Source :- SIRAJLIVE NEWS
അബൂദബി | ചരിത്ര മുന്നേറ്റവുമായി യു എ ഇ സമ്പദ് വ്യവസ്ഥ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2025 ല്‍ യു എ ഇയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) 6.2 ശതമാനം വളര്‍ച്ചയോടെ 1.9 ട്രില്യണ്‍ ദിര്‍ഹത്തിലെത്തിയതായി ഫെഡറല്‍ കോംപറ്റിറ്റീവ്നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ പ്രഖ്യാപിച്ചു. ഈ മുന്നേറ്റത്തില്‍ എണ്ണയിതര ജി ഡി പി വലിയ പങ്കുവഹിച്ചു. 6.8 ശതമാനം വര്‍ധനയോടെ 1.5 ട്രില്യണ്‍ ദിര്‍ഹമാണ് എണ്ണയിതര മേഖലയില്‍ നിന്നുള്ള ജി ഡി പി രേഖപ്പെടുത്തിയത്.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങളിലും ദേശീയ സമ്പദ് വ്യവസ്ഥ മികച്ചതും അസാധാരണവുമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു.
നിരവധി പ്രധാന സാമ്പത്തിക മേഖലകള്‍ രാജ്യത്ത് ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 11.1 ശതമാനം വളര്‍ച്ചയോടെ നിര്‍മാണ മേഖലയാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ഇതിന് പുറമെ, സാമ്പത്തിക-ഇന്‍ഷ്വറന്‍സ് മേഖല 10.4 ശതമാനവും റിയല്‍ എസ്റ്റേറ്റ് മേഖല 7.9 ശതമാനവും ഗതാഗത-സംഭരണ മേഖല 7.8 ശതമാനവും വളര്‍ച്ച കൈവരിച്ചു.
കേവലം എണ്ണവരുമാനത്തെ മാത്രം ആശ്രയിക്കാതെ ദേശീയ സമ്പദ് വ്യവസ്ഥയുടെ ഉത്പാദന അടിത്തറ വൈവിധ്യവത്കരിക്കുന്നതിലും സുപ്രധാന മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും യു എ ഇ കൈവരിച്ച മികച്ച വിജയമാണ് പുതിയ കണക്കുകള്‍ എടുത്തുകാണിക്കുന്നത്.







