Source :- SIRAJLIVE NEWS

കാര്‍കിവ് | യുക്രൈനില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ കാര്‍കിവ് മേഖലയില്‍ ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേരും ഡോണെസ്‌കില്‍ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. കാര്‍കിവിലെ ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാറുകളും കെട്ടിടങ്ങളും കത്തിനശിച്ചു. യുക്രൈന്‍ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷുഹീവ് നഗരത്തില്‍ രാത്രി നടന്ന മറ്റൊരു മിസൈല്‍ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ജനവാസ കെട്ടിടങ്ങള്‍ക്കും ഷോപ്പുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി മേഖലാ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

റഷ്യന്‍ എണ്ണ സംഭരണ ശാലകള്‍ ലക്ഷ്യംവച്ച് ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിച്ച് യുക്രൈന്‍ ആക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെയാണ് റഷ്യ പ്രത്യാക്രമണം നടത്തിയത്.  അതിനിടെ, യു എസ് പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാര്‍ഡ് കുഷ്‌നെര്‍ എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണം ഏറെ ക്രിയാത്മകമായിരുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.