Source :- SIRAJLIVE NEWS

കൊല്ലം | ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചെന്നു കരുതിയ വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മരിച്ച കാവനാട് മീനത്തുചേരി സ്വദേശി സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തിപ്രഭയ്ക്കാണ് തലച്ചോറിലെ രക്തസ്രാവം സ്ഥിരീകരിച്ചത്. മരിച്ചത് ബ്രെയിന്‍ ഹെമറേജ് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം ഇതു തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം പുറത്തുവരേണ്ടതുണ്ട്.

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചതിന് പിന്നാലെയാണ് ദീപ്തിപ്രഭയ്ക്ക് അവശത നേരിട്ടതെന്ന് കുടുംബം പറഞ്ഞിരുന്നു.ഇതേ ഭക്ഷണം കഴിച്ച ദീപ്തിപ്രഭയുടെ ഭര്‍ത്താവിനും മകനും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയാണ് ദീപ്തിയുടെ മരണകാരണമെന്ന് സംശയം ഉയര്‍ന്നത്.

മരണകാരണം സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദീപ്തി കഴിഞ്ഞ ദിവസം വൈകിട്ടാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവ ദിവസത്തിന് തലേന്ന് ഇവര്‍ ചൂരമീന്‍ കറിവച്ച് കഴിച്ചിരുന്നു. പിന്നാലെ ദീപ്തിയുടെ ഭര്‍ത്താവ് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും രാവിലെ മുതല്‍ ഛര്‍ദി തുടങ്ങി. ദീപ്തി പ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു പോയി. വൈകിട്ട് ഭര്‍ത്താവ് എത്തിയാണ് ബാങ്കില്‍ നിന്ന് ദീപ്തിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. വീട്ടിലെത്തിയ ഉടനെ ദീപ്തിപ്രഭയും ഛര്‍ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.