദേശീയതയുടെയും പ്രകടനങ്ങളാണ് അവ. സംഘര്‍ഷവിരാമത്തിന് ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയതിന് പിറകേയാണ് മിസ്രിയെ സൈബര്‍ ഗുണ്ടകള്‍ ലക്ഷ്യമിട്ടു തുടങ്ങിയത്. യുദ്ധം ഒഴിവാക്കിയത് ശരിയായില്ലെന്നതാണ് ഇവരുടെ പ്രശ്‌നമെങ്കില്‍ ഇവര്‍ ആക്ഷേപിക്കേണ്ടത് പ്രധാനമന്ത്രിയെയോ പ്രതിരോധ മന്ത്രിയെയോ ഒക്കെ ആയിരുന്നുവല്ലോ. വിക്രം മിസ്രിയെ അധിക്ഷേപിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? യുദ്ധം ഒഴിവായതില്‍ ആശ്വസിക്കുന്നതിന് പകരം അത് പ്രഖ്യാപിക്കാന്‍ രാജ്യം നിയോഗിച്ചയാളെ ആക്രമിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരടക്കമുള്ളവര്‍ വ്യാജ ദേശസ്‌നേഹികളാണെന്നേ പറയാനുള്ളൂ.

വിക്രം മിസ്രിയെ രാജ്യദ്രോഹി, ഒറ്റുകാരന്‍ എന്നൊക്കെ അധിക്ഷേപിക്കുന്ന ട്രോള്‍ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടില്‍ നിറഞ്ഞത്. അദ്ദേഹത്തിന്റെ മകളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ളവ പരസ്യപ്പെടുത്തി അവരെയും ആക്രമിക്കുന്നുണ്ട് സൈബര്‍ ഗുണ്ടകള്‍. അഭിഭാഷകയായ അവര്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളാണത്രേ ഈ സംഘ് കൂട്ടങ്ങളെ ചൊടിപ്പിച്ചത്. അധിക്ഷേപം അസഹ്യമായതോടെ മിസ്രിക്ക് തന്റെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നു. പ്രതിപക്ഷ നിരയിലെ ഉന്നതരും ഐ എ എസ്, ഐ പി എസ് ഉദ്യോസ്ഥരുടെ അസ്സോസിയേഷന്‍ അടക്കമുള്ള കൂട്ടായ്മകളും മിസ്രിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയെന്നത് ആശ്വാസകരമാണ്. അപ്പോഴും ഭരണപക്ഷത്ത് നിന്നാരും മിണ്ടിയിട്ടില്ല. കേന്ദ്ര സര്‍ക്കാറും കുറ്റകരമായ മൗനം പാലിച്ചു.

ഇന്ത്യക്കും പാകിസ്താനുമിടയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥക്ക് വിരാമം കുറിച്ചതില്‍ രാജ്യത്താകെ ആശ്വാസവും ആഹ്ലാദവും പ്രകടമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. പാക് പ്രകോപനം ഏത് നിമിഷവുമുണ്ടാകാമെന്നതിനാല്‍ സൈന്യം അങ്ങേയറ്റം ജാഗ്രത പാലിക്കുന്നുണ്ട്. ഏത് സാഹചര്യവും നേരിടാനും മുന്നോട്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാര്‍തലത്തില്‍ ഗൗരവപൂര്‍ണമായ കൂടിയാലോചനകള്‍ നടക്കുകയും ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളും പൗരസമൂഹമാകെയും സര്‍ക്കാറിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പൂര്‍ണ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ വഴുതാതെ നോക്കിയതില്‍ സര്‍ക്കാറിനെ അഭിനന്ദിക്കുന്നവരാണ് എല്ലാവരും. ഓപറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കാന്‍ സൈന്യത്തിന് സാധിച്ചുവെന്ന വിലയിരുത്തലാണ് ജനങ്ങള്‍ക്കുള്ളത്. കൃത്യവും ആനുപാതികവുമായ പ്രതികരണമായിരുന്നു അത്. ഭീകരതക്കെതിരായ ഇന്ത്യയുടെ പ്രഖ്യാപിത നയം ഉയര്‍ത്തിപ്പിടിക്കുന്ന ആ സൈനിക നീക്കം അന്താരാഷ്ട്രതലത്തില്‍ തന്നെ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതുമായിരുന്നു. തുടര്‍ന്ന് രാജ്യത്തിന് നേരെ പ്രകോപനപരമായ ആക്രമണങ്ങളിലേക്ക് നീങ്ങുന്ന പാകിസ്താനെയാണ് കണ്ടത്. ഇതോടെ കറാച്ചിയിലും ഇസ്‌ലാമാബാദിലും ലാഹോറിലും വരെ ഇന്ത്യന്‍ ആയുധങ്ങള്‍ തീതുപ്പി. പ്രകോപനത്തിനും വെല്ലുവിളിക്കും കുത്തിത്തിരിപ്പിനും ഭീകരതയുടെ കയറ്റുമതിക്കും ശ്രമിച്ചാല്‍ തിരിച്ചടി താങ്ങാനാകാത്തതായിരിക്കുമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ പാകിസ്താനെപ്പോലെ നിലവിട്ട് പെരുമാറാനോ ആണവ ഭീഷണി മുഴക്കാനോ ഇന്ത്യ തയ്യാറായില്ല. രാജ്യത്തിന്റെ ഉന്നതമായ ദേശീയ പാരമ്പര്യവും ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള നേതാക്കള്‍ രൂപപ്പെടുത്തിയ സംയമന വിദേശനയവും ബലികഴിക്കാന്‍ തീവ്ര വലതുപക്ഷ ഉള്ളടക്കം ഏറെയുള്ള നിലവിലെ സര്‍ക്കാറിന് പോലും സാധിക്കുമായിരുന്നില്ല. സംഘര്‍ഷ വ്യാപനത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന നയം തുടക്കത്തിലേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ സമാധാന ചര്‍ച്ചയില്‍ പങ്കാളികളാകുകയും പാകിസ്താനുമായി സംഘര്‍ഷവിരാമത്തിന് ധാരണയിലെത്തുകയും ചെയ്യുക വഴി ഇന്ത്യ അതിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ആ നീക്കം ഒരു കീഴടങ്ങലായോ ദൗര്‍ബല്യമായോ നേര്‍ബുദ്ധിയുള്ള ഒരാളും കാണുന്നില്ല. എന്നാല്‍ ഇതൊന്നും മനസ്സിലാകാത്ത അമിതാവേശക്കാരാണ് മിസ്രിക്കെതിരെ തിരിയുന്നത്. ഇതേ കൂട്ടര്‍ തന്നെയാണ് ആരതിക്കും ഹിമാന്‍ശി നര്‍വാളിനുമെതിരെ വാളെടുത്തത്. പഹല്‍ഗാം ആക്രമണത്തിന്റെ മറവില്‍ മുസ്‌ലിം വിദ്വേഷം പടര്‍ത്തരുതെന്ന് പറഞ്ഞതാണ്, ഭീകരാക്രമണത്തില്‍ പിതാവിനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട ഈ വനിതകള്‍ ചെയ്ത “കുറ്റം’.
എന്നാല്‍, ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷവിരാമത്തിലെത്തിയത് താന്‍ ഇടപെട്ടിട്ടാണെന്ന് അവകാശവാദം നടത്തിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറിച്ച് ഈ യുദ്ധവെറിയന്മാര്‍ക്ക് ഒന്നും പറയാനില്ല. സൈനിക നടപടി നിര്‍ത്തിവെക്കാന്‍ ധാരണയായ വിവരം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പ്രഖ്യാപിക്കും മുമ്പ് ക്രെഡിറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയ ട്രംപും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇന്ത്യയെയും പാകിസ്താനെയും അപമാനിക്കുകയല്ലേ ചെയ്തത്. വ്യാപാര ബന്ധം തുടരണമെങ്കില്‍ ആക്രമണം നിര്‍ത്തിയേ തീരൂ എന്ന് ട്രംപ് ശഠിച്ചുവത്രേ. അതാണത്രേ യുദ്ധവിരാമത്തിന് കാരണമായത്. ട്രംപ് ഇടപെട്ടില്ലെന്ന് പറയുകയല്ലാതെ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ട്രംപിന്റെ അവകാശവാദത്തില്‍ കഴമ്പുണ്ടെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണ്. കശ്മീര്‍ അടക്കമുള്ള തര്‍ക്കങ്ങളില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടാണ് പൊളിയുന്നത്. അതുകൊണ്ട് പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം വിളിച്ച് കൃത്യമായി വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മിസ്രിക്കെതിരായ സൈബര്‍ ആക്രമണത്തെ തള്ളിപ്പറയുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം.