Source :- SIRAJLIVE NEWS
കോഴിക്കോട് | കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങുന്ന ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം ‘വണ്‍ ടൈം, വണ്‍ ലൈഫ്: ദി ഇന്‍ക്രെഡിബിള്‍ സ്റ്റോറി ഓഫ് ഷെയ്ഖ് അബൂബക്കര്‍ അഹ്മദ്, ദി ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ’ പ്രീ പബ്ലിക്കേഷന്‍ ഓഫറുകളോടെ സ്വന്തമാക്കാനുള്ള അവസരം നാളെ (ജൂണ്‍ 10, ബുധന്‍) അവസാനിക്കും.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍. പതിനഞ്ച് അധ്യായങ്ങളിലായി കാന്തപുരത്തിന്റെ ജീവിതവും സന്ദേശവും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥത്തിന്റെ രചയിതാവ് സംരംഭകനും സാമൂഹികപ്രവര്‍ത്തകനുമായ സലാം കോളിക്കല്‍ ആണ്. പ്രമുഖ ചരിത്രകാരനും അക്കാദമിക ബുദ്ധിജീവിയുമായ ഡോ. അനില്‍ സേഥിയാണ് പുസ്തകത്തിന്റെ ആമുഖ പഠനം എഴുതിയത്.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് ‘വണ്‍ ടൈം, വണ്‍ ലൈഫ്’ വായനക്കാരുടെ കൈകളിലെത്തുന്നത്. കാന്തപുരത്തിന്റെ അന്തര്‍ദേശീയ ഇടപെടലുകള്‍, ജീവിത ദൗത്യം, നേതൃപാടവം, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക സംഭാവനകള്‍ എന്നിവ ആഴത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ജീവിതത്തിലെ അപൂര്‍വ കഥകള്‍ കൂടി വിശദമായി വിവരിക്കുന്നു. മതസൗഹാര്‍ദവും മനുഷ്യസ്‌നേഹവും ഉയര്‍ത്തിപ്പിടിച്ച് കാന്തപുരം നടത്തിയ മുന്നേറ്റങ്ങളും സമഗ്രമായി പുസ്തകത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. യാസര്‍ അറഫാത്ത്, ഷബീര്‍ എം കെ, ഡോ. അഹമ്മദ് ജുനൈദ് എന്‍ പി, ആദില ഹുസൈന്‍ എന്നിവര്‍ പുസ്തകത്തിന്റെ സഹരചയിതാക്കളാണ്. ജൂണ്‍ അവസാന വാരം ബെംഗളൂരുവില്‍ ഔദ്യോഗിക പ്രകാശനം നടക്കും.
699 രൂപയുടെ പുസ്തകം പ്രീ പബ്ലിക്കേഷന്‍ ഓഫറില്‍ 500 രൂപക്ക് ലഭിക്കും. ഒപ്പം, സ്‌പെഷ്യല്‍ ഡിസൈനിലുള്ള ടോട്ട് ബാഗും സൗജന്യമായി ബുക്ക് ചെയ്തവരുടെ മേല്‍വിലാസത്തില്‍ എത്തും. ഇന്ത്യയില്‍ എവിടെയും പോസ്റ്റേജ് സൗജന്യമാണ്. ജൂലൈ ആദ്യവാരം മുതല്‍ പുസ്തകം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലഭ്യമാകും. രചയിതാവിന്റെ ഒപ്പോട് കൂടിയ കോപ്പികളാണ് ഈ ഓഫറില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. പുസ്തകം ലഭിക്കാനായി +919072447706 എന്ന നമ്പറില്‍ ബന്ധപ്പെടാം.







