Source :- SIRAJLIVE NEWS
കോടഞ്ചേരി | മര്‍കസ് ലോ കോളജ് എന്‍ എസ് എസ് യൂണിറ്റിന്റെയും വിദ്യാര്‍ഥി യൂണിയന്റെയും നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണത്തിലും ശുചിത്വ പരിപാലനത്തിലും ശ്രദ്ധേയമായ സേവനമനുഷ്ഠിക്കുന്ന ഹരിത കര്‍മ സേന പ്രവര്‍ത്തകരെ ആദരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ‘മരം കഥ പറയുന്നു’ പദ്ധതിയിലൂടെ മുന്‍ വര്‍ഷങ്ങളില്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങളുടെ വളര്‍ച്ചയും നിലവിലെ അവസ്ഥയും വിലയിരുത്തി. ‘ഗ്രീന്‍ സെല്‍ഫി’ ക്യാമ്പയിനിലൂടെ വിദ്യാര്‍ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കുവെച്ചു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘മിഷന്‍ നെറ്റ് സീറോ’ പദ്ധതി അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദ നയരൂപീകരണ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ‘ദി ഗ്രീന്‍ മാന്‍ഡേറ്റ്’ പദ്ധതിയും സംഘടിപ്പിച്ചു.
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും ഹരിത ഭാവി സൃഷ്ടിക്കുന്നതില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പരിപാടികള്‍ ലക്ഷ്യമാക്കുന്നത്.
ലോ കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഇബ്റാഹീം മുണ്ടക്കല്‍, വിദ്യാര്‍ഥി പ്രതിനിധി കെ വി ശ്രുതി പ്രസംഗിച്ചു. എന്‍ എസ് എസ് വോളണ്ടിയര്‍ സെക്രട്ടറി ജുമൈലത്ത് കാസര്‍കോട്, കോളജ് യൂണിയന്‍ ഭാരവാഹികളായ മുഹമ്മദ് റഹീസ്, സി ദീപ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് ലോ കോളജ് ഹരിത കര്‍മ സേനാ പ്രവര്‍ത്തകരെ ആദരിക്കുന്നു.







