Source :- SIRAJLIVE NEWS

തെലങ്കാനയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സഹോദരങ്ങളടക്കം അഞ്ച് പേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചുവെന്ന വാര്‍ത്ത, സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി നടത്തുന്ന സാഹസികതയും അവയുടെ ദാരുണമായ പ്രത്യാഘാതങ്ങളും ഒരിക്കല്‍ കൂടി ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. അതിസാഹസികതകളും വൈറല്‍ ത്വരയും കണ്ടന്റ് തേടിയുള്ള എടുത്തുചാട്ടങ്ങളും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നു. അവ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കേണ്ട യുവാക്കളും കൗമാരക്കാരും ഒറ്റ വീഡിയോ ഷൂട്ട് കൊണ്ട് ഒടുങ്ങിപ്പോകുന്നത് എത്ര ഭീകരമായ കാര്യമാണ്. അവരുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ലല്ലോ അവരെ നഷ്ടപ്പെടുന്നത്. സമൂഹത്തിനാകെയാണല്ലോ. തെലങ്കാനയിലെ സിദ്ദിപേട്ട് കൊണ്ടപൊച്ചമ്മ സാഗര്‍ ഡാമില്‍ ശനിയാഴ്ച വൈകിട്ടോടെ മുങ്ങിമരിച്ചവരുടെ പ്രായം 17നും 20നും ഇടയിലാണ്. ശനിയാഴ്ച രാവിലെയാണ് മൂന്ന് ഇരുചക്ര വാഹനങ്ങളിലായി ഏഴംഗ സംഘം യാത്ര തിരിച്ചത്. ആദ്യം കരയിലിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച സംഘം പിന്നീട് ജലാശയത്തിലിറങ്ങുകയായിരുന്നു. പിന്നാലെ റീല്‍സ് ചിത്രീകരിക്കാനായി കൂടുതല്‍ ആഴമുള്ള ഭാഗത്തേക്ക് നീങ്ങി. ഇതോടെ കയത്തിലകപ്പെട്ടു. ആദ്യം മുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറയുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേര്‍ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരടക്കം സ്ഥലത്തെത്തി വൈകിട്ട് ഏഴോടെ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
സംഘത്തിലെ ആര്‍ക്കും നീന്തല്‍ വശമില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നിട്ടും ജലാശയത്തില്‍ ഇറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത് റീല്‍സ് ഷൂട്ടിംഗിലെ കൗതുകവും അതിനോടുള്ള അഭിനിവേശവുമാണെന്ന് വ്യക്തം. “ക്രേസി’ എന്ന് വിളിച്ച് നാം ആഘോഷിക്കുന്ന ഈ സ്വഭാവം ജീവനെടുക്കുന്നതിലേക്ക് നയിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. സര്‍ഗാത്മകത മാറിനില്‍ക്കുകയും സാഹസികത മുന്നിട്ടു നില്‍ക്കുകയും ചെയ്യുമ്പോഴാണ് റീല്‍സ് നിര്‍മാണം അപകടകരമാകുന്നത്. ബഹുനില കെട്ടിടത്തിന് മുകളില്‍ ഒരാള്‍ കമിഴ്ന്നു കിടക്കുക. അയാളുടെ കൈയില്‍ തൂങ്ങിയാടി പെണ്‍കുട്ടി. മറ്റൊരാള്‍ അത് ഷൂട്ട് ചെയ്യുക. പിടിവിട്ട് പെണ്‍കുട്ടി താഴേക്ക്. ആനക്ക് മുമ്പില്‍, ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുമ്പില്‍, കാടുകളില്‍, മലഞ്ചെരുവുകളില്‍, പാറക്കൂട്ടങ്ങളില്‍, വെള്ളച്ചാട്ടങ്ങളില്‍, പണിതീരാത്ത കെട്ടിടങ്ങളില്‍, ദുരന്തമുഖങ്ങളില്‍ എല്ലാം അതിസാഹസിക റീല്‍സ് ചിത്രീകരണം തകൃതിയായി നടക്കുന്നു. വലിയ നിയമലംഘനങ്ങളാണ് നടക്കുക. ഇവയില്‍ പലതും വന്‍ അപകടങ്ങള്‍ വരുത്തിവെക്കുന്നു. ചിലര്‍ അത്ഭുതകരമായി രക്ഷപ്പെടുന്നു.

കഴിഞ്ഞ മാസമാണ് കോഴിക്കോട്ട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചത്. റോഡ് സുരക്ഷാ നിയമലംഘനങ്ങളുണ്ടെങ്കിലും വെറും വൈറല്‍ത്വരയുടെ ഭാഗമായിരുന്നില്ല എന്ന ഒരു വ്യത്യാസമുണ്ടായിരുന്നു കോഴിക്കോട് സംഭവത്തിന്. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ വൈദഗ്ധ്യമുള്ളയാളാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് ബീച്ചില്‍ വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു യുവാവ്. ഈ വാഹനവ്യൂഹത്തില്‍പ്പെട്ട കാറിടിച്ചാണ് യുവാവിന്റെ ദാരുണാന്ത്യം. ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ പരസ്യചിത്രത്തിന് വേണ്ടിയായിരുന്നുവത്രെ ഷൂട്ടിംഗ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, റോഡിലെ റീല്‍സ് ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കുകയുണ്ടായി. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സാമൂഹിക മാധ്യമത്തില്‍ ലൈക്കുകള്‍ക്കായി അപകടകരമായ രീതിയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് വര്‍ധിച്ചുവരികയാണ്. കര്‍ശനമായ നിയമ നടപടിയിലൂടെ ഇതിന് തടയിടണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

ഇന്‍സ്റ്റയടക്കമുള്ള പുതിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ചെറു വീഡിയോകളാണ് താരം. ഇത്തരം കുഞ്ഞന്‍ വീഡിയോകള്‍ക്ക് പിറകെയാണ് നവ തലമുറ. ഇത്തരം വീഡിയോ കണ്ടന്റുകള്‍ സൃഷ്ടിക്കുന്നതിലും മുന്നില്‍ ഈ തലമുറക്കാര്‍ തന്നെ. എന്നാല്‍ റീലുകള്‍ ട്രെന്‍ഡായതോടെ എല്ലാ പ്രായത്തില്‍പ്പെട്ടവരും തങ്ങളുടെ ഭാവനക്കനുസരിച്ച് പലതരം വിഷയങ്ങള്‍ കണ്ടെത്തി ചിത്രീകരണത്തിനിറങ്ങിയിരിക്കുന്നു. ചില റീലുകളില്‍ കുടുംബം ഒന്നാകെയിറങ്ങുന്നു. നല്ലൊരു ശതമാനം റീലുകളും ദ്വയാര്‍ഥ പ്രയോഗങ്ങളും അശ്ലീലങ്ങളും കുത്തിനിറച്ചവയാണ്. മറ്റു ചിലവ വില കുറഞ്ഞ തമാശകളാണ്. പ്രചോദനാത്മക വീഡിയോകള്‍ എന്ന പേരിലും കുറേ റീലുകളിറങ്ങുന്നു. റീലുകളെ അടച്ചാക്ഷേപിക്കാനാകില്ല. സദുദ്ദേശ്യപരമായി, പ്രതിഭയുടെ കൈയൊപ്പുള്ളവയും ഇറങ്ങുന്നുണ്ട്. പ്രഭാഷണ ശകലങ്ങളും കവിതാ ഭാഗങ്ങളും ജീവിത വിജയങ്ങളും ദൈന്യങ്ങളുമെല്ലാം അടങ്ങിയ റീലുകളുമുണ്ട്.

വൈറലാകണമെന്ന അടങ്ങാത്ത ആഗ്രഹം ആവേശിക്കുമ്പോഴാണ് നിലവിട്ട ചിത്രീകരണത്തിലേക്ക് കാര്യങ്ങള്‍ കൂപ്പുകുത്തുന്നത്, അപ്പോഴാണ് തെലങ്കാനയില്‍ കണ്ടത് പോലെ നീന്തലറിയാത്തവര്‍ കയത്തിലേക്ക് ഇറങ്ങുന്നത്. അവബോധത്തില്‍ മാറ്റം വരുത്തിക്കൊണ്ട് മാത്രമേ ഇതിന് പരിഹാരം കാണാനാകൂ. നിയമപരമായ നിയന്ത്രണങ്ങളും വേണം. സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗം സൃഷ്ടിച്ച പലതരം ദൂഷ്യങ്ങളിലൊന്നായി അപകടകരമായ റീല്‍ ചിത്രീകരണത്തെയും കാണേണ്ടിയിരിക്കുന്നു. വൈറല്‍ വീഡിയോകള്‍ വിനോദ വാര്‍ത്തകളില്‍ ആഘോഷിക്കുന്ന മാധ്യമങ്ങളും ഈ കൊലക്കുറ്റത്തില്‍ പ്രതികളാണ്. ലൈക്കിനും ഷെയറിനും വേണ്ടി മരിക്കാനും തയ്യാറാകുന്ന മനുഷ്യര്‍ വല്ലാത്തൊരു രോഗത്തിലാണ് അകപ്പെട്ടു പോയിരിക്കുന്നത്. സാമൂഹിക ബോധവത്കരണത്തിലൂടെ അവരെ മോചിപ്പിക്കേണ്ടിയിരിക്കുന്നു.