Source :- SIRAJLIVE NEWS

മുംബൈ |  മുംബൈയിലെ വര്‍ളിയില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെ അമിതമായി മദ്യപിച്ചതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു. ഇയാളുടെ സുഹൃത്തായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മാഹിം സ്വദേശിയായ വൃഷഭ് ഗാംഗുര്‍ഡെ (28), അദ്ദേഹത്തിന്റെ വനിതാ സുഹൃത്ത് എന്നിവര്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനത്തിരക്കേറിയ വേദിയില്‍ വെച്ച് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

അതേ സമയം ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഗാംഗുര്‍ഡെയുടെ മരണം സംഭവിച്ചിരുന്നു. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. യുവതിയെ തുടര്‍ചികിത്സയ്ക്കായി ജാസ്ലോക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. താന്‍ മദ്യവും എനര്‍ജി ഡ്രിങ്കുകളും മാത്രമാണ് കഴിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നിലവില്‍ തെളിവുകളില്ലാത്തതിനാല്‍ ലഹരിമരുന്ന് ഉപയോഗിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഗാംഗുര്‍ഡെയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വേദിയിലെ സിസിടിവി ക്യാമറകളും മറ്റ് ഉപകരണങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

പ്രാഥമിക അന്വേഷണത്തില്‍ മരണകാരണം ഹൃദയാഘാതമാകാനാണ് സാധ്യതയെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും, പോസ്റ്റ്മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ക്കായി പോലീസ് കാത്തിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഗോരെഗാവിലെ നെസ്‌കോ സെന്ററില്‍ നടന്ന സംഗീത പരിപാടിക്കിടെ ലഹരിമരുന്ന് അമിതമായി ഉള്ളില്‍ച്ചെന്ന് രണ്ട് എംബിഎ വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു