Source :- SIRAJLIVE NEWS
ഇന്ത്യ- പാക് ജനത മാത്രമല്ല, ആഗോള സമൂഹം ഒന്നടങ്കം ആശ്വാസത്തോടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം കേട്ടത്. ഇന്നലെ വൈകിട്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് അതിര്‍ത്തിയില്‍ ഇരുരാഷ്ട്രങ്ങളും സൈനിക നീക്കം അവസാനിപ്പിക്കാൻ തീരുമാനിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. കറാച്ചിയില്‍ പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറും ഇക്കാര്യം സ്ഥിരീകരിച്ചു. കര-നാവിക-വ്യോമ ആക്രമണങ്ങളെല്ലാം നിര്‍ത്താന്‍ രണ്ട് രാഷ്ട്രങ്ങളും ധാരണയിലെത്തിയതായി ഇന്ത്യന്‍ സേനാ നായകന്‍ കമാന്‍ഡര്‍ രഘു ആര്‍ നായരും വെളിപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ തീരുമാനം പുറത്തുവന്ന് ഏറെ കഴിയുന്നതിനു മുമ്പേ പാകിസ്താന്‍ അത് ലംഘിച്ചതായും അറിയുന്നു. ശ്രീനഗര്‍, അഖ്‌നൂര്‍, രജൗരി, ബാരാമുല്ല, പൊഖ്‌റാന്‍ തുടങ്ങി ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പാകിസ്താന്‍ പിന്നെയും ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് വാര്‍ത്ത. ഇന്നലെ രാത്രി സ്‌ഫോടന ശബ്ദം കേട്ടതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചു.
അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധമായതെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റുബിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് തങ്ങള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍ (ഡി ജി എം ഒ)തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായതെന്നുംവിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം വെടിനിര്‍ത്തല്‍ തീരുമാനം ഡല്‍ഹിയും കറാച്ചിയും പ്രഖ്യാപിക്കുന്നതിനു മുമ്പേ അമേരിക്ക ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.
പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് മേയ് ഏഴിന് പുലര്‍ച്ചെയാണ് ഇന്ത്യ പാക് അധീന കശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം തുടങ്ങിയത്. ഇതിനു പിന്നാലെ അതിര്‍ത്തി ഗ്രാമങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി പാകിസ്താന്‍ വ്യോമാക്രണം നടത്തിയതോടെ ഇന്ത്യ പാക് സൈനിക കേന്ദ്രങ്ങളെയും കടന്നാക്രമിച്ചു. തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പാകിസ്താന്‍ മിസൈലുകള്‍ അയച്ചത്.
കൊടും ക്രൂരതയാണ് പഹല്‍ഗാമില്‍ തീവ്രവാദികള്‍ നടത്തിയതെന്നതില്‍ സംശയമില്ല. നിരപരാധികളായ വിനോദ സഞ്ചാരികളെയാണ് അവര്‍ നിഷ്ഠുരമായി വധിച്ചത്. പാക് ചാര സംഘടനയുടെ സഹായത്തോടെയാണ് തീവ്രവാദി ആക്രമണമെന്ന് തെളിവു ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു. ഇതടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നൊരു ഷോക് ട്രീറ്റ്‌മെന്റ് അനിവാര്യമാണ്. അതാണ് ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നിര്‍വഹിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെ മാറ്റിനിര്‍ത്തി തീവ്രവാദി കേന്ദ്രങ്ങളെയാണ് തുടക്കത്തില്‍ ഇന്ത്യന്‍ സേന ലക്ഷ്യം വെച്ചത്.
കാര്യങ്ങള്‍ അവിടം കൊണ്ടവസാനിപ്പിക്കാനായിരുന്നു പാക് ഭരണകൂടത്തിന്റെ തീരുമാനമെങ്കിലും ഭരണകൂടത്തെ അനുസരിക്കുന്നവരല്ല അവിടുത്തെ സൈന്യം. എല്ലാത്തിനും മേലെ തങ്ങളാണെന്ന് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന പാക് സേന മറുപടി നല്‍കാന്‍ തുനിഞ്ഞപ്പോള്‍ ഇന്ത്യക്ക് നിലപാട് കടുപ്പിക്കേണ്ടി വന്നു. തുടര്‍ന്നാണ് നിയന്ത്രണ രേഖകള്‍ക്കപ്പുറത്തെ ലോഞ്ച് പാഡുകള്‍ ഉള്‍പ്പെടെ തകര്‍ക്കാന്‍ ഇന്ത്യ തുനിഞ്ഞത്. ലോഞ്ച് പാഡുകളില്‍ നിന്നാണ് പാക് സൈന്യം ഇന്ത്യക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നത്. മേയ് എട്ടിനും ഒമ്പതിനും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതും ലോഞ്ച് പാഡുകളില്‍ നിന്നായിരുന്നു. മേയ് ഒമ്പതിനു നടത്തിയ പ്രത്യാക്രമണത്തില്‍ ഇന്ത്യ ഇവ ചാരമാക്കി. ലോഞ്ച് പാഡുകളുടെ തകര്‍ച്ച മാത്രമല്ല, സാമ്പത്തികമായും രാഷ്ട്രീയമായും പാകിസ്താന് വലിയ നഷ്ടം വരുത്തിയിട്ടുണ്ട് ഇന്ത്യയുടെ തിരിച്ചടി. സോഷ്യല്‍ മീഡിയയിലൂടെ പാകിസ്താന്റെ സാമ്പത്തികകാര്യ വിഭാഗം ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി.
കശ്മീരുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും പാകിസ്താനുമായി ഏഴര പതിറ്റാണ്ടിലേറെയായി തര്‍ക്കം നിലനില്‍ക്കുന്നത്. സൈനിക നടപടികള്‍ കൊണ്ടല്ല, ഉഭയകക്ഷി ചര്‍ച്ചയിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. ഇല്ലെങ്കില്‍ അതിന്റെ നഷ്ടവും പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുന്നത് രാജ്യവും ജനങ്ങളുമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വിശിഷ്യാ കശ്മീര്‍ താഴ്്വരയിലെ ജനങ്ങള്‍ കനത്ത ഭയപ്പാടിലും ആശങ്കയിലുമാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. ഒരുഭാഗത്ത് തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചുള്ള ഭീതി. മറുഭാഗത്ത് തീവ്രവാദികളെന്നു സംശയിച്ച് സൈന്യം നിരപരാധികളെ വേട്ടയാടുന്ന ഭരണകൂട ഭീകരത. കശ്മീര്‍ ഉള്‍പ്പെടെ അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വത പരിഹാരമായെങ്കിലേ ഈ ജനവിഭാഗത്തിന് സ്വസ്ഥമായി അന്തിയുറങ്ങാവുന്ന സ്ഥിതിവിശേഷം കൈവരികയുള്ളൂ. തീവ്രവാദവും ഭീകരവാദവും ഇന്ത്യയും പാകിസ്താനും മാത്രം അനുഭവിക്കുന്നതല്ല, ആഗോള പ്രശ്‌നമാണ്. അമേരിക്കയുള്‍പ്പെടെ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളെല്ലാം ഇത് നേരിടുന്നുണ്ട്.
കാലങ്ങളായി ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്തിവരുന്ന സമാധാന ചര്‍ച്ചകള്‍ തുടരാനുള്ള നീക്കങ്ങളാണ് ആവശ്യം. നാളെ ഡി ജി എം ഒ തലത്തിലുള്ള രണ്ടാംവട്ട ചര്‍ച്ചക്ക് തീരുമാനമായതാണ്. ഈ ചര്‍ച്ച തുടരുകയും അത് നയതന്ത്രതലത്തിലേക്കു നീങ്ങാന്‍ ഇരുരാഷ്ട്ര നേതൃത്വവും വിശാല മനസ്‌കത പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതോടൊപ്പം സിന്ധുനദി കരാര്‍ മരവിപ്പിച്ചതുള്‍പ്പെടെ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന നടപടികളില്‍ പുനഃപരിശോധനയും ആവശ്യമാണ്.