Source :- SIRAJLIVE NEWS

മക്ക |  ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷയും തത്സമയ ലൊക്കേഷന്‍ ട്രാക്കിങ്ങും ലക്ഷ്യമിട്ട് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഈ വര്‍ഷം നിര്‍ബന്ധമാക്കിയ ഹജ്ജ് സുവിധ സ്മാര്‍ട്ട് വാച്ച് പ്രായോഗിക തലത്തില്‍ പരാജയമായി. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ വലിയ പ്രതീക്ഷകളോടെയും പ്രഖ്യാപനങ്ങളോടെയും കൊണ്ടുവന്ന ഈ പദ്ധതി വിമാന നിരക്ക് വര്‍ധനവിന് പിന്നാലെ പ്രവാസികള്‍ക്കും മറ്റ് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കും അധിക സാമ്പത്തിക ബാധ്യതയും കടുത്ത നിരാശയുമാണ് സമ്മാനിച്ചത്.

1.2 ലക്ഷത്തിലധികം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കാണ് സ്മാര്‍ട്ട് വാച്ചുകള്‍ വിതരണം ചെയ്തത്. തീര്‍ഥാടകരുടെ തത്സമയ വിവരങ്ങള്‍ അറിയാനുള്ള ലൈവ് ട്രാക്കിങ്, അടിയന്തര ഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനുള്ള എസ് ഒ എസ് (അടിയന്തര സന്ദേശ സംവിധാനം), ഹൃദയമിടിപ്പ് ഉള്‍പ്പെടെയുള്ള ആരോഗ്യ വിവരങ്ങള്‍ നിരീക്ഷിക്കല്‍, ഖിബ്ല ദിശ അറിയാനുള്ള കോമ്പസ് തുടങ്ങിയ മികച്ച ഫീച്ചറുകളോടെയാണ് വാച്ച് രൂപകല്‍പ്പന ചെയ്തത്. വഴിതെറ്റുന്ന സാഹചര്യമുണ്ടായാല്‍ ഹജ്ജ് കമ്മിറ്റിയുടെ ശൃംഖല വഴി തീര്‍ഥാടകരെ വേഗത്തില്‍ കണ്ടെത്താമെന്നതായിരുന്നു ഇതിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ വാച്ചിന്റെ ചാര്‍ജ് വേഗത്തില്‍ തീരുന്നതായി തുടക്കം മുതല്‍ പരാതി ഉയര്‍ന്നിരുന്നു. ഹജ്ജിന്റെ പ്രധാന സംഗമ വേദികളായ മിന, അറഫ തുടങ്ങിയ ജനത്തിരക്കേറിയ പുണ്യസ്ഥലങ്ങളില്‍ എത്തിയതോടെ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി പൂര്‍ണമായി നഷ്ടപ്പെടുന്നതായി തീര്‍ഥാടകര്‍ പരാതിപ്പെട്ടു. സഊദി അറേബ്യയില്‍ എത്തിയ ശേഷമേ വാച്ച് പ്രവര്‍ത്തിപ്പിച്ചു തുടങ്ങാനാകൂ എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സാങ്കേതിക അപ്ഡേറ്റുകള്‍ ആവശ്യമായി വന്നതിനാല്‍ പകുതിയിലധികം ആളുകള്‍ക്ക് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പോലും സാധിച്ചിട്ടില്ല. സാധാരണക്കാരായ പല തീര്‍ഥാടകര്‍ക്കും ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലെന്നതും പ്രതിസന്ധിയായി മാറി.

തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി പാസ്പോര്‍ട്ട് സ്റ്റിക്കര്‍, ലഗേജ് ടാഗ് എന്നിവയോടൊപ്പമാണ് നിര്‍ബന്ധിത യാത്രാ ഉപാധിയായി ഈ വാച്ചും സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന വിതരണം ചെയ്തത്.
ഡല്‍ഹി ആസ്ഥാനമായുള്ള സെക്യോ ഇന്നൊവേഷന്‍സ് എന്ന കമ്പനിയാണ് ഹോങ്കോങ്, ചൈന, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ചിപ്സെറ്റുകളും സെന്‍സറുകളും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ ഈ വാച്ചുകള്‍ അസംബിള്‍ ചെയ്ത് നല്‍കിയത്. ഒരാള്‍ക്ക് നാല് ലക്ഷത്തിലധികം രൂപ ചിലവ് വരുന്ന ഹജ്ജ് പാക്കേജ് ഡിപ്പോസിറ്റില്‍ നിന്ന് 7,000 രൂപ വീതമാണ് ഹജ്ജ് കമ്മിറ്റി ഈ വാച്ചിനായി ഈടാക്കിയത് എന്നാണ് വ്യക്തമാവുന്നത്. യാത്ര തുടങ്ങുന്നതിന്റെ തൊട്ടുമുന്‍പ് 10,000 രൂപയുടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് കൂടി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാര്‍ക്ക് വന്നിരുന്നു. അതിനിടയിലാണ് യാതൊരു പ്രയോജനവുമില്ലാത്ത വാച്ചിനായി മൊത്തത്തില്‍ 84 കോടി രൂപയിലധികം ഹജ്ജ് കമ്മിറ്റി ചിലവഴിച്ചതും ഈ തുക തീര്‍ത്ഥാടകാരില്‍ നിന്ന് ഈടാക്കിയതും. ഇക്കാര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്നും ന്യായമായ സാമ്പത്തിക പരിഹാരം ഉണ്ടാക്കണമെന്നുമാണ് ഹജ്ജ് സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും തീര്‍ത്ഥാടകരും ആവശ്യപ്പെടുന്നത്