Source :- SIRAJLIVE NEWS

കൊച്ചി|നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാഹുല്‍ കോടതിയെ സമീപിച്ചത്.

എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. മോശം പരാമര്‍ശങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ അപമാനിച്ചുവെന്നാരോപിച്ചാണ് പരാതി. മാധ്യമ ചര്‍ച്ചകളിലൂടെ ഹണി റോസിനെ അപമാനിച്ചുവെന്ന് കാട്ടി തൃശൂര്‍ സ്വദേശിയും രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.