Source :- SIRAJLIVE NEWS

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്കു മേല്‍ നയതന്ത്ര- സാമ്പത്തിക സമ്മര്‍ദങ്ങള്‍ ശക്തമാക്കാനും കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള തീരുമാനത്തിലാണ് പാരീസില്‍ നടന്ന വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടി. യുദ്ധം ആരംഭിച്ചതു മുതല്‍ പാശ്ചാത്യ ശക്തികള്‍ സ്വീകരിച്ചു വരുന്ന നയത്തിന്റെ തുര്‍ച്ചയാണിത്. യുക്രൈന്റെ പരമാധികാരവും ഭൂപ്രദേശ അഖണ്ഡതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ശക്തിപ്രയോഗത്തിലൂടെ അതിര്‍ത്തികള്‍ മാറ്റിമറിക്കാനോ മറ്റൊരു രാജ്യത്തിനു മേല്‍ അധീശത്വം സ്ഥാപിക്കാനോ ആരെയും അനുവദിക്കില്ലെന്നുമാണ് ജി-7 ഉച്ചകോടിയുടെ നിലപാട്.

ന്യായവും സൈദ്ധാന്തികവുമായ നിലപാടാണ് ഇത്. അതേസമയം എന്തുകൊണ്ടാണ് ലബനാനിലും ഗസ്സയിലും ഇസ്‌റാഈല്‍ തുടരുന്ന ആക്രമണങ്ങള്‍ക്കും നഗ്നമായ മനുഷ്യാവകാശ ലംഘനത്തിനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കുമെതിരെ ജി-7 ഉച്ചകോടി സമാനമായ ഭാഷ പ്രയോഗിക്കാത്തതും നിലപാട് എടുക്കാത്തതും? ലബനാനില്‍ വെടിനിര്‍ത്തണമെന്ന യു എസ് പ്രസിഡന്റ് ട്രംപിന്റെ അഭ്യര്‍ഥനയെ അവഗണിച്ചും യു എന്‍ പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റുകള്‍ക്കും പുല്ലുവില പോലും കല്‍പ്പിക്കാതെയുമാണ് ഇസ്‌റാഈല്‍ ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുന്നത്. എന്നിട്ടും റഷ്യക്കെതിരെ നടപ്പാക്കിയതു പോലുള്ള ഉപരോധങ്ങളോ രാഷ്ട്രീയമായ ഒറ്റപ്പെടുത്തലുകളോ ഇസ്‌റാഈലിനെതിരെ ഇതുവരെയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഇസ്‌റാഈലിന് കൂടുതല്‍ ആയുധം നല്‍കി ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു പാശ്ചാത്യന്‍ ശക്തികള്‍. അന്താരാഷ്ട്ര നിയമങ്ങളുടെ അന്തസ്സത്തക്കും ആഗോള നീതിബോധത്തിനും നിരക്കാത്തതാണ് ജി-7ന്റെ ഈ ഇരട്ടത്താപ്പ്.

മനുഷ്യാവകാശ ലംഘനത്തിന്റെ കാര്യത്തില്‍ പാശ്ചാത്യ നിയന്ത്രിത ലോകം പുലര്‍ത്തുന്ന വിവേചനം അങ്ങേയറ്റം ക്രൂരമാണ്. റഷ്യയുടെ മിസൈല്‍ ആക്രമണങ്ങളില്‍ യുക്രൈനിലെ സാധാരണക്കാര്‍ കൊല്ലപ്പെടുമ്പോള്‍ അതിനെ യുദ്ധക്കുറ്റമായി പ്രഖ്യാപിക്കുന്ന പാശ്ചാത്യന്‍ ശക്തികള്‍, ഇസ്‌റാഈലിന്റെ ബോംബാക്രമണത്തില്‍ ഗസ്സയിലും ലബനാനിലും പതിനായിരക്കണക്കിനു കുട്ടികളും സ്ത്രീകളും ചാരമായി മാറുമ്പോള്‍ അതിനെ ഇസ്‌റാഈലിന്റെ “സ്വയം പ്രതിരോധത്തിനുള്ള അവകാശ’മായി ന്യായീകരിക്കുകയാണ്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ ആശുപത്രികളും വിദ്യാലയങ്ങളും അഭയാര്‍ഥി ക്യാമ്പുകളും തകര്‍ക്കപ്പെടുമ്പോള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ കാവല്‍ക്കാരായി സ്വയം ചമയുന്ന ജി-7 രാജ്യങ്ങള്‍ക്കത് കേവലം “സാങ്കേതികമായ നാശനഷ്ടങ്ങള്‍’ മാത്രമാണ്.

അന്താരാഷ്ട്ര നിയമവും മനുഷ്യാവകാശ ലംഘനവും സംബന്ധിച്ച് അമേരിക്കയും പാശ്ചാത്യ രാഷ്ട്രങ്ങളും പലപ്പോഴും മറ്റു രാജ്യങ്ങള്‍ക്ക് ഉപദേശം നല്‍കാറുണ്ട്. ജനാധിപത്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ ലോകത്തെ പഠിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വന്തം സഖ്യകക്ഷികളുടെ കാര്യത്തില്‍ ഈ പാഠങ്ങള്‍ മനപ്പൂര്‍വം വിസ്മരിക്കുകയാണ്. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുമ്പോഴാണ് സാര്‍വത്രികമായി അംഗീകാരം ലഭിക്കുന്നത്.

ശക്തിയുള്ളവന് ഒരു നിയമവും ബലഹീനന് മറ്റൊരു നിയമവുമെന്ന കാട്ടുനീതിയാണ് പക്ഷേ ഇവിടെ നടപ്പാകുന്നത്. സഖ്യകക്ഷിയോ ശത്രുരാജ്യമോ എന്ന് നോക്കിയാകരുത് നിയമങ്ങളുടെ വ്യാഖ്യാനം. മനുഷ്യാവകാശ ലംഘനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ഒരേ നിലയില്‍ വിലയിരുത്തുകയും പ്രതികരിക്കുകയും വേണം. രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലല്ല മനുഷ്യജീവന് വില കല്‍പ്പിക്കേണ്ടത്. യുക്രൈനിലെ സാധാരണക്കാരുടേത് പോലെ തന്നെ ദുരിതപൂര്‍ണവും വേദനാജനകവുമാണ് ഗസ്സയിലെ സാധാരണക്കാരുടെ സ്ഥിതിയും. യുക്രൈനിലെ ജനതക്ക് അവകാശപ്പെട്ട നീതിയും സുരക്ഷിതത്വവും ഫലസ്തീനിലെയും ലബനാനിലെയും ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.

ഐക്യരാഷ്ട്ര സഭയും വിവിധ അന്താരാഷ്ട്ര ഫോറങ്ങളും രൂപവത്കരിക്കപ്പെട്ടത് ലോകത്ത് യുദ്ധം ഒഴിവാക്കാനും തുല്യനീതി ഉറപ്പ് വരുത്താനുമാണ്. ഇതുപക്ഷേ വന്‍ശക്തികളുടെ രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കാനുള്ള വേദികളായി മാറിക്കഴിഞ്ഞുവെന്ന ബോധ്യം വികസ്വര രാഷ്ട്രങ്ങള്‍ക്കിടയില്‍ ശക്തിപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ലോകജനസംഖ്യയുടെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഏഷ്യന്‍- ആഫ്രിക്കന്‍- ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഈ ഇരട്ടത്താപ്പിനെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ നീതി പൂര്‍ണമായി നടപ്പാകുന്നില്ലെന്ന ചിന്തയും വികാരവും ഈ രാജ്യങ്ങളില്‍ വളര്‍ന്നു വരുന്നത് കൂടുതല്‍ ചേരിതിരിവുകള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടവരുത്തും. ആഗോള സമാധാനമെന്നത് ഏതെങ്കിലും പ്രദേശത്തിന്റെയോ പ്രത്യേക ജനവിഭാഗത്തിന്റെയോ മാത്രം സുരക്ഷിതത്വമല്ല; അത് സാര്‍വത്രികമായിരിക്കണം. റഷ്യന്‍ അധിനിവേശം ഉയര്‍ത്തുന്ന ഭീഷണിയേക്കാള്‍ ഒട്ടും കുറവല്ലെന്നു മാത്രമല്ല, അതിനേക്കാള്‍ ഭയാനകമാണ് ഇസ്‌റാഈലിന്റെ സയണിസ്റ്റ് അധിനിവേശം ആഗോള സുരക്ഷക്ക് വരുത്തിവെക്കുന്ന ആഘാതം.

വെടിനിര്‍ത്തല്‍ കരാറുകള്‍ നിലവില്‍ വന്നിരിക്കെ അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ച് ആക്രമണം തുടരുന്ന ഇസ്‌റാഈല്‍ നിലപാട് നഗ്നമായ അന്താരാഷ്ട്ര നിയമലംഘനമാണ്. ഇതില്‍ നിന്ന് ഇസ്‌റാഈലിനെ പിന്തിരിപ്പിക്കാന്‍ റഷ്യക്കെതിരെ നടപ്പാക്കിയതു പോലുള്ള സമ്മര്‍ദങ്ങളും ഉപരോധങ്ങളും പ്രയോഗിക്കേണ്ടതായിരുന്നു ജി-7 ഉച്ചകോടി. സ്വന്തം ചേരിയിലുള്ളവരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കുകയും അതിനെതിരെ കണ്ണടക്കുകയും എതിര്‍ ചേരിയിലുള്ളവരെ മാത്രം വേട്ടയാടുകയും ചെയ്യുന്ന രീതി ആഗോള സമാധാനത്തിന് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ലോകത്തെ കൂടുതല്‍ അരാജകത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യും.

Content Highlights:
The G7 summit in Paris decided to strengthen economic and diplomatic pressure on Russia over the Ukraine war. Critics point out the blatant double standards of Western powers for not imposing similar sanctions on Israel regarding actions in Gaza and Lebanon. This selective approach to international law damages global justice and risks driving the world into further chaos.