Home LATEST NEWS malyalam പുതിയ വാർത്ത കൈയടി, ഒപ്പം ആശങ്കകളും

കൈയടി, ഒപ്പം ആശങ്കകളും

3
0

Source :- SIRAJLIVE NEWS

റാശിദ് അബ്ദുർറഹീം

കേരള രാഷ്ട്രീയ ചരിത്രത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറ്റ വി ഡി സതീശന്‍ സര്‍ക്കാറിന്റെ കന്നി ബജറ്റ് വലിയ സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങളോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കിയത്. മുന്‍ സര്‍ക്കാര്‍ അവശേഷിപ്പിച്ചുപോയ ഭീമമായ കടബാധ്യതകളും ജനങ്ങള്‍ക്ക് നല്‍കിയ വികസന വാഗ്ദാനങ്ങളും ഒരേസമയം എങ്ങനെ ഒത്തുപോകുമെന്നതായിരുന്നു പുതിയ മന്ത്രിസഭ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച ഈ പുതുക്കിയ ബജറ്റ്, വരുന്ന അഞ്ച് വര്‍ഷത്തേക്കുള്ള സര്‍ക്കാറിന്റെ വ്യക്തമായ വികസന നയരേഖയാണ്. പത്ത് വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ മുന്നണിയെ കാത്തിരിക്കുന്നത് പൂമെത്തയല്ല, മറിച്ച് മുള്‍ക്കിരീടമാണെന്ന് ബജറ്റിന് തൊട്ടുമുമ്പ് സഭയില്‍ സമര്‍പ്പിച്ച ധനകാര്യ ധവളപത്രം വ്യക്തമാക്കിയിരുന്നു. ഈ കടുത്ത പ്രതിസന്ധി മറികടക്കാന്‍ കര്‍ശനമായ സാമ്പത്തിക തിരുത്തലുകള്‍ക്കും അടിയന്തര വിഭവസമാഹരണത്തിനുമാണ് ഈ ബജറ്റ് ലക്ഷ്യമിടേണ്ടത്.

ജൂണ്‍ നാലിന് നിയമസഭയില്‍ സമര്‍പ്പിച്ച ധനകാര്യ ധവളപത്രം സംസ്ഥാനത്തിന്റെ അതീവ ഗുരുതരവും ആശങ്കാജനകവുമായ ധനസ്ഥിതിയാണ് വ്യക്തമാക്കുന്നത്. കേരളത്തിന്റെ ആകെ പൊതുകടം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.07 ലക്ഷം കോടി രൂപയിലെത്തി നില്‍ക്കുന്നു. അതിലുപരി, റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ പ്രതിബദ്ധതയുള്ള ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടി വരുന്നതിനാല്‍, വികസന ആവശ്യങ്ങള്‍ക്കായി ഖജനാവില്‍ വളരെ തുച്ഛമായ വിഹിതം മാത്രമാണ് ബാക്കിയാകുന്നത്. സംസ്ഥാനത്തിന്റെ മൂലധനച്ചെലവ് ജി എസ് ഡി പിയുടെ വെറും 1.3 ശതമാനത്തില്‍ ഒതുങ്ങുന്നത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തെ ഏറ്റവും പിന്നിലാക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനെല്ലാം പുറമെ, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ, ഡി ആര്‍ ഇനങ്ങളിലെ കുടിശ്ശികകള്‍ ഉള്‍പ്പെടെ ഏകദേശം 87,012 കോടി രൂപയുടെ ഭീമമായ സഞ്ചിത ബാധ്യതകളാണ് മുന്‍ സര്‍ക്കാറില്‍ നിന്ന് തങ്ങള്‍ക്ക് പൈതൃകമായി ലഭിച്ചതെന്ന് മുഖ്യമന്ത്രി ഈ ബജറ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ജനുവരിയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ തെറ്റായ വരുമാന കണക്കുകളാണ് പുതിയ ബജറ്റിനെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. പതിനാറാം ധനകാര്യ കമ്മീഷനില്‍ നിന്ന് ലഭിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ കണക്കുകൂട്ടിയ 14,138 കോടി രൂപയുടെ റവന്യൂ കമ്മി ഗ്രാന്റ് അനുവദിക്കപ്പെടാതെ പോയതോടെ, സംസ്ഥാന ബജറ്റില്‍ ഏകദേശം 20,500 കോടി രൂപയുടെ വലിയൊരു വിടവാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ പ്രതിസന്ധി മറച്ചുവെച്ചുകൊണ്ടാണ് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 35,750 കോടി രൂപയുടെ വാര്‍ഷിക പദ്ധതി വിഹിതം പ്രഖ്യാപിച്ചതെന്നാണ് വി ഡി സതീശന്റെ ആക്ഷേപം. നിലവിലെ സാഹചര്യത്തില്‍ ഈ വിടവ് യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കുമ്പോള്‍, പദ്ധതി വിഹിതത്തില്‍ ആനുപാതികമായ കുറവ് വരുത്താന്‍ പുതിയ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.

ഈ പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന്റെ വികസന ദിശ മാറ്റിവരക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് “മിഷന്‍ സമുദ്ര’ എന്ന വലിയൊരു പദ്ധതിയിലൂടെയാണ്. കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശത്തെയും വലിയ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് ഒരു പോര്‍ട്ട് അധിഷ്ഠിത സാമ്പത്തിക മേഖല സൃഷ്ടിക്കുന്നതിനായി 400 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കൊച്ചിന്‍ പോര്‍ട്ടും കേന്ദ്രീകരിച്ച് ഡ്രൈ പോര്‍ട്ടുകളും സ്റ്റഫിംഗ് സെന്ററുകളും സ്ഥാപിക്കാനും വിഴിഞ്ഞത്ത് ഗ്രീന്‍ ബങ്കറിംഗ് സേവനങ്ങള്‍ ആരംഭിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്.

പ്രവാസികളുടെ പണത്തെ മാത്രം ആശ്രയിച്ചുപോന്ന നമ്മുടെ സമ്പദ് ഘടനയെ നിക്ഷേപാധിഷ്ഠിതമായ ഒന്നിലേക്ക് പരിവര്‍ത്തിപ്പിക്കേണ്ടതുണ്ടെന്ന രാഷ്ട്രീയ സന്ദേശവും ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നു. കൂടാതെ വ്യവസായ വികസനത്തിനായി ലാന്‍ഡ് ബേങ്ക് രൂപവത്കരിക്കാനും ഭൂനിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി “ലാന്‍ഡ് റിഫോംസ് 2.0′ നടപ്പാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.

യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ അഞ്ച് പ്രധാന ‘ഇന്ദിരാ ഗ്യാരന്റികള്‍’ നടപ്പാക്കാനുള്ള ചില തുടക്കങ്ങളും ഈ ബജറ്റിലുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്യുന്ന ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി പ്രഖ്യാപിച്ച പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോമ്പന്‍സേഷനായി 600 കോടി രൂപയും നീക്കിവെച്ചിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ കര്‍ഷകരെ കൈയിലെടുക്കുന്നതിനായി റബ്ബറിന്റെ തറവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തുകയും മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. കാര്‍ഷിക മേഖലക്കായി ആകെ 1,535 കോടി രൂപയും ആരോഗ്യ മേഖലക്കായി 2,076 കോടി രൂപയും പൊതുവിദ്യാഭ്യാസ രംഗത്തിനായി 1,477.57 കോടി രൂപയും നീക്കിവെച്ചുകൊണ്ട് തങ്ങളുടെ മുന്‍ഗണനകള്‍ വ്യക്തമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്.

കേരളം ഒരു പരമ്പരാഗത സമ്പദ് ഘടനയില്‍ നിന്ന് വിജ്ഞാന സമ്പദ് ഘടനയിലേക്ക് മാറണമെന്ന ലക്ഷ്യത്തോടെ പുതിയ തലമുറയെയും ആധുനിക സാങ്കേതികവിദ്യയെയും ബജറ്റില്‍ ഗൗരവമായി അഭിസംബോധന ചെയ്യുന്നുണ്ട്. വിവരസാങ്കേതിക വിദ്യയിലെയും നിര്‍മിത ബുദ്ധിയിലെയും മാറ്റങ്ങള്‍ കണക്കിലെടുത്ത് 10 കോടി രൂപയുടെ “മലയാളം എ ഐ ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ചതും ഡിജിറ്റല്‍ യുഗത്തിലെ പുതുതലമുറക്കായി 50 കോടി രൂപയുടെ ജെന്‍-ഇസഡ് (Gen-Z) സ്റ്റാര്‍ട്ടപ്പ് ഫണ്ട് രൂപവത്കരിച്ചതും ഇതിന് തെളിവാണ്. കൂടാതെ കോഴിക്കോട് സൈബര്‍ പാര്‍ക്കിനെ കൊച്ചി ഇന്‍ഫോ പാര്‍ക്കിന്റെയും തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന്റെയും നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനവും മികച്ച ചുവടുവെപ്പാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ സ്വാധീനം കുറയ്ക്കുന്നതിനായുള്ള അക്കാദമിക് കൗണ്‍സില്‍ രൂപവത്കരണവും വിദ്യാര്‍ഥി സുരക്ഷക്കായി സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിംഗ് നിയമം നടപ്പിലാക്കുന്നതും വഴി യു ഡി എഫിന്റെ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പ്രതിഫലിക്കുന്നു.

എങ്കിലും, വിവിധ മേഖലകള്‍ക്കായി നീക്കിവെച്ച ഈ സാമ്പത്തിക വിഹിതങ്ങള്‍ പ്രായോഗികതലത്തില്‍ എത്രത്തോളം പര്യാപ്തമാണെന്ന ചോദ്യം ഗൗരവമുള്ളതാണ്. 25 ലക്ഷം രൂപ വരെ ഓരോ കുടുംബത്തിനും വാഗ്ദാനം ചെയ്യുന്ന ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് വെറും 10 കോടി രൂപ മാത്രം അനുവദിച്ചുകൊണ്ട് എങ്ങനെ ഇത്രയും വലിയൊരു ലക്ഷ്യം യാഥാര്‍ഥ്യമാക്കുമെന്നത് പൊതുജനങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്. മുന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ക്ലെയിമുകള്‍ തന്നെ 1,200 കോടിയിലധികം രൂപ കുടിശ്ശികയായി കിടക്കുമ്പോഴാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനം. അതുപോലെ തന്നെ, എല്‍ ഡി എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച 35,000 കോടിയിലധികം രൂപയുടെ പദ്ധതി വിഹിതം നടപ്പാക്കാന്‍ പുതിയ സര്‍ക്കാറിന് അധികമായി 20,500 കോടി രൂപ സമാഹരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനായി ഭൂമിയുടെ ന്യായവില പുനഃപരിശോധിക്കുമെന്നും മദ്യത്തിന് പുതിയ നികുതി സ്ലാബ് കൊണ്ടുവരുമെന്നതുമൊഴിച്ചാല്‍ വ്യക്തമായ അധിക വിഭവസമാഹരണ മാര്‍ഗങ്ങള്‍ ബജറ്റില്‍ സൂചിപ്പിച്ചിട്ടില്ല. വിഹിതങ്ങള്‍ പലതും പദ്ധതികളുടെ തുടക്കം കുറിക്കാന്‍ മാത്രമേ സഹായിക്കൂ എന്നതിനാല്‍ യഥാര്‍ഥ വികസന സൂചികകളില്‍ ഇതിന്റെ ഗുണം പെട്ടെന്ന് പ്രകടമാകാന്‍ സാധ്യതയില്ല.

ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നത്. ഈ ബജറ്റ് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ സ്വകാര്യവത്കരണത്തിലേക്ക് നയിക്കാനുള്ള ഒരു നയരേഖയാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരദേശവും തുറമുഖങ്ങളും കോര്‍പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കാനും ദക്ഷിണ കേരള ഇക്കോണമിക് കോറിഡോറിലൂടെയും ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോറിലൂടെയും പൊതുസ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂനിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന “ലാന്‍ഡ് റിഫോംസ് 2.0′ ലാന്‍ഡ് മാഫിയകളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ധവളപത്രത്തിലൂടെ സര്‍ക്കാര്‍ അവതരിപ്പിച്ച സാമ്പത്തിക പ്രതിസന്ധിയും ട്രഷറി തകര്‍ച്ചയും വെറുമൊരു രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ബജറ്റില്‍ രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ റവന്യൂ ചെലവ് കണക്കാക്കുന്നതിലൂടെ സംസ്ഥാന ധനകാര്യം തകര്‍ന്നിട്ടില്ലെന്ന് വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളിലെ മുന്‍ ബജറ്റ് വിഹിതങ്ങള്‍ പുതിയ ബജറ്റില്‍ വെട്ടിച്ചുരുക്കിയതും കേന്ദ്ര സര്‍ക്കാറിന്റെ നവലിബറല്‍ സാമ്പത്തിക ആശയങ്ങള്‍ അതേപടി പിന്‍പറ്റുന്നതുമാണ് പുതിയ യു ഡി എഫ് സര്‍ക്കാറിന്റെ സമീപനമെന്നും പ്രതിപക്ഷം വാദിക്കുന്നു.

മുന്‍ ധനകാര്യ മന്ത്രിമാരായ കെ എന്‍ ബാലഗോപാലും തോമസ് ഐസക്കും ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ ഈ സാമ്പത്തിക ചര്‍ച്ചക്ക് കൂടുതല്‍ ഗൗരവം നല്‍കുന്നുണ്ട്. സംസ്ഥാനത്തിന് ലഭിക്കേണ്ട റവന്യൂ കമ്മി ഗ്രാന്റ് നഷ്ടപ്പെട്ടപ്പോള്‍ അതിനെതിരെ കേന്ദ്രത്തോട് ശക്തമായി പോരാടി അത് നേടിയെടുക്കുന്നതിന് പകരം, വികസന വിഹിതങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് മുഖ്യമന്ത്രി സതീശന്‍ ചെയ്തതെന്ന് അവര്‍ ആരോപിക്കുന്നു. 16ാം ധനകാര്യ കമ്മീഷനില്‍ നിന്ന് അര്‍ഹമായത് നേടിയെടുക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്താതെ, ട്രഷറിയിലെ സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് കഴിഞ്ഞകാല വികസന മാതൃകകളെ മോശമായി ചിത്രീകരിക്കാനാണ് പുതിയ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇടത് ധനശാസ്ത്രജ്ഞരുടെ നിരീക്ഷണം. മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് വലിയ തോതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ച കിഫ്ബി എന്ന സംവിധാനത്തെ നിയന്ത്രിക്കാനുള്ള പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ യഥാര്‍ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വലിയ പദ്ധതികളെ തകിടം മറിക്കുമെന്ന ആശങ്കയും അവര്‍ പങ്കുവെക്കുന്നു.

ജനപ്രിയ വാഗ്ദാനങ്ങളിലൂടെ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും, കടുത്ത ധനപ്രതിസന്ധി കേരളത്തിന്റെ ഭാവിക്കു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. സാമ്പത്തിക അച്ചടക്കത്തിനും പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും, പദ്ധതി വിഹിതത്തില്‍ വരുത്തിയ കുറവ് വികസനത്തിന്റെ വേഗത കുറച്ചേക്കാം. ഭരണ- പ്രതിപക്ഷ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം, വലിയ കടബാധ്യതയുള്ള ഒരു സംസ്ഥാനത്തെ എങ്ങനെ ഒരു വിജ്ഞാന- നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥയാക്കി മാറ്റാം എന്നതിലാണ് ഈ ബജറ്റിന്റെ യഥാര്‍ഥ വിജയം നിലകൊള്ളുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രശസ്തമായ “ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിലെ വരികള്‍ ഉദ്ധരിച്ചാണ് വി ഡി സതീശന്‍ തന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. ആ പ്രസംഗം വിഭാവനം ചെയ്യുന്ന ആധുനികവും സമത്വസുന്ദരവുമായൊരു കേരളം യാഥാര്‍ഥ്യമാകണമെങ്കില്‍, അത് വെറും പ്രഖ്യാപനങ്ങളിലോ ബജറ്റ് വെട്ടിച്ചുരുക്കലുകളിലോ ഒതുങ്ങാതെ പ്രായോഗികമായി നടപ്പാക്കുക തന്നെ വേണം.

Content Highlights:
Kerala Chief Minister and Finance Minister V D Satheesan presented the maiden budget of the new UDF government amid a severe financial crisis and high public debt. The budget introduced major structural reforms including the Mission Samudra project and Oommen Chandy health insurance scheme. Opposition leader Pinarayi Vijayan strongly criticized the budget terms accusing it of promoting privatization.