Source :- SIRAJLIVE NEWS

കൊച്ചി |  ഹിജാബ് ധരിച്ചതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പി ടി എ പ്രസിഡന്റും തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ജോഷി കൈതവളപ്പില്‍ പരാജയപ്പെട്ടു. 170 വോട്ട് മാത്രം നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ജോഷി കൈതവളപ്പില്‍ . ഇവിടെ സി പി എമ്മിന്റെ വി എ ശ്രീജിത്താണ് വിജയിച്ചത്. 2438 വോട്ട് വി എ ശ്രീജിത്ത് നേടിയപ്പോള്‍, 1677 വോട്ട് നേടി കോണ്‍ഗ്രസിന്റെ എന്‍ ആര്‍ ശ്രീകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് 194 വോട്ടോടെ വിനീഷ് വിശ്വംഭരനാണ്.

എന്‍ ഡി എ ഘടകകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി ( എറണാകുളം ജില്ല പ്രസിഡന്റാണ് ജോഷി. ഹിജാബിനെ ചൊല്ലി സ്‌കൂള്‍ പ്രിന്‍സിപ്പലും പി ടി എ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പി ടി എ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു.