Source :- SIRAJLIVE NEWS

ഡോ. സുബൈര്‍ പി എം

ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) 2020ന്റെ ഭാഗമായി നടപ്പാക്കപ്പെടുന്ന പുതിയ ത്രിഭാഷാ ചട്ടക്കൂട് ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് വ്യാപകമായ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. നിലവിലെ ദ്വിഭാഷാ സംവിധാനത്തിന് പകരമായി, 2026 ജൂലൈ മുതല്‍ സി ബി എസ് ഇ സ്‌കൂളുകളില്‍ നടപ്പാക്കുന്ന പുതിയ ആര്‍ വണ്‍, ആര്‍ ടു, ആര്‍ ത്രീ ഭാഷാ ചട്ടക്കൂട് പ്രകാരം ഒമ്പതാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലെയും വിദ്യാര്‍ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കേണ്ടതുണ്ട്. അതില്‍ കുറഞ്ഞത് രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും വിവാദങ്ങള്‍ക്ക് ഇടയാക്കുന്നത്. ഈ വിവാദങ്ങളുടെ മൂലകാരണം ഇംഗ്ലീഷ് ഭാഷയെ മറ്റു വിദേശ ഭാഷകളോടു കൂടെ മൂന്നാം ഗണത്തില്‍ ഉള്‍പ്പെടുത്തിയെന്നതാണ്. ഇംഗ്ലീഷ് ഒരു വിദേശ ഭാഷയായി പരിഗണിക്കപ്പെടുമ്പോള്‍, മറ്റൊരു വിദേശ ഭാഷ പഠിക്കാനുള്ള അവസരം പ്രായോഗികമായി ഇല്ലാതാകുന്നു. ഇതിന്റെ ഫലമായി, വര്‍ഷങ്ങളായി സി ബി എസ് ഇ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിപ്പിച്ചിരുന്ന ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് തുടങ്ങിയ വിദേശ ഭാഷകള്‍ മുഖ്യധാരാ പാഠ്യപദ്ധതിയില്‍ നിന്ന് ക്രമേണ പുറത്താക്കപ്പെടുന്ന സാഹചര്യമാണുണ്ടാകുന്നത്.

സി ബി എസ് ഇയില്‍ ആറാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെ മൂന്ന്- ഭാഷാ ഫോര്‍മുല നിലവിലുണ്ടെങ്കിലും, ഇംഗ്ലീഷും ഒരു പ്രാദേശിക ഭാഷയും പഠിച്ച ശേഷം മൂന്നാമത്തെ ഭാഷയായി വിദേശഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഒമ്പതാം ക്ലാസിലും പത്താം ക്ലാസ്സിലും മൂന്നാമതായി ഒരു ഇന്ത്യന്‍ ഭാഷ നിര്‍ബന്ധമാക്കുന്നതോടെ, വിദ്യാര്‍ഥികള്‍ ഇതിനകം പഠിച്ചുകൊണ്ടിരിക്കുന്ന ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് തുടങ്ങിയ വിദേശ ഭാഷകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മറ്റൊരു ഇന്ത്യന്‍ ഭാഷ പഠിക്കേണ്ടി വരുന്ന സാഹചര്യം രൂപപ്പെടുന്നു. വിദേശഭാഷാ പഠനത്തിന്റെ തുടര്‍ച്ചയും വിദ്യാര്‍ഥികളുടെ ഭാഷാ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കണമെങ്കില്‍, മൂന്നാം ഭാഷ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞത് ഒരു ഭാഷയെങ്കിലും വിദേശ ഭാഷയായിരിക്കാനുള്ള അവസരം നിലനിര്‍ത്തുന്ന തരത്തില്‍ നിലവിലെ വ്യവസ്ഥകളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കേണ്ടതുണ്ട്.

ഇന്ത്യന്‍ ഭാഷകളുടെ സംരക്ഷണവും വികസനവും ഉറപ്പാക്കുക, ബഹുഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും, അതിന്റെ പ്രായോഗിക പ്രത്യാഘാതങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ചില ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. പ്രത്യേകിച്ച് ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് തുടങ്ങിയ അന്തര്‍ദേശീയ പ്രാധാന്യമുള്ള വിദേശ ഭാഷകളുടെ പഠന സാധ്യതകള്‍ ചുരുങ്ങിപ്പോകുന്നതാണ് ഏറ്റവും വലിയ ആശങ്ക.

ആഗോളവത്കരണ കാലത്ത് വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തുറക്കപ്പെട്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും തൊഴില്‍ അവസരങ്ങള്‍ക്കുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോകുന്ന സാഹചര്യത്തില്‍, വിദേശ ഭാഷാ പരിജ്ഞാനം ഒരു അധിക യോഗ്യതയല്ല, മറിച്ച് അനിവാര്യമായ കഴിവാണ്. ജര്‍മനിയിലെ സര്‍വകലാശാലകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മന്‍ ഭാഷയിലെ പ്രാവീണ്യം വലിയ നേട്ടമാണ്. ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്രഞ്ച് ഭാഷ സഹായകമാണ്. സ്പാനിഷ് ഭാഷ ലാറ്റിന്‍ അമേരിക്കയിലെയും യൂറോപ്പിലെയും വിപുലമായ തൊഴില്‍ വിപണികളിലേക്കുള്ള പ്രവേശന കവാടമാണ്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളുമായി കൂടുതല്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന് ഇത്തരം ഭാഷകളുടെ പ്രാധാന്യം അവഗണിക്കാനാകില്ല.

ഈ നയത്തിന്റെ മറ്റൊരു ഗുരുതരമായ പ്രത്യാഘാതം വിദേശ ഭാഷാ അധ്യാപകരുടെ തൊഴില്‍ സുരക്ഷയെയും ഭാവി തൊഴില്‍ സാധ്യതകളെയും ബാധിക്കുന്നതാണ്. വര്‍ഷങ്ങളായി ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് തുടങ്ങിയ ഭാഷകള്‍ പഠിപ്പിച്ചുവരുന്ന അധ്യാപകര്‍ ഇന്ന് തങ്ങളുടെ തൊഴില്‍ഭാവിയെക്കുറിച്ചുള്ള വലിയ അനിശ്ചിതത്വവും ആശങ്കയും നേരിടുകയാണ്. നിലവില്‍ ആറാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെ വിദേശ ഭാഷകള്‍ പഠിപ്പിക്കുന്ന അധ്യാപകരും ഈ മാറ്റത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും മൂന്നാം ഭാഷയായി ഒരു ഇന്ത്യന്‍ ഭാഷ നിര്‍ബന്ധമാക്കപ്പെടുമ്പോള്‍, വിദ്യാര്‍ഥികള്‍ക്ക് വിദേശഭാഷാ പഠനത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടും. സ്വാഭാവികമായും, ഒമ്പതാം ക്ലാസ്സില്‍ മറ്റൊരു ഇന്ത്യന്‍ ഭാഷയിലേക്ക് മാറേണ്ടിവരുമെന്ന് അറിയാവുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ആറാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെ മാത്രം പഠിക്കാന്‍ കഴിയുന്ന വിദേശ ഭാഷകള്‍ തിരഞ്ഞെടുക്കാന്‍ താത്പര്യം കാണിക്കില്ല. പകരം, പിന്നീട് തുടര്‍ന്നും പഠിക്കാനാകുന്ന ഇന്ത്യന്‍ ഭാഷകളെയായിരിക്കും അവര്‍ തിരഞ്ഞെടുക്കുക.

ഇതിന്റെ ഫലമായി, നിലവില്‍ ആറാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെ വിദേശ ഭാഷകള്‍ക്ക് ലഭിച്ചുവരുന്ന ഇടവും ക്രമേണ ഇല്ലാതാകാന്‍ സാധ്യതയുണ്ട്. കാലക്രമേണ സി ബി എസ് ഇ സ്‌കൂളുകളിലെ ഭാഷാപഠനം ഇംഗ്ലീഷിലും വിവിധ ഇന്ത്യന്‍ ഭാഷകളിലും മാത്രം ഒതുങ്ങുകയും ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് തുടങ്ങിയ വിദേശ ഭാഷകള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യാനുള്ള സാഹചര്യം രൂപപ്പെടാം. അതോടൊപ്പം, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അധ്യാപകരുടെ തൊഴില്‍സാധ്യതകളും ഗണ്യമായി ചുരുങ്ങും. ആഗോളവത്കരിക്കപ്പെട്ട ലോകത്തില്‍ ബഹുഭാഷാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും വിദേശ ഭാഷാ പഠനത്തിനുള്ള അവസരങ്ങള്‍ വിപുലീകരിക്കുകയും ചെയ്യേണ്ട സമയത്ത്, അവയുടെ വളര്‍ച്ചയെ പരിമിതപ്പെടുത്തുന്ന സമീപനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ രംഗത്തിനും തൊഴില്‍ മേഖലക്കും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്.

ഇന്ത്യന്‍ ഭാഷകളുടെ സംരക്ഷണവും പ്രോത്സാഹനവും തീര്‍ച്ചയായും അനിവാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളെ ശക്തിപ്പെടുത്തുന്നതിന് വിദേശ ഭാഷകളെ അവഗണിക്കേണ്ട സാഹചര്യമില്ല. ഇവ രണ്ടും പരസ്പര വിരുദ്ധമായ ലക്ഷ്യങ്ങളല്ല. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും വേരൂന്നിക്കൊണ്ട് ലോകവുമായി സംവദിക്കാന്‍ കഴിയുന്ന തലമുറയെ വളര്‍ത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാകേണ്ടത്.

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ ദേശീയ ഭാഷകളെ ശക്തമായി പ്രോത്സാഹിപ്പിക്കുമ്പോഴും വിദേശ ഭാഷാ പഠനത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. സ്വന്തം സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുന്നതിനൊപ്പം ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവര്‍ ശ്രദ്ധിക്കുന്നു. ഇന്ത്യക്കും സമാനമായ ഒരു സന്തുലിത സമീപനം സ്വീകരിക്കാനാകും. ആര്‍ വണ്‍, ആര്‍ ടു, ആര്‍ ത്രീ ഭാഷാ ചട്ടക്കൂടിലെ കുറഞ്ഞത് രണ്ട് ഭാഷകള്‍ ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്ന വ്യവസ്ഥയില്‍ അയവ് വരുത്തുകയും, സ്‌കൂളുകള്‍ക്കോ അതത് സംസ്ഥാനങ്ങള്‍ക്കോ ഈ വ്യവസ്ഥയില്‍ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നല്‍കുകയോ ചെയ്താല്‍, ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകും.

പുതിയ ത്രിഭാഷാ നയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: ഭാവിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയെ നാം എങ്ങനെയാണ് കാണുന്നത്? സ്വന്തം ഭാഷയും സംസ്‌കാരവും അറിയുന്ന, എന്നാല്‍ ലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത ഒരു വിദ്യാര്‍ഥിയായോ? അതോ സ്വന്തം വേരുകളില്‍ ഉറച്ചുനില്‍ക്കുകയും അതേസമയം ആഗോള അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുകയും ചെയ്യുന്ന ഒരു ആഗോള പൗരനായോ? വിദ്യാഭ്യാസ നയത്തിന്റെ വിജയവും പരാജയവും നിര്‍ണയിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമായിരിക്കും.

ഈ വിമര്‍ശനങ്ങള്‍ക്കിടയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നടത്തിയ വിശദീകരണവും ശ്രദ്ധേയമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് തുടങ്ങിയ വിദേശ ഭാഷകള്‍ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും നിര്‍ദേശിക്കില്ലന്നും, അത്തരം ഭാഷകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവ നാലാമത്തെ ഭാഷയായി പഠിക്കാമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഈ വാദം തന്നെ ഒരു അടിസ്ഥാന ചോദ്യത്തിലേക്ക് നയിക്കുന്നു. ഔദ്യോഗിക പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന ഒരു ഭാഷയെ ‘നാലാമത്തെ ഭാഷ’ എന്ന ഓപ്ഷനല്‍ സ്ഥാനത്തേക്ക് മാറ്റുന്നത് യഥാര്‍ഥത്തില്‍ അതിന്റെ പ്രാധാന്യം കുറയ്ക്കുന്നതല്ലേ? സ്‌കൂള്‍ സമയക്രമം, പരീക്ഷാ സംവിധാനം, അധ്യാപക നിയമനം, അക്കാദമിക അംഗീകാരം എന്നിവയൊക്കെ മൂന്നാം ഭാഷക്ക് ലഭിക്കുമ്പോള്‍, നാലാം ഭാഷ പലപ്പോഴും അനുബന്ധ പ്രവര്‍ത്തനമായി മാത്രം ചുരുങ്ങും. വളരെ നിര്‍ണായകമായ പത്താം തരം പരീക്ഷ അഭിമുഖീകരിക്കാനുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥി, ഒരു അനുബന്ധ ഭാഷ കൂടി പഠിക്കാന്‍ തയ്യാറാകും എന്ന് ചിന്തിക്കാനാകില്ല.

പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്ത് ഈ പശ്ചാത്തലത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. പുതിയ ത്രിഭാഷാ ചട്ടക്കൂട് മൂലം ഫ്രഞ്ച് ഭാഷയുടെ തുടര്‍ച്ച അപകടത്തിലാകുമെന്ന ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, പുതുച്ചേരിക്ക് ഫ്രഞ്ച് ഒരു സാധാരണ വിദേശ ഭാഷയല്ലെന്നും ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. ഫ്രഞ്ച് പൗരത്വമുള്ളവരും ഫ്രാന്‍സുമായി കുടുംബ-സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുന്നവരുമായ വലിയൊരു വിഭാഗം ജനങ്ങള്‍ പുതുച്ചേരിയിലുണ്ടെന്ന യാഥാര്‍ഥ്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. ഫ്രഞ്ചിനെ ആര്‍3 വിഭാഗത്തില്‍ പ്രത്യേക പരിഗണനയോടെ ഉള്‍പ്പെടുത്തുകയോ വിദ്യാര്‍ഥികള്‍ക്ക് തടസ്സമില്ലാതെ അത് പഠിക്കാന്‍ അവസരം നല്‍കുന്ന ഒരു ഫ്‌ളെക്‌സിബിള്‍ സംവിധാനം രൂപപ്പെടുത്തുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.

എന്‍ ഡി എ മുന്നണിയുടെ ഭാഗമായ ഒരു മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിക്കുന്നത് ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. പുതിയ ഭാഷാനയം പ്രായോഗിക തലത്തില്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിദേശ ഭാഷാ അധ്യാപകരുടെയോ മാത്രം ആശങ്കകളല്ലെന്നും, ഭരണകക്ഷിയുടെ ഭാഗമായ സംസ്ഥാന ഭരണകൂടങ്ങള്‍ക്കിടയിലും സമാനമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ ഭാഷകളുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതിനുവേണ്ടി ലോകഭാഷകളിലേക്കുള്ള വാതിലുകള്‍ അടയ്‌ക്കേണ്ട ആവശ്യമില്ല. ബഹുഭാഷാ പഠനം എന്നത് ഇന്ത്യന്‍ ഭാഷകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല; ലോകത്തെ മനസ്സിലാക്കാനുള്ള കൂടുതല്‍ ജനാലകള്‍ തുറക്കുക എന്നതും അതിന്റെ ലക്ഷ്യമാണ്. ഫ്രഞ്ചും ജര്‍മനും സ്പാനിഷും പോലുള്ള ഭാഷകളെ പഠിക്കാനുള്ള അവസരങ്ങള്‍ ചുരുക്കുന്ന സമീപനം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ ആഗോള മത്സരക്ഷമതയെ ബാധിക്കുമെന്ന ആശങ്ക തള്ളിക്കളയാനാകില്ല.

അടച്ചിട്ട അതിര്‍ത്തികള്‍ക്കുള്ളില്‍ അല്ല, പരസ്പരം സംവദിക്കുന്ന ഒരു തുറന്ന ലോകത്താണ് ഇന്നത്തെ കുട്ടികള്‍ വളരുകയും മത്സരിക്കുകയും ചെയ്യുന്നത്. അതിനാല്‍ ദേശീയ ഭാഷകളുടെ സംരക്ഷണവും ആഗോള ഭാഷകളിലേക്കുള്ള പ്രവേശനവും ഒരുപോലെ ഉറപ്പാക്കുന്ന ഒരു സമതുലിത ഭാഷാനയമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം.

(അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദേശഭാഷാ പഠന വിഭാഗത്തില്‍ ജര്‍മന്‍ ഭാഷാ അധ്യാപകനാണ് ലേഖകന്‍)