Source :- SIRAJLIVE NEWS

പത്തനംതിട്ട | കാലികളെ എത്തിക്കുന്നതിന് ചെലവേറിയതോടെ കേരളത്തില്‍ ഇറച്ചിക്കടകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. ഈ സാഹചര്യത്തില്‍ ഈമാസം ആറ്, ഏഴ് തിയ്യതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇറച്ചിക്കടകള്‍ അടച്ചിടുമെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവുമധികം മാട്ടിറച്ചി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. 15 ലക്ഷത്തിലധികം പേരുടെ സ്വയംതൊഴില്‍ മേഖല കൂടിയാണ് ഇറച്ചി വ്യാപാരം. കേരളത്തിനാവശ്യത്തിനുള്ള ഇറച്ചിക്കായി കാലികളെ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. ആന്ധ്രപ്രദേശ്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വൈകാരിക വിഷയങ്ങളുയര്‍ത്തി കാലികളുമായി വരുന്ന വാഹനങ്ങളെ തടയുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആന്ധ്രപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ആഴ്ച മാത്രം 500ലധികം കാലികള്‍ അനധികൃതമായി ജപ്തി ചെയ്യപ്പെട്ടു. കാലികളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നതാണ് നിലവിലെ നിയമം. എന്നാല്‍, ആന്ധ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. അതിര്‍ത്തി കടക്കാന്‍ ആന്ധ്രയിലും തമിഴ്‌നാട്ടിലുമടക്കം ഗുണ്ടാസംഘങ്ങള്‍ക്ക് പണംനല്‍കേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍.

ഗുണമുള്ള മാംസത്തിന്റെ വരവ് കുറഞ്ഞതോടെ വിലകുറഞ്ഞ ‘സുനാമി ഇറച്ചി’ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഭരിച്ച് വ്യാപകമായി വില്‍പന നടത്തുന്നതായും അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എം എ സലിം, സംസ്ഥാന സെക്രട്ടറി റോയ് തോമസ്, എം കെ അനില്‍, അന്‍വര്‍ മെഹബൂബ്, മുഹമ്മദ് നിഷാദ് എന്നിവര്‍ ആരോപിച്ചു.