Source :- SIRAJLIVE NEWS
ദുബൈ | യു എ ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വിതരണം കൂടുതല്‍ സുതാര്യമാക്കുന്നതിനും ശമ്പളം നല്‍കുന്നത് താമസിപ്പിക്കുന്നവര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കുന്നതിനുമായി ശമ്പള സംരക്ഷണ സംവിധാനത്തില്‍ (ഡബ്ല്യു പി എസ്) പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായി മാനവവിഭവശേഷി ഇമാറാത്തിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ പരിഷ്‌കാര പ്രകാരം സ്വകാര്യ കമ്പനികള്‍ ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസം ഒന്നാം തീയതിക്കുള്ളില്‍ തന്നെ വിതരണം ചെയ്യണം. ഒന്നാം തീയതിക്ക് ശേഷം നല്‍കുന്ന ശമ്പളങ്ങളെല്ലാം പുതിയ സംവിധാനത്തിന് കീഴില്‍ ‘വൈകിയ ശമ്പളമായി’ കണക്കാക്കും.
തൊഴിലുടമകള്‍ക്ക് പുതിയ രീതിയിലുള്ള ബാധ്യതകളോ സാമ്പത്തിക ഭാരങ്ങളോ വരുത്തിവെക്കാതെ, നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക മാത്രമാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ശമ്പള വിതരണത്തിലെ കൃത്യത ഉറപ്പുവരുത്താനും ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും പുതിയ നിയമം സഹായിക്കും. കൂടാതെ തൊഴില്‍ ബന്ധങ്ങളെയും ബിസിനസ് തുടര്‍ച്ചയെയും ബാധിക്കാത്ത രീതിയില്‍ അതോറിറ്റിക്ക് മുന്‍കൂട്ടി ഇടപെടാനും ഇത് വഴിയൊരുക്കും.
ശമ്പളം വൈകുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഘട്ടം ഘട്ടമായുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിക്കുക. ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം വഴി തൊഴിലുടമകള്‍ക്ക് ഔദ്യോഗിക അറിയിപ്പുകളും മുന്നറിയിപ്പുകളും നല്‍കും. നിയമപരമായ നടപടികളിലേക്ക് കടക്കുന്നതിനു മുമ്പ് കമ്പനികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും പ്രശ്നം പരിഹരിക്കാനും നിശ്ചിത സമയം അനുവദിക്കും. മുന്‍കൂട്ടിയുള്ള അനുസരണ ഉറപ്പാക്കാനും വിപണിയുടെ സ്ഥിരത നിലനിര്‍ത്താനുമാണ് ഈ സന്തുലിത സമീപനം.
പുതിയ ചട്ടപ്രകാരം ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആകെ ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ ബേങ്ക് വഴി കൈമാറിയാല്‍ ആ സ്ഥാപനത്തെ തത്കാലം നിയമം പാലിച്ചതായി കണക്കാക്കും. ബിസിനസ്സുകളുടെ പ്രവര്‍ത്തനപരമായ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ ഇളവ്. എന്നാല്‍ ഇത് തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കാനുള്ള അനുമതിയല്ലെന്നും ബാക്കി തുക വാങ്ങിയെടുക്കാന്‍ തൊഴിലാളികള്‍ക്ക് പൂര്‍ണ അവകാശമുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വലിയ തോതില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിര്‍മാണ മേഖല ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ശമ്പളം വൈകുന്നത് തൊഴില്‍ ബന്ധങ്ങളെ ബാധിക്കുന്നതിനാല്‍ ഇത്തരം മേഖലകളില്‍ അതോറിറ്റി പ്രത്യേക നിരീക്ഷണം നടത്തും. നിലവില്‍ പ്രതിമാസം 3,700 കോടിയിലധികം (37 ബില്യണ്‍) ദിര്‍ഹത്തിന്റെ ശമ്പള ഇടപാടുകളാണ് യു എ ഇയിലെ ഡബ്ല്യു പി എസ് സംവിധാനം വഴി സുരക്ഷിതമായി പ്രോസസ്സ് ചെയ്യുന്നത്.







