Source :- SIRAJLIVE NEWS
ഗസ്സ | ഗസ്സാ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ സ്വാതന്ത്ര്യത്തിന്റെ രുചി നുണയാൻ കാത്ത് ആയിരത്തിലധികം ഫലസ്തീൻ തടവുകാർ. വിചാരണയില്ലാതെ, യാതൊരു കുറ്റവും ചുമത്തപ്പെടാതെ വർഷങ്ങളായി നിരവധി ഫലസ്തീനികളാണ് ഇസ്‌റാഈൽ തടവറകളിൽ കഴിയുന്നത്. ഇവരെല്ലാം വൈകാതെ മോചിതരായി സ്വന്തം മണ്ണിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. ഘട്ടംഘട്ടമായി എത്ര തടവുകാരെയാണ് ഇസ്‌റാഈൽ മോചിപ്പിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കില്ല എന്നാണ് വിവരം. 110 ഫലസ്തീനികളെയാണ് ഇസ്‌റാഈൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
ഇന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 95 ഫലസ്തീനികളെയാണ് മോചിപ്പിക്കുക. ഇവരുടെ പേരുവിവരങ്ങൾ ഇസ്‌റാഈൽ നീതിന്യായ മന്ത്രാലയം പുറത്തുവിട്ടു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ പ്രവർത്തിക്കുന്ന പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ നേതാവ് ഖാലിദ ജർറാറും ഇന്ന് മോചിതരാകുന്നവരുടെ പട്ടികയിലുണ്ടെന്ന് ഇസ്‌റാഈൽ ആർമി റേഡിയോ റിപോർട്ട് ചെയ്തു.
എന്നാൽ ഫലസ്തീൻ ഗ്രൂപ്പായ ഫതഹിന്റെ നേതാവ് മർവാൻ ബർഗൂത്തിയെ മോചിപ്പിക്കില്ലെന്നാണ് ഇസ്‌റാഈൽ അധികൃതർ വ്യക്തമാക്കിയത്. ദീർഘകാലമായി അദ്ദേഹം തടവിൽ കഴിയുകയാണ്.
2001ൽ ഇസ്‌റാഈൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി റിഹാവാം സീഈവിയെ വധിക്കാൻ ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ നേതാവ് അഹ്്മദ് സാദാത്ത് ആണ് മറ്റൊരു ഹൈ പ്രൊഫൈൽ തടവുകാരൻ. ഇദ്ദേഹത്തിന് മേൽ കൊലപാതകക്കുറ്റം ചുമത്താൻ മതിയായ തെളിവുകളില്ലെന്ന് ഇസ്‌റാഈൽ കോടതി തന്നെ വ്യക്തമാക്കിയിട്ടും അഹ്്മദ് സാദാത്തിന്റെ മോചനം ഏത് ഘട്ടത്തിലാണ് ഉണ്ടാകുകയെന്നും വ്യക്തമല്ല.
കഴിഞ്ഞ 15 മാസത്തെ ഗസ്സാ അധിനിവേശത്തിൽ ഇസ്‌റാഈൽ സൈന്യം തടവിലാക്കിയ ഫലസ്തീനികളെ കൂടാതെ 10,400 ഫലസ്തീനികൾ ഇസ്‌റാഈൽ ജയിലുകളിലുണ്ടെന്ന് മുൻ ഫലസ്തീൻ തടവുകാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഫലസ്തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റി അറിയിച്ചു.
ഹമാസും ഇസ്‌റാഈലും തമ്മിലുള്ള കരാറിന്റെ ഭാഗമായി മൂന്ന് ഘട്ടമായി ആയിരത്തിലധികം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണം. വ്യവസ്ഥകൾ അനുസരിച്ച് ഇസ്‌റാഈൽ മോചിപ്പിക്കുന്ന ഫലസ്തീനികളുടെ എണ്ണത്തിന് ആനുപാതികമായാണ് ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുക. 33 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്.