Source :- SIRAJLIVE NEWS
ദുബൈ | ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊള്ളപ്പലിശ സംഘത്തിന്റെ ചതിക്കുഴിയില്‍ അകപ്പെട്ട് മുന്നൂറോളം ഇന്ത്യന്‍ പ്രവാസികള്‍. പണം കടം വാങ്ങിയവരും അവര്‍ക്കായി ജാമ്യം നിന്നവരും ഒരുപോലെ ചെക്ക് കേസുകളില്‍ കുടുങ്ങി യാത്രാവിലക്ക് നേരിടുകയാണ്. നിയമക്കുരുക്കില്‍ അകപ്പെട്ടവരില്‍ ഇരുന്നൂറിലധികം പേരും മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം.
ബര്‍ ദുബൈയില്‍ വലിയൊരു ബിസിനസ് സ്ഥാപനം നടത്തുന്ന രാജസ്ഥാന്‍ സ്വദേശിയുടെ നേതൃത്വത്തിലാണ് ഈ സമാന്തര പണമിടപാട് ശൃംഖല പ്രവര്‍ത്തിക്കുന്നത്. സഹായിയായി കോഴിക്കോട് ജില്ലക്കാരനായ ഒരാളും ഒരു ഈജിപ്ഷ്യനും പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണക്കാരായ തൊഴിലാളികളുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങളെ ചൂഷണം ചെയ്താണ് ഇവര്‍ കെണിയൊരുക്കുന്നത്. കടുത്ത പ്രതിസന്ധി ഘട്ടങ്ങളില്‍ പതിനായിരം ദിര്‍ഹം (ഏകദേശം രണ്ട് ലക്ഷം രൂപ) വരെ വായ്പയായി കൈപ്പറ്റുന്നവരില്‍ നിന്ന് ഒപ്പിട്ട ചെക്കുകളും ജാമ്യം നില്‍ക്കുന്നവരില്‍ നിന്ന് ബ്ലാങ്ക് ചെക്കുകളുമാണ് ഇവര്‍ ഈടായി വാങ്ങി സൂക്ഷിക്കുന്നത്. ആവശ്യപ്പെട്ട പണവും അതിന്മേലുള്ള വന്‍ പലിശയും കൃത്യമായി തിരിച്ചടച്ചാല്‍ പോലും വാങ്ങിയ ഗ്യാരണ്ടി ചെക്കുകള്‍ മടക്കിനല്‍കാന്‍ സംഘം തയ്യാറാകാറില്ല.
പകരം ഈ ബ്ലാങ്ക് ചെക്കുകളില്‍ വലിയ തുകകള്‍ എഴുതിച്ചേര്‍ത്ത് ബാങ്കിലിട്ട് മടക്കിയാണ് ഇരകള്‍ക്കെതിരെ നിയമനടപടികള്‍ക്ക് മുതിരുന്നത്. പതിനായിരം ദിര്‍ഹം വാങ്ങിയവര്‍ 30,000 ദിര്‍ഹം തിരിച്ചടച്ചിട്ടും ബാക്കി തുക നല്‍കാനുണ്ടെന്ന് കാണിച്ച് 1,20,000 ദിര്‍ഹം വരെയുള്ള തുകയുടെ ചെക്ക് കേസാണ് ഇവര്‍ ഒരുക്കിയത്.
നിലവില്‍ യാത്രാവിലക്ക് നേരിടുന്നവരില്‍ തൊണ്ണൂറ് ശതമാനത്തിലധികം പേരും ശമ്പളമില്ലാതെയും കൈയില്‍ പണമില്ലാതെയും സ്വന്തം പാസ്‌പോര്‍ട്ട് പോലും കൈവശമില്ലാതെയും ദുരിതമനുഭവിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ പോലും നാട്ടില്‍ പോകാനാവാതെ വര്‍ഷങ്ങളായി ഇവര്‍ യു എ ഇയില്‍ കുടുങ്ങിക്കഴിയുന്നു.
സിനിമാ വ്യവസായവുമായി ബന്ധപ്പെടുത്തിയുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വായ്പാ തട്ടിപ്പ് നടക്കുന്നതെന്നാണ് ഇരകള്‍ ആരോപിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ കള്ളപ്പണം കടത്തിക്കൊണ്ടുവന്ന് ഇവിടെയുള്ള സാധാരണക്കാര്‍ക്ക് ഉയര്‍ന്ന പലിശക്ക് നല്‍കി വലിയ ലാഭമുണ്ടാക്കുന്നതാണ് ഇവരുടെ രീതിയെന്ന് ചൂണ്ടിക്കാട്ടി പ്രവാസികള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
യാത്രാവിലക്ക് നീക്കി പാസ്‌പോര്‍ട്ടുകള്‍ തിരികെ ലഭിക്കുന്നതിനും പലിശക്കെണിയില്‍ നിന്ന് രക്ഷിക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ പ്രവാസികള്‍.
Content Highlights:
Around 300 Indian expatriates in Dubai are reportedly trapped in severe legal and financial crises after falling victim to illegal money lending networks. The loan sharks operate by exploiting vulnerable individuals and using fraudulent tactics to trap them in endless debt. Local authorities are investigating the situation as community organizations urge expats to avoid unauthorized financial lenders.




