Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

2005ലെ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ 21 പൊലീസുകാർ ഉൾപ്പെടെ 22 പേരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതി പരിഗണിക്കും. സൊഹ്‌റാബുദ്ദീൻ ഷെയ്ഖിന്റെ സഹോദരൻ റുബാബുദ്ദീൻ ഷെയ്ഖ് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് സിബിഐക്കും 22 കുറ്റവിമുക്തർക്കും നോട്ടീസ് അയച്ചത്.
വിചാരണയ്ക്കിടെ 210 സാക്ഷികളിൽ 92 പേർ കൂറുമാറിയതിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. 92 സാക്ഷികൾ കൂറുമാറിയത് ഗൗരവമുള്ള വിഷയമാണെന്നും വിചാരണ നീതിയുക്തവും ന്യായവുമായിരുന്നോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി നിരീക്ഷിച്ചു. കേസിന്റെ മുഴുവൻ രേഖകളും വിളിച്ചുവരുത്തില്ലെന്നും, നിർണായകമെന്ന് തോന്നുന്ന മൂന്ന്–നാല് സാക്ഷികളുടെ മൊഴികൾ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
അതേസമയം, കേസിൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ കുറ്റവിമുക്തനാക്കിയ നടപടിയെ ഇപ്പോഴത്തെ അപ്പീലിൽ സുപ്രീംകോടതി പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി. 22 പ്രതികളുടെ കുറ്റവിമുക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കോടതി പരിശോധിക്കുക.
2018 ഡിസംബറിൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി കേസിലെ 22 പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സൊഹ്‌റാബുദ്ദീന്റെ സഹോദരന്മാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2026 മേയ് 7ന് ഹൈക്കോടതി പ്രത്യേക സിബിഐ കോടതിയുടെ വിധി ശരിവെച്ച് അപ്പീലുകൾ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ എത്തിയത്.
സൊഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർ ബി., സഹായി തുളസീറാം പ്രജാപതി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രോസിക്യൂഷൻ വാദപ്രകാരം 2005 നവംബറിൽ ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുന്നതിനിടെ സൊഹ്‌റാബുദ്ദീനും കൗസർ ബിയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. നവംബർ 26ന് സൊഹ്‌റാബുദ്ദീൻ കൊല്ലപ്പെട്ടതായും മൂന്ന് ദിവസത്തിന് ശേഷം കൗസർ ബി. കൊല്ലപ്പെട്ടതായുമാണ് കേസ്. 2006ൽ ഗുജറാത്ത്–രാജസ്ഥാൻ അതിർത്തിയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിലാണ് പ്രജാപതി കൊല്ലപ്പെട്ടത്.
കേസിൽ 210 സാക്ഷികളെ വിസ്തരിച്ചപ്പോൾ 92 പേർ പ്രോസിക്യൂഷൻ വാദത്തെ പിന്തുണയ്ക്കാതെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് കുറ്റങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രത്യേക സിബിഐ കോടതിയുടെ കണ്ടെത്തൽ. ബോംബെ ഹൈക്കോടതിയും ഈ കണ്ടെത്തലുകൾ ശരിവെച്ചിരുന്നു.

