Source :- SIRAJLIVE NEWS
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ ഡി)ന്റെ വിശ്വാസ്യത അടിക്കടി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയിരിക്കുന്നു ഇ ഡിയെന്ന ആരോപണം വ്യാപകം. ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇമ്മട്ടിലാണ് ഇ ഡിയുടെ പ്രവര്‍ത്തനവും. സുപ്രീം കോടതിയില്‍ നിന്ന് ഇ ഡി നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇ ഡി ശീലമാക്കിയിരിക്കുന്നുവെന്നും നിരവധി കേസുകളില്‍ ഈ പ്രവണത ബോധ്യമായെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തിയത് രണ്ടാഴ്ച മുമ്പാണ്. ഛത്തീസ്ഗഢിലെ മദ്യഅഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച്, ഇ ഡി കള്ളക്കേസുകള്‍ ചുമത്തുന്നതായി നിരീക്ഷിച്ചത്.
അതിനിടെ ‘വേലിതന്നെ വിള തിന്നുന്നു’ എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി, കൈക്കൂലിക്കേസിലും അകപ്പെട്ടു കൊണ്ടിരിക്കുന്നു കള്ളപ്പണവും അഴിമതിയും കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഇ ഡി ഉദ്യോഗസ്ഥര്‍. കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങുന്ന കേസില്‍ പ്രമുഖ ഇ ഡി ഉദ്യോഗസ്ഥര്‍ പിടിയിലാകുന്നത് കേരളത്തില്‍ ആദ്യമാണെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ഉദ്യോഗസ്ഥര്‍ പലപ്പോഴും പിടിയിലായിട്ടുണ്ട്. ഇ ഡി ഷിംല യൂനിറ്റ് അസ്സി. ഡയറക്ടര്‍ വിശാല്‍ദീപ്, മുംബൈ യൂനിറ്റ് അസ്സി. ഡയറക്ടര്‍ സന്ദീപ് സിംഗ് യാദവ്, ഇംഫാല്‍ യൂനിറ്റിലെ സബ്സോണല്‍ ഓഫീസ് ഉദ്യോഗസ്ഥന് നവല്‍ കിഷോര്മീണ, ബെംഗളൂരുവിലെ ഇ ഡി ഉദ്യോഗസ്ഥന് ചന്നകേശവലു എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.
സ്കോളര്‍ഷിപ്പ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള കേസ് ഒഴിവാക്കാന്‍ 60 ലക്ഷം രൂപയാണ് ഇ ഡി ഷിംല യൂനിറ്റ് അസ്സി. ഡയറക്ടര്‍ വിശാല്‍ദീപ് കൈക്കൂലി ആവശ്യപ്പെട്ടത്. മുംബൈയിലെ വി എസ് ഗോള്‍ഡ് കമ്പനിയിലെ റെയ്ഡില്‍ കണ്ടെത്തിയ സമ്പത്തിക ക്രമക്കേടുകളില്‍ കേസ് ഒഴിവാക്കാന്‍ 25 ലക്ഷം രൂപയാണ് മുംബൈ യൂനിറ്റ് അസ്സി. ഡയറക്ടര്‍ സന്ദീപ് സിംഗ് യാദവ് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ജ്വല്ലറി ഉടമയുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിട്ടി കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇംഫാലിലെ ഇ ഡി ഉദ്യോഗസ്ഥന് നവല്‍ കിഷോര്മീണ പിടിയിലായത്. ബെംഗളൂരുവിലെ ഹോട്ടല്‍ മുതലാളിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ചന്നകേശവലുവിനെ സി ബി ഐ പൊക്കിയത്.
കേരളമുള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇ ഡി ചുറ്റിക്കറങ്ങുന്നത്. സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന്, കുരുവന്നൂര് ബേങ്ക് തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസ,് വിവാദമായ എമ്പുരാന് സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന് കേസ് എന്നിങ്ങനെ നീളുന്നു കേരളത്തില്‍ ഇ ഡി കൈകാര്യം ചെയ്യുന്ന കേസുകള്‍. ഇതില്‍ മിക്കതും രാഷ്ട്രീയ പ്രേരിതവും വ്യാജവുമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഭരണരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കാനും ബി ജെ പി ഇതര പാര്‍ട്ടി നേതാക്കളെ വേട്ടയാടാനും കെട്ടിച്ചമച്ചതാണ് കേസുകളിലേറെയുമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് കൈക്കൂലി കേസില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ നിരന്തരം പിടിയിലാകുന്ന സംഭവം. കേസുകളില്‍ നിന്ന് പ്രതികളെ രക്ഷപ്പെടുത്താന്‍ മാത്രമല്ല, നിരപരാധികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയും ഇ ഡി ഉദ്യോഗസ്ഥര്‍ പണം തട്ടുന്നുവെന്നാണ് ബെംഗളൂരുവിലെ ഇ ഡി ഉദ്യോഗസ്ഥന് ചന്നകേശവലുവിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഹോട്ടലിനെതിരെ യാതൊരു പരാതിയുമില്ലാതെയാണ് അവിടെ ചന്നകേശവലു റെയ്ഡ് നടത്തിയത്. തുടര്‍ന്ന് അനധികൃത പണമിടപാട് കണ്ടെത്തിയെന്നും രണ്ട് കോടി രൂപ തന്നാല്‍ കേസില്‍ നിന്നൊഴിവാക്കിത്തരാമെന്നും ഹോട്ടല്‍ ഉടമയെ അറിയിക്കുകയായിരുന്നു.
ബി ജെ പിയും എന്‍ ഡി എയിലെ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇ ഡിയുടെ സാന്നിധ്യം കുറവാണ്. കള്ളപ്പണ കേസുകളോ സാമ്പത്തിക ക്രമക്കേടുകളോ ഇല്ലാത്തതു കൊണ്ടല്ല, അത് കണ്ട ഭാവം നടിക്കാറില്ല ഇ ഡി ഉദ്യോഗസ്ഥര്‍. അഥവാ നിര്‍ബന്ധിതാവസ്ഥയില്‍ അന്വേഷിക്കേണ്ടി വന്നാല്‍ കേന്ദ്ര ഭരണ കക്ഷിയെ പ്രതികൂലമായി ബാധിക്കാത്ത വിധം കാര്യങ്ങള്‍ അവസാനിപ്പിക്കും. ഇതിന് മികച്ച ഉദാഹരണമാണ് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊടകര കുഴല്‍പ്പണ കേസ് സംബന്ധമായ ഇ ഡി അന്വേഷണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് കൊടകരയില്‍ നിന്ന് മൂന്നര കോടി കൊള്ളയടിച്ച കേസ് ഉയരുന്നത്. തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രചാരണത്തിനു വേണ്ടി കൊണ്ടുവന്ന കള്ളപ്പണമായിരുന്നു ഇതെന്ന് ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറിയടക്കം ബന്ധപ്പെട്ടവരുടെ മൊഴികളില്‍ നിന്ന് വ്യക്തമായതാണ്. എന്നാല്‍ അതിന്റെ രാഷ്ട്രീയമാനത്തെക്കുറിച്ച് മിണ്ടാതെ കേവലം ഒരു ഹൈവേ കൊള്ളയെന്ന മട്ടിലാണ് കേസ് അന്വേഷിച്ച ഇ ഡി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇപ്പോള്‍ കൈക്കൂലി കേസില്‍ അകപ്പെട്ട കൊച്ചി ഇ ഡി അസ്സി. ഡയറക്ടര്‍ ശേഖര്‍ കുമാറായിരുന്നു കൊടകര കുഴല്‍പ്പണ കേസ് അന്വേഷിച്ചതെന്നതും ശ്രദ്ധേയം.
യു പി എ സര്‍ക്കാറിന്റെ അഴിമതിയും കള്ളപ്പണവുമായിരുന്നു 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യപ്രചാരണ വിഷയം. വിദേശ ബേങ്കുകളില്‍ ഉള്‍പ്പെടെയുള്ള കള്ളപ്പണം പൂര്‍ണമായും തിരിച്ചെത്തിക്കുകയും അഴിമതി മുച്ചൂടും തുടച്ചുനീക്കി സംശുദ്ധ ഭരണം കാഴ്ചവെക്കുകയും ചെയ്യുമെന്ന വാഗ്ദാനവുമായാണ് മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അന്ന് അധികാരത്തിലേറിയത്. എന്നാല്‍ കള്ളപ്പണത്തിനും കൈക്കൂലിക്കും അറുതിവരുത്താന്‍ നിയുക്തരായ ഇ ഡി ഉദ്യോഗസ്ഥരാണ് ഒന്നിനു പിറകെ ഒന്നായി കൈക്കൂലി കേസില്‍ പിടിയിലാകുന്നത്. അന്വേഷണോദ്യോഗസ്ഥര്‍ വിശ്വസ്തരും സത്യസന്ധരുമായെങ്കിലേ അഴിമതി നിര്‍മാര്‍ജനം സാധ്യമാകൂ. ഒപ്പം കേന്ദ്ര ഭരണ കക്ഷിയുടെ കളിപ്പാവയാകാതെ, സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുകയും വേണം.