Source :- SIRAJLIVE NEWS

ഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കരുതെന്ന് സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കശ്മീര്‍ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാര്‍ സാഹു, വിക്കി കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹര്‍ജി പിന്‍വലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി നല്‍കിയവര്‍ തന്നെ ഹര്‍ജി പിന്‍വലിച്ചു.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.