Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറുടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തുന്നതിനായി പ്രതികളായ ദമ്പതികള്‍ പശ്ചിമ ബംഗാളില്‍ നിന്ന് ഏകദേശം 1,400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഡല്‍ഹിയില്‍ എത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേബോസ്മിത പോളിനെ കഴിഞ്ഞ ബുധനാഴ്ചയാണ് കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സത്യം അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവില്‍ ബംഗാളിലെ ബര്‍ധമാനില്‍ നിന്നാണ് പ്രതികളായ രാംപ്രസാദ് ദാസ്, ബന്ശ്രീ ദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം
പ്രതികളായ ദമ്പതികള്‍ കൊല്ലപ്പെട്ട ദേബോസ്മിതയെ കാണാനെന്ന വ്യാജേനയാണ് ഡല്‍ഹിയിലെത്തിയത്. അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ദേബോസ്മിത ഫ്ലാറ്റില്‍ തനിച്ചായിരുന്നു താമസം.
ബുധനാഴ്ച പ്രതികള്‍ മുഖംമൂടി ധരിച്ച് ഇവരുടെ ഫ്ലാറ്റില്‍ എത്തുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ചില ബാഗുകളുമായി സ്വകാര്യ ക്യാബിലാണ് ഇവര്‍ എത്തിയത്. സംശയം തോന്നാതിരിക്കാന്‍ ലിഫ്റ്റിന് പകരം പടികള്‍ വഴിയാണ് ഇവര്‍ ആറാം നിലയിലെത്തിയത്. ഒപ്പം പ്രായപൂര്‍ത്തിയാകാത്ത മകനെയും കൂട്ടിയിരുന്നു. പരിചയക്കാരായതിനാല്‍ വീട്ടിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിച്ച പ്രതികള്‍, തങ്ങള്‍ കൊണ്ടുവന്ന ആയുധം ഉപയോഗിച്ച് ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം വസ്ത്രം മാറി ഏകദേശം 30 മിനിറ്റിനുള്ളില്‍ പ്രതികള്‍ തിരിച്ചിറങ്ങുകയും താഴെ കാത്തുനിന്ന ക്യാബില്‍ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ഈ ക്യാബ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്.
ബുധനാഴ്ച ഈ ഹൗസിംഗ് കോംപ്ലക്സ് സന്ദര്‍ശിച്ച 200 പേരില്‍ നിന്ന് 13 സംശയാസ്പദമായ ആളുകളുടെ പട്ടിക തയ്യാറാക്കി പോലീസ് ചോദ്യം ചെയ്തിരുന്നു. ഏഴ് പോലീസ് സംഘങ്ങള്‍ നാല് സംസ്ഥാനങ്ങളിലായി റെയ്ഡ് നടത്തുകയും നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതാണ് കേസ് വേഗത്തില്‍ തെളിയിക്കാന്‍ സഹായിച്ചത്. ഒടുവില്‍ ബര്‍ധമാനില്‍ നിന്ന് പിടികൂടിയ കൊലയാളികളെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്.
ദേബോസ്മിതയ്ക്ക് പശ്ചിമ ബംഗാളില്‍ തന്റെ അമ്മവഴി ലഭിച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു സ്വത്തുണ്ടായിരുന്നു. പ്രതികള്‍ ഈ വീട്ടിലെ വാടകക്കാരായിരുന്നു. കൂടാതെ ഈ സ്വത്ത് കൈക്കലാക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ വീട് ഒഴിഞ്ഞുതരണമെന്ന് ദേബോസ്മിത ഇവരോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വത്ത് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ദമ്പതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാഴാഴ്ച ദേബോസ്മിതയുടെ സഹോദരി ദേവരാതിയാണ് സഹോദരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പോലീസിനെ അറിയിക്കുന്നത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സഹോദരിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് ദേവരാതി വീട് തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലും കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിഞ്ഞ നിലയിലുമാണ് ദേബോസ്മിതയെ കണ്ടെത്തിയത്. വീട്ടിലെ ആഭരണങ്ങളോ പണമോ ഒന്നും നഷ്ടപ്പെടാത്തതിനാല്‍ ഇതൊരു കവര്‍ച്ചാ ശ്രമമല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.







