Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28 എംപിമാരടങ്ങുന്ന ഒരു വിഭാഗം എന്ഡഎയിലേക്ക് ചേക്കേറാനൊരുങ്ങുന്നു. ചീഫ് വിപ്പ് പദവിയില്‍ നിന്ന് നീക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തോട് അതൃപ്തിയിലായിരുന്ന കകോലി ഘോഷ് ദസ്തിദാറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജനവിധിയെ മാനിച്ചുകൊണ്ട് തന്നെ തങ്ങളുടെ ഭാവി രാഷ്ട്രീയം എന്‍ഡിഎയുമായി ചേര്‍ന്നുപോകുന്നതായിരിക്കണം എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത് എന്ന് ഘോഷ് ദസ്തിദാര്‍ പറഞ്ഞു. താനുള്‍പ്പെടെയുള്ള ഇരുപതോളം തൃണമൂല്‍ എംപിമാര്‍, സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതാനും എന്‍ഡിഎയുടെ ഭാഗമാകാനുള്ള താല്പര്യം ഔദ്യോഗികമായി അറിയിക്കാനും തീരുമാനിച്ചതായും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞങ്ങള്‍ 20 എംപിമാരുടെ ഒരു പ്രത്യേക ബ്ലോക്ക് രൂപീകരിക്കുകയും എന്‍ഡിഎയ്ക്ക് പിന്തുണ നല്കാന് പോകുകയുമാണ്. കകോലി ഘോഷ് ദസ്തിദാറാണ് ഞങ്ങളുടെ ചീഫ് വിപ്പ്, ശതാബ്ദി റോയ് ഞങ്ങളുടെ ഡെപ്യൂട്ടി ലീഡറുമാണെന്നും വിമത തൃണമൂല്‍ എംപി ശര്‍മിള സര്‍ക്കാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ആവര്‍ത്തനമായാണ് എംപിമാരുടെ നീക്കത്തെ കാണുന്നത്. അവിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിമത നേതാവ് റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ 58 എംഎല്‍എമാര്‍ ഒരു പ്രത്യേക ബ്ലോക്ക് രൂപീകരിക്കുകയും, ശിവസേനയുടെ മാതൃക പിന്തുടര്ന്ന് തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ എന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭന്ദേബ് ചാറ്റര്‍ജിയെ പാര്‍ട്ടി തിരഞ്ഞെടുത്തതാണ് ഇവരുടെ പ്രധാന പരാതി. നിയമസഭാ സ്പീക്കര്‍ റിതബ്രത ബാനര്‍ജി ഈ പദവി അംഗീകരിക്കുകയും നിയമസഭയിലെ പാര്‍ട്ടിയുടെ ഔദ്യോഗിക മുറിയുടെ താക്കോല്‍ ശോഭന്ദേബ് ചാറ്റര്‍ജിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ചീഫ് വിപ്പ് പദവിയില്‍ നിന്ന് കകോലിയെ നീക്കിയതാണ് അവസാനത്തെ തിരിച്ചടിയായത്. ലോക്സഭയിലെ പാര്‍ട്ടിയുടെ ചീഫ് വിപ്പായി കല്യാണ്‍ ബാനര്‍ജിയെ നിയമിച്ചതു മുതല്‍ ബാരാസത്തില്‍ നിന്നുള്ള എംപിയായ കകോലി പ്രതിഷേധത്തിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെ അവര്‍ പാര്‍ട്ടി പദവി രാജിവെക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെ ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ വസതിയില്‍ നടന്ന യോഗത്തിന് ശേഷമാണ് തൃണമൂല്‍ എംപിമാരുടെ ഈ പ്രഖ്യാപനം ഉണ്ടായത്. മമതാ ബാനര്‍ജി ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുത്തിരുന്ന സ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഈ വസതി. അതേ സമയം ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന്റെ പ്രധാന അജണ്ടകളിലൊന്ന് ടിഎംസിയുടെ വിമത എംപിമാരെ എങ്ങിനെ ഒപ്പം നിര്‍ത്താമെന്നതായിരുന്നു.
കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാന്‍ ആവശ്യമായ കൃത്യമായ എണ്ണം എംപിമാര്‍ ഒപ്പമുണ്ടെന്നത് വിമതരുടെ കൃത്യമായ ആസൂത്രണത്തെയാണ് കാണിക്കുന്നത്.







