Source :- SIRAJLIVE NEWS

തിരുവനന്തപുരം | വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ചുള്ള കേസില്‍ സി പി എം നേതാവ് ഇ പി ജയരാജന് തിരിച്ചടി. കേസ് ഒഴിവാക്കി പോലീസ് നല്‍കിയ റിപോര്‍ട്ട് കോടതി തള്ളി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാനും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് നിസ്സാരമായി തള്ളാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

2022 ജൂണ്‍ 13 ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിനുള്ളില്‍ വച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് പിണറായിയുടെ സമീപത്തേക്ക് നീങ്ങിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ജയരാജന്‍ തള്ളിയിട്ടെന്നാണ് ആരോപണം. സംഭവത്തില്‍ ഇന്‍ഡിഗോ അന്വേഷണം നടത്തുകയും ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഇന്‍ഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് ഇന്‍ഡിഗോ അധികൃതര്‍ ജയരാജനെ ബന്ധപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തയ്യാറായില്ല. എന്നാല്‍, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ പോയത്. അന്നാണ് ബഹിഷ്‌കരണ തീരുമാനം ജയരാജന്‍ അവസാനിപ്പിച്ചത്.