Source :- ANWESHANAM NEWS

തൃശൂർ: എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. പടവരാട് സ്വദേശി പ്രവീൺ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്നും 40 ​ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഐഡിഎഫ്സി ബാങ്കിലെ കളക്ഷൻ ഏരിയ മാനേജരാണ് പ്രവീൺ. ബാങ്ക് ജോലിയുടെ മറവിലാണ് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

പ്രവീണിൽ നിന്നും എംഡിഎംഎ വാങ്ങി ഉപയോഗിച്ചവരിൽ ചിലർ നേരത്തെ എക്സൈസിന്റെ പിടിയിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് നെല്ലങ്കര സ്വദേശി അഖിലിനെ രണ്ട് ഗ്രാം എംഡിഎംഐയുമായി പിടികൂടുന്നത്. അഖിലിനെ ചോദ്യം ചെയ്തതിൽ നിന്നും കൂർക്കഞ്ചേരി ഐഡിഎഫ്സി ബാങ്കിലെ ഏരിയ കളക്ഷൻ മാനേജർ പ്രവീൺ ആണ് ഇവർക്ക് എംഡി എം എ വിൽപ്പന നടത്തുന്നതെന്ന് എക്സൈസ് സംഘം കണ്ടെത്തി. തുടർന്ന് കൂർക്കഞ്ചേരിയിൽ എത്തി ബാങ്കിന് സമീപത്ത് വച്ച് പ്രവീണിനെ പിടികൂടുകയായിരുന്നു.

പ്രതിയുടെ സ്കൂട്ടറിനുള്ളിൽ നിരവധി പാക്കറ്റുകളിൽ ആക്കി വില്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ബാങ്ക് ജോലിയുടെ മറവിൽ ആണ് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. ബാങ്കിന് സമീപത്തെത്തുന്ന ആവശ്യക്കാർക്ക് സ്കൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള എംഡിഎംഎ വിതരണം ചെയ്യുകയാണ് പ്രതിയുടെ രീതി. പ്രവീൺ നേരിട്ടാണ് ബം​ഗളൂരുവിൽ നിന്നും എംഡിഎംഎ തൃശൂരിൽ എത്തിച്ചു വിൽപ്പന നടത്തിയിരുന്നത്.

തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുധീർ കെ കെ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മധ്യമേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം എ മുജീബ് റഹ്മാൻ, എഇഐ ഗ്രേഡ് അനന്തൻ, പി ഒ നിസാം, പിഒ ഗ്രേഡ് സിജോ മോൻ പിഒ ഗ്രേഡ് ലത്തീഫ്, പിഒ ഗ്രേഡ് ബിജു, സിഇഒ ബിനീഷ് ഡ്യൂസിഇഒ ഷീജ. ഡ്രൈവർ ഷൈജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

STORY HIGHLIGHT: bank employee arrested with mdma