Home LATEST NEWS malyalam പുതിയ വാർത്ത ഗസ്സയിൽ കുട്ടികളെ ലക്ഷ്യമിട്ടുള്ള ഇസ്റാഈൽ ആക്രമണം വംശഹത്യ: യു എൻ സമിതി

ഗസ്സയിൽ കുട്ടികളെ ലക്ഷ്യമിട്ടുള്ള ഇസ്റാഈൽ ആക്രമണം വംശഹത്യ: യു എൻ സമിതി

3
0

Source :- SIRAJLIVE NEWS

ന്യൂയോർക്ക് | ഗസ്സയിൽ ഫലസ്തീൻ കുട്ടികളെ ഇസ്റാഈൽ സൈന്യം ബോധപൂർവം ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നത് തുടരുന്നതായും ഇത് വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും ഭാഗമാണെന്നും ഐക്യരാഷ്ട്ര സഭ അന്വേഷണ സമിതി. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യു എൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. വെസ്റ്റ് ബാങ്കിലും ഇസ്റാഈൽ സമാനമായ യുദ്ധക്കുറ്റങ്ങൾ ആവർത്തിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്റാഈൽ യുദ്ധം ആരംഭിച്ചതു മുതൽ ഫലസ്തീൻ കുട്ടികൾക്കെതിരെ നടന്ന അതിക്രമങ്ങളാണ് സമിതി പ്രധാനമായും പരിശോധിച്ചത്. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നവജാത ശിശുക്കളുടെ പരിചരണ കേന്ദ്രങ്ങൾക്കും പ്രസവചികിത്സാ കേന്ദ്രങ്ങൾക്കും നേരെ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങൾ ഫലസ്തീനികളുടെ ഭാവി തലമുറയുടെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കി. ഇത് ഗർഭഛിദ്രം വർധിക്കുന്നതിനും കുട്ടികളിലെ ജന്മനായുള്ള വൈകല്യങ്ങൾക്കും കാരണമായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇസ്റാഈൽ ഏർപ്പെടുത്തിയ സഹായ ഉപരോധം ഗസ്സയിലെ കുട്ടികളിൽ കടുത്ത പട്ടിണി മരണങ്ങൾക്കും രോഗങ്ങൾ പടരുന്നതിനും വാക്സിനേഷൻ നിരക്ക് കുത്തനെ ഇടിയുന്നതിനും കാരണമായതായി സമിതി കണ്ടെത്തി. 2025 ഒക്ടോബറിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഇസ്റാഈൽ അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി കുട്ടികളെ കൊല്ലുന്നതും പരിക്കേൽപ്പിക്കുന്നതും തുടരുകയാണെന്ന് അന്വേഷണ സമിതി അധ്യക്ഷൻ ശ്രീനിവാസൻ മുരളീധരൻ പറഞ്ഞു. കുട്ടികളെ ലക്ഷ്യമിടുന്നതിലൂടെ ഫലസ്തീൻ ജനതയുടെ നിലനിൽപ്പിനെയും അവരുടെ ഭാവി നിർണ്ണയിക്കാനുള്ള ശേഷിയെയുമാണ് ഇസ്റാഈൽ ആക്രമിക്കുന്നത്.

കുട്ടികളെ കൊലപ്പെടുത്തുന്നതിന് പുറമെ വലിയ തോതിൽ അറസ്റ്റ് ചെയ്യുകയും ഇസ്റാഈൽ ജയിലുകളിൽ ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാക്കുകയും ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷാവസാനം ഇസ്റാഈൽ ജയിലുകളിൽ കഴിഞ്ഞിരുന്ന ഫലസ്തീൻ കുട്ടികളിൽ പകുതിയിലധികം പേരെയും കുറ്റപത്രമോ വിചാരണയോ ഇല്ലാതെയാണ് തടങ്കലിൽ വെച്ചിരുന്നത്. ഗസ്സയ്ക്ക് പുറമെ വെസ്റ്റ് ബാങ്കിലെ അനാഥാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്റാഈൽ സൈന്യം തകർത്തു. ഇത് കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വളർച്ചയെ സാരമായി ബാധിച്ചു. ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ഇസ്റാഈൽ സൈനിക യൂണിറ്റുകളെ യു എൻ സമിതി തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം യു എൻ കമ്മീഷന്റെ ഈ റിപ്പോർട്ടിനെ ജനീവയിലെ ഇസ്റാഈൽ മിഷൻ തള്ളിപ്പറഞ്ഞു. റിപ്പോർട്ട് വ്യാജമാണെന്നും ഹമാസിന്റെ ക്രൂരമായ തന്ത്രങ്ങളെ റിപ്പോർട്ട് അവഗണിച്ചതായും ഇസ്റാഈൽ ആരോപിച്ചു.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചും ഇസ്റാഈൽ ഫലസ്തീൻ സംഘർഷത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും അന്വേഷിക്കാൻ 2021 മേയ് മാസത്തിലാണ് യു എൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഈ സമിതിക്ക് രൂപം നൽകിയത്. ഇസ്റാഈൽ വംശഹത്യ നടത്തുന്നുണ്ടെന്ന് 2025 സെപ്റ്റംബറിലെ റിപ്പോർട്ടിലും ഈ സമിതി വ്യക്തമാക്കിയിരുന്നു.

Content Highlights:
A UN commission of inquiry revealed that Israel’s deliberate targeting of Palestinian children is part of the ongoing genocide in Gaza. The report noted children constitute 30% of deaths, facing starvation, detention, and torture, while Israel rejected the findings as defamatory.