Source :- SIRAJLIVE NEWS
തിരുവനന്തപുരം| നൂറു ദിവസം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെട്ടു. പദ്ധതി നടപ്പിലാക്കിയതുമൂലം പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ഇതര സര്‍വീസുകളിലും പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജൂണ്‍ 15നാണ് യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനറി ബസ്സുകളിലെ സൗജന്യ യാത്ര ആരംഭിക്കുന്നത്.
പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനമായ ഇന്ന് കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സര്‍വീസ്, ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ് വെയര്‍, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും.
വൈകീട്ട് 7.30ന് തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ്, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സര്‍വീസിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കുന്നത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ് വെയര്‍, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ലക്ഷദ്വീപ് ആദ്യ യാത്രയ്ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാര്‍ക്കും ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാര്‍ക്കും യൂണിറ്റുകള്‍ക്കും മന്ത്രി പുരസ്‌കാരം സമ്മാനിക്കുമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ അറിയിച്ചു. പുതിയ സോഫ്റ്റ്വെയര്‍ നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് സമാനമായി കെഎസ്ആര്‍ടിസി ടിക്കറ്റ് റിസര്‍വേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏര്‍പ്പെടുത്തുന്നതാണ് പുതുതായി ഏര്‍പ്പെടുത്തുന്ന മറ്റൊരു സംവിധാനം.
ചടങ്ങില്‍ തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഹരികുമാര്‍ അധ്യക്ഷനാകും. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കര്‍, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ നൂറാംദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോണ്‍ തമ്പാനൂര്‍ ഡിപ്പോയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്യും. സ്ത്രീകളുടെ യാത്രാ ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്, സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി യാത്രാ പദ്ധതി ആരംഭിച്ചത്.
Content Highlights:
The UDF government’s Priyadarshini scheme offering free KSRTC ordinary bus travel for women has completed 100 days with over 12 crore trips. Marking the milestone, Transport Minister C P John will launch new Lakshadweep and Hyderabad tourism packages along with an online booking software today.




