Source :- SIRAJLIVE NEWS

രാജ്യത്തെ ഹോട്ടൽ, ടൂറിസ്റ്റ് ഹോം വ്യവസായ മേഖലയിലെ സുരക്ഷാ വീഴ്ചയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഡൽഹി മാളവ്യ നഗറിലെ ദുരന്തം. ഡൽഹി ഹൗസ് റാണിയിൽ പ്രവർത്തിച്ചിരുന്ന “ഫ്ലറിഷ് സ്റ്റേ’ ഹോട്ടലിലെ അഗ്നിബാധയിൽ 21 പേർ മരിക്കാനിടയായത് കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലമാണെന്നാണ് പ്രാഥമികാന്വേഷണ റിപോർട്ട്. ആറ് മുറികൾക്ക് അനുമതിയുള്ള കെട്ടിടത്തിൽ 25ലധികം മുറികളാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന് അഗ്നിസുരക്ഷാ അനുമതി പത്രം ഉണ്ടായിരുന്നില്ല. അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗങ്ങളും പരിമിതമായിരുന്നു. ഒരേയൊരു പ്രവേശന മാർഗമായിരുന്നു കെട്ടിടത്തിനുണ്ടായിരുന്നത്.

അഗ്നിബാധയുണ്ടായാൽ പുകപോലും പുറത്തുപോകാൻ പറ്റാത്ത വിധം പൂർണമായും ഗ്ലാസ്സ് പാളികളാൽ മൂടിയതാണ് ഹോട്ടൽ സ്ഥിതി ചെയ്തിരുന്ന അഞ്ച് നില കെട്ടിടം. താഴെ നിലയിൽ തീപടർന്നതോടെ കെട്ടിടത്തിന്റെ ഒരേയൊരു ഗോവണിയിലും മുകളിലത്തെ നിലകളിലും പുക നിറഞ്ഞ് ശ്വാസം മുട്ടിയാണ് പലരും മരിച്ചത്. പുക പുറത്തുപോകാൻ മാർഗമില്ലാത്തതിനാൽ ഗോവണി, പുക മുകളിലേക്ക് ഉയരുന്ന ചിമ്മിനിക്കൂടായി മാറിയെന്നാണ് റിപോർട്ട്. അടിയന്തര “എക്‌സിറ്റ്’ പോലുമില്ലാത്ത ഇത്തരം മരണക്കെണികൾ രാജ്യത്തെ തലസ്ഥാന നഗരിയിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന ചോദ്യത്തിന് അധികൃതർ ഉത്തരം പറയേണ്ടതുണ്ട്.
ബുധനാഴ്ച രാവിലെയാണ് ഹോട്ടലിൽ അഗ്നിബാധയുണ്ടായത്. മരിച്ച 21 പേരിൽ ബഹുഭൂരിഭാഗവും നൈജീരിയ, ലൈബീരിയ, മൊസാംബിക്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ചികിത്സക്കായി എത്തിയവരാണെന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. രാജ്യത്തെ മെഡിക്കൽ ടൂറിസത്തെ ഇത് ബാധിക്കാനിടയുണ്ട്. ശ്രദ്ധേയമായ മുന്നേറ്റമാണ് രണ്ട് പതിറ്റാണ്ടിനിടെ മെഡിക്കൽ ടൂറിസത്തിൽ ഇന്ത്യ കൈവരിച്ചത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി പേരാണ് രോഗചികിത്സക്കും സുഖചികിത്സക്കുമായി ഇന്ത്യയിലെ കേന്ദ്രങ്ങളെ സമീപിക്കുന്നത്. ഏഷ്യയിലെ ഏറ്റവും മികച്ച മെഡിക്കൽ ഹബായി ഇന്ത്യയെ മാറ്റാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്.

എന്നാൽ ആശുപത്രികളുടെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല മെഡിക്കൽ ടൂറിസം. രോഗിയുടെയും ബന്ധുക്കളുടെയും താമസ- ഗതാഗത സൗകര്യം, ഭക്ഷണം, സുരക്ഷ തുടങ്ങിയ ഘടകങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണത്. രാജ്യത്ത് വിമാനത്തിൽ വന്നിറങ്ങുന്നത് മുതൽ തിരികെ പോകുന്നത് വരെയുള്ള സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ചികിത്സ എത്ര മികച്ചതാണെങ്കിലും താമസിക്കുന്ന ഹോട്ടലുകൾ സുരക്ഷിതമല്ലെങ്കിൽ, അഗ്നിബാധ മൂലം ശ്വാസംമുട്ടി മരിക്കാനിടയായാൽ മെഡിക്കൽ ടൂറിസം മേഖലയിലെ ഇന്ത്യയുടെ വിശ്വാസ്യത തകരാനിടയാക്കും. വിദേശ മാധ്യമങ്ങൾ ഈ വാർത്തക്ക് നൽകിയ പ്രാധാന്യം ഇന്ത്യ സുരക്ഷിതമല്ല എന്ന സന്ദേശമാണ് ലോകത്തിന്
നൽകുന്നത്.

ഡൽഹിയിലെ ഫ്ലറിഷ് സ്റ്റേ ഹോട്ടലിന്റെ മാത്രം അവസ്ഥയല്ല ഇത്. രാജ്യത്ത് പ്രവർത്തിക്കുന്ന നല്ലൊരു വിഭാഗം ഹോട്ടലുകളും ഹോംസ്റ്റേകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. കെട്ടിടനിർമാണ അനുമതിയോ, തദ്ദേശ സ്ഥാപനങ്ങളുടെ ശരിയായ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകളുണ്ട്. കെട്ടിടം പണിയുമ്പോൾ പേപ്പറിൽ മാത്രം അഗ്നിശമന സംവിധാനങ്ങൾ കാണിക്കുകയും ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ അവ റൂമുകളാക്കി മാറ്റുന്ന പ്രവണതയും കുറവല്ല. പല ഹോട്ടലുകളും സ്ഥിതി ചെയ്യുന്നത് ഫയർഫോഴ്‌സ് വണ്ടികൾ കടന്നുചെല്ലാൻ പറ്റാത്ത ഇടുങ്ങിയ ഗല്ലികളിലാണ്. ഇത്തരം സുരക്ഷാ വീഴ്ചകൾ കണ്ടെത്തി നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ സാമ്പത്തിക താത്പര്യാർഥം ഹോട്ടൽ ഉടമകളുമായി ഒത്തുകളിച്ച് ഒന്നും കണ്ടില്ലെന്ന് നടിക്കുന്നു. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് ഇവർ രംഗത്തുവരുന്നത്.

ദുരന്തം സംഭവിച്ച ഡൽഹി ഹോട്ടലിന്റെ ഉടമ ലവ്‌കേഷ് ബജാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടായില്ല, സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ കണ്ണടക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയമാക്കേണ്ടതുണ്ട്. ചികിത്സാവശ്യാർഥവും അല്ലാതെയും രാജ്യത്തെത്തുന്ന വിദേശികളുടെ സുരക്ഷിതത്വത്തിന് വ്യവസ്ഥാപിതമായ നടപടികളും കൈക്കൊള്ളേണ്ടതുണ്ട് ഭരണകൂടങ്ങൾ. ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകൾക്കും ഹോംസ്‌റ്റേകൾക്കും ടൂറിസ- ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത അക്രഡിറ്റേഷൻ കാർഡ് നിർബന്ധമാക്കണം. ഫയർഫോഴ്‌സിന്റെ കർശന പരിശോധനക്കു ശേഷമേ ഇത് നൽകാവൂ. വിദേശികൾക്ക് വിസ അനുവദിക്കുന്ന ഘട്ടത്തിൽ തന്നെ അവർക്ക് ബുക്ക് ചെയ്യാവുന്ന, സർക്കാർ അംഗീകൃതവും സുരക്ഷിതവുമായ താമസ സ്ഥലങ്ങളുടെ പട്ടിക ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോർട്ടൽ വിദേശ മന്ത്രാലയം തയ്യാറാക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന സംസ്‌കാരം വാണിജ്യരംഗത്ത് വളർന്നുവരാൻ അനുവദിച്ചു കൂടാ. നമ്മുടെ മെഡിക്കൽ സാങ്കേതിക വിദ്യയിൽ മാത്രം വിശ്വാസമർപ്പിച്ചല്ല വിദേശിയായ രോഗി ചികിത്സക്ക് ഇന്ത്യയെ തിരഞ്ഞെടുക്കുന്നത്. സുരക്ഷിതമായ താമസസൗകര്യമടക്കം ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെ കൂടി പരിഗണിച്ചു കൊണ്ടാണ്. അതേസമയം, ആശുപത്രിക്ക് പുറത്തുള്ള അന്തരീക്ഷം അത്ര സുരക്ഷിതമല്ലെന്ന് വിശ്വസിക്കാൻ നിർബന്ധിക്കുന്നതാണ് ഫ്ലറിഷ് സ്റ്റേ ഹോട്ടൽ ദുരന്തം. ഈ ഭയം പടർന്നാൽ നമ്മുടെ മെഡിക്കൽ ടൂറിസം മുരടിക്കും. ഈ കരിനിഴൽ നീങ്ങണമെങ്കിൽ കർശന നടപടികളും ഉത്തരവാദിത്വബോധവും അനിവര്യമാണ്.