Source :- SIRAJLIVE NEWS
അബുദാബി | പ്രതിസന്ധികളെ അതിജീവിക്കുന്ന യുഎഇയുടെ കരുത്തിനും പുരോഗതിക്കും ആദരമേകി തലസ്ഥാനത്ത് ആയിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നിച്ചുചേര്‍ന്ന് തീര്‍ത്തത് കൂറ്റന്‍ പൂക്കളം. അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ (ബിഎംസി) ഒരുക്കിയ 250 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പൂക്കളം ഇത്തവണത്തെ ഓണാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണമായി മാറി.
35 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് 20 മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ഈ വിസ്മയം പൂര്‍ത്തിയാക്കിയത്. നെഞ്ചില്‍ കൈവച്ച് അഭിവാദ്യം ചെയ്യുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചിത്രമാണ് പൂക്കളത്തിന്റെ മുഖ്യ ആകര്‍ഷണം. ബിഎംസിയിലെ മലയാളി നഴ്സുമാര്‍, അഡ്മിന്‍ ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കളത്തിന് ആശയമേകിയത്.
മുന്നോട്ട് നയിച്ച ‘ആ വാക്കുകള്‍’
‘യുഎഇ ശക്തവും കരുത്തുറ്റതുമാണ്, പ്രതിസന്ധികളെ അതിജീവിച്ച് രാജ്യം കൂടുതല്‍ കരുത്തോടെ ഉയര്‍ന്നുവരും’ എന്ന യുഎഇ പ്രസിഡന്റിന്റെ വാക്കുകളില്‍ നിന്നാണ് ഇത്തവണത്തെ പൂക്കളത്തിന്റെ ആശയം ഉടലെടുത്തത്. രാജ്യത്തിന് മുഴുവന്‍ പ്രത്യാശയും ആത്മവിശ്വാസവും നല്‍കിയ ഈ വാക്കുകള്‍ തന്നെയാണ് പൂക്കളത്തിന്റെ പ്രമേയവും.
പരമ്പരാഗത ഒട്ടകയാത്രയില്‍ തുടങ്ങി ആധുനിക ഇത്തിഹാദ് റെയിലില്‍ എത്തിനില്‍ക്കുന്ന യുഎഇയുടെ വികസനക്കുതിപ്പ് പൂക്കളത്തില്‍ അതിമനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. പാരമ്പര്യത്തില്‍ നിന്ന് ഭാവിയിലേക്കുള്ള പ്രയാണവും മികച്ച കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവുമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.
ബിഎംസിയുടെ നടുമുറ്റത്തുള്ള സാന്‍ഡ് പെന്‍ഡുലം കാലത്തിന്റെയും തുടര്‍ച്ചയുടെയും ചിഹ്നമായി ഈ പൂക്കളത്തിന് മധ്യത്തില്‍ നിലകൊള്ളുന്നു. പരസ്പരമുള്ള കരുതലിന്റെയും ഒത്തുചേരലിന്റെയും സന്ദേശം പകരുന്ന ഓണവും, പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുന്ന യുഎഇയുടെ മനോഭാവവും തമ്മിലുള്ള പൊരുത്തമാണ് ആരോഗ്യപ്രവര്‍ത്തകര്‍ വരച്ചുകാട്ടുന്നത്.
നേതൃത്വത്തിലും പരസ്പരമുള്ള വിശ്വാസത്തിലുമാണ് നമ്മുടെ കരുത്തെന്നും യുഎഇ കൈവരിച്ച പുരോഗതിയാണ് പൂക്കളം പ്രതിനിധീകരിക്കുന്നതെന്നും എമിറാത്തി പൗരയും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി അസിസ്റ്റന്റ് നഴ്സിംഗ് ഡയറക്ടറുമായ അമീറ അല്‍ കത്തേരി പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് മുന്നേറുന്ന യുഎഇയുടെ മനോഭാവത്തിനുള്ള സമര്‍പ്പണമാണ് ഈ പൂക്കളമെന്ന് ബിഎംസി സിഇഒ ഡോ. മുജ്തബ അലി ഖാന്‍ വ്യക്തമാക്കി.
പൂക്കളത്തിന് ചുറ്റും തിരുവാതിരയും ഓണക്കളികളുമായി ആരോഗ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. യുഎഇ ആരോഗ്യമേഖലയിലെ ഓണാഘോഷങ്ങളിലെ മുഖ്യ ആകര്‍ഷണമാണ് ഓരോ വര്‍ഷവും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ പ്രമേയമാക്കി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒരുക്കുന്ന പൂക്കളം.
Content Highlights: Healthcare workers at Abu Dhabi’s Burjeel Medical City created a 250 sq m Pookkalam honoring UAE President Sheikh Mohamed bin Zayed. Over 1,000 staff from 35 countries spent 20 hours crafting the design, which depicts the nation’s journey from camel caravans to modern Etihad Rail transit.



