Home LATEST NEWS malyalam പുതിയ വാർത്ത ആദായനികുതി റിട്ടേണ്‍ ആരൊക്കെയാണ്‌ ഫയല്‍ ചെയ്യേണ്ടത്‌? അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

ആദായനികുതി റിട്ടേണ്‍ ആരൊക്കെയാണ്‌ ഫയല്‍ ചെയ്യേണ്ടത്‌? അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

4
0

Source :- SIRAJLIVE NEWS

നമ്മുടെ രാജ്യത്ത്‌ നിശ്ചിത വരുമാനമുള്ള എല്ലാ വ്യക്തികളും സ്ഥാപനങ്ങളും എല്ലാ വര്‍ഷവും ആദായനികുതി റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യുക എന്നത്‌ നിയമപരമായ ബാധ്യതയാണ്‌. “എനിക്ക്‌ ടാക്സ്‌ അടക്കാന്‍ ഇല്ലല്ലോ, പിന്നെന്തിനാണ്‌ റിട്ടേണ്‍ ഫയല്‍ ചെയ്യൂന്നത്‌?” എന്ന്‌ ചിന്തിക്കുന്നവരില്‍ ഒരാളാണ്‌ നിങ്ങളെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ ഈ ലേഖനം വായിച്ചിരിക്കണം. കാരണം, നിങ്ങള്‍ക്ക്‌ ടാക്സ്‌ ബാധ്യത ഇല്ലെങ്കില്‍ പോലും, ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്‌. ആ സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്നും, റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതികള്‍ എപ്പോഴൊക്കെയാണെന്നും നമുക്ക്‌ ലളിതമായി നോക്കാം.

നിങ്ങളുടെ ആകെ വരുമാനം (Gross Total Income), ഇളവുകള്‍ കുറയ്ക്കുന്നതിന്‌ മുമ്പുള്ള
വരുമാനം, ഒഴിവാക്കപ്പെട്ടിട്ടുള്ള പരിധിയേക്കാള്‍ (Basic Exemption Limit) കൂടുതലാണെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം. നിലവില്‍ രണ്ട്‌ ടാക്സ്‌ സമ്പ്രദായങ്ങളാണ്‌ (Tax Regimes) ഇന്ത്യയിലുള്ളത്‌. ഇവയിലെ ഇളവ്‌ പരിധികള്‍ താഴെ പറയുന്ന പ്രകാരമാണ്‌.

പുതിയ ടാക്സ്‌ സമ്പ്രദായം (New Tax Regime – Default)

നിലവില്‍ ഇതാണ്‌ പ്രധാന സമ്പ്രദായം. ഇതില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരേ പരിധിയാണ്‌. അടിസ്ഥാന നികുതി ഇളവ്‌ പരിധി 4,00,000 രൂപ. ഉദാഹരണത്തിന്‌ പുതിയ സമ്പ്ദായം അനുസരിച്ച്‌ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്‌ സെക്ഷന്‍ 87 A റിബേറ്റ്‌ ഉള്ളതിനാല്‍ നിങ്ങള്‍ക്ക്‌ ടാക്സ്‌ ഒന്നും തന്നെ അടക്കേണ്ടി വരില്ല. എങ്കിലും നിങ്ങളുടെ ആകെ വരുമാനം 4 ലക്ഷത്തിന്‌ മുകളിലാണെങ്കില്‍, ടാക്സ്‌ ഇല്ലെങ്കില്‍ പോലും നിങ്ങള്‍ നിര്‍ബന്ധമായും ITR ഫയല്‍ ചെയ്തിരിക്കണം.

പഴയ ടാക്സ്‌ സമ്പ്രദായം (Old Tax Regime – Optional)

പഴയ സമ്പ്രദായം തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ പ്രായത്തിനനുസരിച്ച്‌ ഇളവുകളില്‍ മാറ്റമുണ്ട്‌. 60 വയസ്സിന്‌ താഴെയുള്ളവര്‍ക്ക്‌ 2,50,000 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ (60 മുതല്‍ 80 വയസ്സ്‌ വരെ) 3,00,000 രൂപയും അതിലും പ്രായമുള്ള പൗരന്മാർക്ക് (80 വയസ്സിന്‌ മുകളിലുള്ളവര്‍): ₹5,00,000 രൂപയുമാണ് പരിധി.

ഉദാഹരണത്തിന്‌, പഴയ സമ്പ്രദായത്തില്‍ 5 ലക്ഷം രൂപ വരെ റിബേറ്റ്‌ ഉള്ളതിനാല്‍ ടാക്‌ ഉണ്ടാകില്ല. എങ്കിലും 60 വയസ്സിന്‌ താഴെയുള്ള ഒരാളുടെ ആകെ വരുമാനം ₹2.5 ലക്ഷത്തിന്‌ മുകളിലാണെങ്കില്‍ (ഉദാഹരണത്തിന്‌ 4.5 ലക്ഷം രൂപ), ടാക്സ്‌ ഇല്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ നിര്‍ബന്ധമാണ്‌.

വരുമാനം കുറവാണെങ്കിലും നിര്‍ബന്ധമായും ഫയല്‍ ചെയ്യേണ്ട സാഹചര്യങ്ങള്‍

നിങ്ങളുടെ വാര്‍ഷിക വരുമാനം മുകളില്‍ പറഞ്ഞ ഇളവ്‌ പരിധികള്‍ക്ക്‌ താഴെയാണെങ്കില്‍ (ഉദാഹരണത്തിന്‌ മൂന്ന് ലക്ഷം മാത്രം) പോലും, താഴെ പറയുന്ന ഏതെങ്കിലും ഒരു കാര്യത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ നിയമപ്രകാരം (Seventh Proviso) ITR ഫയല്‍ ചെയ്യല്‍ നിര്‍ബന്ധമാണ്‌:

  • ഉയര്‍ന്ന ബാങ്ക്‌ നിക്ഷേപങ്ങള്‍; ഒരു വര്‍ഷത്തിനിടെ നിങ്ങളുടെ ഒന്നോ അതിലധികമോ കറന്റ്‌ അക്കാണ്ടുകളിലായി ആകെ ₹ 1 കോടിയോ അതില്‍ കൂടുതലോ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍. അല്ലെങ്കില്‍ സേവിംഗ്സ്‌ അക്കൌണ്ടുകളിലായി ആകെ 50 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍.
  • വിദേശയാത്ര: നിങ്ങള്‍ക്കോ മറ്റേതെങ്കിലും വ്യക്തിക്കോ വേണ്ടി വിദേശയാത്രയ്കായി ഒരു വര്‍ഷം രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ചിലവഴിച്ചിട്ടുണ്ടെങ്കില്‍.
  • വൈദ്യതി ബില്‍: നിങ്ങളുടെ പേരില്‍ ഒരു വര്‍ഷത്തെ ആകെ കറന്റ്‌ ബില്‍ തുക ഒരു ലക്ഷത്തില്‍ കൂടുതല്‍ വന്നിട്ടുണ്ടെങ്കില്‍.
  • ബിസിനസ്സ്‌/ പ്രൊഫഷന്‍ വിറ്റുവരവ്‌ (Turnover): നിങ്ങളുടെ ബിസിനസ്സിലെ ആകെ വിറ്റുവരവ്‌ ₹60 ലക്ഷത്തിന്‌ മുകളിലോ, അല്ലെങ്കില്‍ പ്രൊഫഷണല്‍ ഗ്രോസ്‌ റെസീപ്റ്റ്സ്‌ (ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, കണ്‍സള്‍ട്ടന്സുമാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുടെ വരുമാനം) ₹10 ലക്ഷത്തിന്‌ മുകളിലോ ആണെങ്കില്‍.
  • TDS/TCS പരിധി: ശമ്പളത്തില്‍ നിന്നോ ബാങ്ക്‌ പലിശയില്‍ നിന്നോ മറ്റോ ഒരു വര്‍ഷം പിടിച്ച ആകെ നികുതി (TDS) അല്ലെങ്കില്‍ ശേഖരിച്ച നികുതി (TCS) 25,000 രൂപയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആണെങ്കില്‍. (മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ഈ പരിധി 50,000 രൂപയാണ്).
  • വിദേശ ആസ്തികള്‍: ഇന്ത്യയിലെ ഒരു റസിഡന്റ്‌ ആയ വ്യക്തിക്ക്‌ വിദേശത്ത്‌ ഏതെങ്കിലും തരത്തിലുള്ള സ്വത്തുക്കളോ (Foreign Assets), ബാങ്ക്‌ അക്കൗണ്ടുകളോ, നിക്ഷേപങ്ങളോ അല്ലെങ്കില്‍ അവിടെ ഒപ്പിടാനുള്ള അധികാരമോ (Signing Authority) ഉണ്ടെങ്കില്‍.

ഓര്‍ക്കുക, മുകളില്‍ പറഞ്ഞ ഇളവുകളെല്ലാം വ്യക്തികള്‍ക്ക്‌ മാത്രമുള്ളതാണ്‌. എന്നാല്‍ കമ്പനികള്‍, പാര്‍ട്ണര്‍ഷിപ്പ്‌ സ്ഥാപനങ്ങള്‍ (LLP ഉള്‍പ്പെടെ) എന്നിവയ്ക്ക്‌ ഇത്തരം ഇളവുകളില്ല. അവര്‍ക്ക്‌ ലാഭമുണ്ടെങ്കിലും നഷ്ടമുണ്ടെങ്കിലും, ഒരു ബിസിനസ്സും നടന്നിട്ടില്ലെങ്കില്‍ പോലും എല്ലാ വര്‍ഷവും നിര്‍ബന്ധമായും ITR ഫയല്‍ ചെയ്തിരിക്കണം.

ITR ഫയല്‍ ചെയ്യേണ്ട അവസാന തീയതികള്‍ (Due Dates)

അവസാന നിമിഷത്തെ പിഴകളും (Penalty) നിയമനടപടികളും ഒഴിവാക്കാന്‍ താഴെ പറയുന്ന തീയതികള്‍ക്കുള്ളില്‍ തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രദ്ധിക്കുക:

  • സാധാരണ നികുതിദായകര്‍ (ശമ്പളക്കാര്‍, ഓഡിറ്റിംഗ്‌ ഇല്ലാത്ത ബിസിനസ്സുകാര്‍): 2026 ജൂലൈ 31
  • ഓഡിറ്റിംഗ്‌ ആവശ്യമുള്ള ബിസിനസ്സുകള്‍ (Audit Cases): 2026 സെപ്റ്റംബര്‍ 30
  • കമ്പനികള്‍ (Companies): 2026 ഒക്ടോബര്‍ 31
  • വൈകി ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ (Belated Returns): 2026 ഡിസംബര്‍ 31

വരുമാനം കുറവാണെങ്കില്‍ പോലും കൃത്യമായി ITR ഫയല്‍ ചെയ്യുന്നത്‌ വഴി നിരവധി ഗുണങ്ങളുണ്ട്‌. ഭാവിയില്‍ വിസ ആവശ്യങ്ങള്‍ക്കും, ബാങ്ക്‌ ലോണുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനും, ബിസിനസ്സിലെ നഷ്ടങ്ങള്‍ വരും വര്‍ഷങ്ങളിലേക്ക്‌ കാരി-ഫോര്‍വേഡ്‌ ചെയ്യുന്നതിനും (Carry forward losses) ഇത്‌ സഹായിക്കും. അതിനാല്‍ അവസാന നിമിഷത്തെ തിരക്കുകള്‍ ഒഴിവാക്കാന്‍ നിശ്ചിത സമയത്തിനകം തന്നെ നിങ്ങളുടെ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുക.

(ടാക്സ് ഫയലിംഗ് സംബന്ധിച്ച് ലേഖകന്റെ അഭിപ്രായങ്ങളാണ് ലേഖനത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഐ ടി ആർ ഫയൽ ചെയ്യുന്നതിന് മുമ്പ് വിദഗ്ദോപദേശം തേടേണ്ടതാണ്.)

Content Highlights:

Filing an Income Tax Return is a legal obligation for individuals and businesses meeting specified criteria in India. Even without tax liability, filing is mandatory if income exceeds basic exemption limits or under specific conditions like high bank deposits. Taxpayers must note the due dates for 2026 to avoid penalties and legal action.