Home LATEST NEWS malyalam പുതിയ വാർത്ത അരക്ഷിതമാണ് അവരുടെ ജീവിതങ്ങൾ

അരക്ഷിതമാണ് അവരുടെ ജീവിതങ്ങൾ

3
0

Source :- SIRAJLIVE NEWS

ലഹരിയുടെ ഉപയോഗം സമൂഹത്തെ ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നതെന്ന് ഏറെക്കുറെ ഇന്ന് ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കൗമാരക്കാരില്‍ ലഹരി ആദ്യം തകര്‍ക്കുന്നത് അവരുടെ തന്നെ ജീവിതമാണ്. ഒരു വ്യക്തിയുടെ സ്വഭാവരൂപവത്കരണവും ഭാവി ജീവിതത്തെ കുറിച്ചുള്ള സങ്കല്‍പ്പവും അത് യാഥാര്‍ഥ്യമാക്കാനുള്ള വൈജ്ഞാനിക ശ്രമവും നടക്കുന്നത് കൗമാരകാലത്താണ്. ഈ സമയം ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് മാറ്റങ്ങളെ കാണാന്‍ വേണ്ടി മാത്രമല്ല. അതിലൂടെ സ്വന്തം ജീവിതലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാനുള്ള പഠനശ്രമം കൂടിയാണ്. നിതാന്തമായ ശ്രദ്ധയും സൂക്ഷ്മമായ വിശകലനവും ഈ കാലത്താണ് വ്യക്തികളെ മാനസികമായും ശാരീരികമായും കരുത്തുറ്റതാക്കുന്നത്. ഇത് കേവലം ഒരു വ്യക്തിയുടെ ആവശ്യമായിട്ടാണ് നമുക്ക് തോന്നുക. എന്നാല്‍ ഓരോ കാലത്തെയും സാമൂഹിക രൂപവത്കരണ പ്രക്രിയയില്‍ അതാതു കാലത്തെ യുവതലമുറ നിര്‍വഹിച്ച ഇടപെടല്‍ ലോകചരിത്രത്തില്‍ കാണാം. അത് നമുക്ക് കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിലും സാംസ്‌കാരിക മതേതര ജീവിതത്തിലും അനുഭവപ്പെട്ടതാണ്. മാറിമാറി വരുന്ന സാമൂഹിക ജീവിതാവസ്ഥകളോട് യോജിച്ചും വിയോജിച്ചും മുന്നോട്ടുപോകാന്‍ തലമുറയെ പ്രാപ്തമാക്കുന്നത് നിരന്തരമായ സാമൂഹിക വിശകലനങ്ങളും രാഷ്ട്രീയ നിരീക്ഷണങ്ങളുമാണ്. അത് സാധ്യമാകണമെങ്കില്‍ അത്തരം യുവതലമുറയില്‍ കൃത്യമായ വിചിന്തനം നടക്കേണ്ടതുണ്ട്. അത് ആലോചനയിലൂടെ രൂപപ്പെടുന്നതാണ്. അതിന് ആദ്യം വേണ്ടത് തന്റെ ചിന്തയെ സ്വയം ചലിപ്പിക്കാനും സംരക്ഷിക്കാനും ഉള്ള സ്വാഭാവികമായ ശാരീരിക, മാനസിക അവസ്ഥകളാണ്. ഒരു വ്യക്തിയില്‍ വിപ്ലവ ബോധം ഉണ്ടാകുന്നത് ആ വ്യക്തി തനിക്ക് ചുറ്റുമുള്ള സമൂഹത്തിലെ അസമത്വങ്ങളെയും അരാഷ്ട്രീയത്തെയും തിരിച്ചറിയുമ്പോഴാണ്. ആ തിരിച്ചറിവ് വ്യക്തിയില്‍ ഉണ്ടാക്കുന്നതാകട്ടെ അയാളുടെ ചിന്താമണ്ഡലമാണ്. അതെപ്പോഴും പ്രസന്നവും ചലനാത്മകവുമായിരിക്കണം.

അത്തരം വ്യക്തികള്‍ ജീവിക്കുന്ന സമൂഹമാണ് നിരന്തരം നവീകരിക്കപ്പെടുന്നത്.നിരന്തരമായ അന്വേഷണങ്ങളും ഇടപെടലും ഏതൊരു സമൂഹത്തെയും കരുത്തുറ്റതാക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ എല്ലാകാലത്തും നടന്നിട്ടുണ്ട്. ഒരേ സമയം അത് മുതലാളിത്ത വ്യവസ്ഥയുടെ രാഷ്ട്രീയ ഇടപെടലും അരാഷ്ട്രീയ ജീവിതത്തിലൂടെ സമ്പത്ത് കൈയടക്കാനുള്ള വ്യക്തികളുടെ ഇടപെടലും വഴി സംഭവിക്കുന്നതാണ്. ഒരു സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്താനും ആ സമൂഹത്തിലെ മനുഷ്യ ജീവിതത്തെ അരക്ഷിതമാക്കാനും ആദ്യം ലക്ഷ്യം വെക്കുന്നത് യുവജനങ്ങളെയാണ്. കേരളത്തെ സംബന്ധിച്ച് ലോകമാതൃക എന്നോണം ശക്തിപ്രാപിച്ച ആരോഗ്യ, വിദ്യാഭ്യാസ, ജീവിത നിലവാരങ്ങളുണ്ട്്. അതിനെ തകര്‍ക്കണം എന്ന ബുദ്ധി, ജനാധിപത്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ഒരു വിഭാഗം അധികാര വര്‍ഗത്തിന്റെയും താത്പര്യങ്ങളാണ്. ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള അരാഷ്ട്രീയ വഴിയാണ് ലഹരിയുടെ വില്‍പ്പനയും ഉപയോഗവും സൃഷ്ടിക്കുന്നത്. അങ്ങനെ വ്യക്തികളെ അരാഷ്ട്രീയവത്കരിച്ച് സമൂഹത്തെ ജനാധിപത്യത്തിനും പുരോഗമന രാഷ്ട്രീയത്തിനും സ്ഥാനമില്ലാത്ത ഇടമാക്കുന്നു. അത്തരമൊരു താത്പര്യം കേരളത്തിലെ യുവജനങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടോ എന്ന് സംശയിച്ചാല്‍ നിഷേധിക്കാന്‍ കഴിയില്ല. ഒരുകാലത്ത് ചെറുതും വലുതുമായ സാമൂഹിക വിഷയങ്ങളില്‍ സമരാത്മക യൗവനത്തെ കേരളത്തിന്റെ പൊതുയിടങ്ങളില്‍ നിറയെ നാം കണ്ടതാണ്. ഈ കാലത്ത് സമരങ്ങള്‍ ഇല്ലാതാകുന്നത് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. മറിച്ച്, അതിനെ രാഷ്ട്രീയമായി സമീപിക്കാന്‍ പുതിയ യൗവനത്തിന് കഴിയാത്തതാണ്. കാരണം, അവര്‍ മറ്റൊരു മായാലോകത്തിലാണ്. ആ ലോകത്തെ നിര്‍മിച്ചത് ലഹരിയും.ലഹരി ഉപയോഗിക്കുന്ന ഒരു കുട്ടിയെ കണ്ടാല്‍ അത് ആ കുട്ടിയെ മാത്രം ബാധിക്കുന്ന വിഷയമായി പ്രത്യക്ഷത്തില്‍ നമുക്ക് തോന്നും. കുറച്ചുകൂടി അടുത്ത് നിന്ന് വിലയിരുത്തുമ്പോള്‍ ആ കുട്ടി കയറിച്ചെല്ലുന്ന വീട് മുഴുവന്‍ ആ ഒരൊറ്റ വ്യക്തിയാല്‍ അരക്ഷിതമാകുകയാണ്. അതിനൊപ്പം മറ്റുള്ള കുട്ടികളെ കൂടി അയാള്‍ സ്വാധീനിക്കുന്നു. അതുവരെ നിലവിലുണ്ടായിരുന്ന സൗഹൃദപരമായ വീടകങ്ങള്‍ വിദ്വേഷത്തിന്റെയും പകയുടെയും ഭീകരരൂപങ്ങളായി മാറുന്നു. ലഹരി ഉപയോഗിക്കാന്‍ ആവശ്യമായ പണത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍ ഒരിക്കലും ഒരിടത്തും സമാധാനപരമായോ സൗഹൃദപരമായോ നടക്കുന്നതല്ല. തന്റേതായ ചിന്തയില്‍ നിന്നും ബോധ്യങ്ങളില്‍ നിന്നും എന്നോ മാറിപ്പോയ ആ വീട്ടിലെ ഒരംഗത്തിന് തന്റെ മുന്നിലുള്ളത് മാതാപിതാക്കളോ സഹോദരീസഹോദരരോ ആണെന്ന് പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല. കാരണം, അയാളുടെ മുഴുവന്‍ ശ്രദ്ധയും ആവശ്യവും ലഹരിക്ക് വേണ്ടിയാകുന്നു. അതില്ലാത്ത അവസ്ഥയില്‍ ഒരു നിമിഷം പോലും മുന്നോട്ടുപോകാന്‍ കഴിയില്ല.ഇങ്ങനെ മുറിവേറ്റ ചിന്തകളും സ്വന്തം നിയന്ത്രണത്തിലല്ലാത്ത ശരീരവും ലഹരിക്ക് വേണ്ടി അയാളെ സ്വയം സമ്മര്‍ദപ്പെടുത്തുകയാണ്. ഈ സമ്മര്‍ദം കാരണം അയാളിലെ യഥാര്‍ഥ മനുഷ്യനെ അയാള്‍ക്ക് തിരിച്ചറിയാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നില്ല. അതുകൊണ്ടാണ് തന്നെ നൊന്തുപെറ്റ് വളര്‍ത്തിയ മാതാവിനെ നിഷ്പ്രയാസം കൊന്നുതള്ളാന്‍ കഴിയുന്നത്. ഒന്നിച്ച് കളിച്ചുവളര്‍ന്ന സഹോദരിയെ മാനഭംഗപ്പെടുത്താന്‍ കഴിയുന്നത്. ലഹരി ഉപയോഗം അത്രമാത്രം അയാളെ മറ്റൊരു വ്യക്തിയാക്കി മാറ്റിക്കഴിഞ്ഞു. ഇത് വ്യക്തിപരമായി ഒരു കുടുംബത്തിന്റെ വിഷയമായി കാണാന്‍ കഴിയാത്ത വിധം സാമൂഹിക പ്രശ്‌നമായി വളര്‍ന്നിട്ടുണ്ട്. ഇതിനോട് എങ്ങനെ സമൂഹത്തിലെ വിവിധ സംവിധാനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമെന്നത് ആലോചനക്കപ്പുറം പ്രയോഗവത്കരിക്കപ്പെടേണ്ട സമയം കഴിഞ്ഞു. അവിടെയാണ് ലഹരിക്കെതിരെ ഓപറേഷന്‍ തൂഫാന്‍ എന്ന സര്‍ക്കാര്‍ നടപടി ഗൗരവപ്പെട്ടതാകുന്നത്.  സാധാരണ പൗരന്മാര്‍ക്കും മറ്റ് വിവിധ മേഖലകളിലെ സവിശേഷ വ്യക്തിത്വങ്ങള്‍ക്കും സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും ഇതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട തികഞ്ഞ ഉത്തരവാദിത്വമുണ്ട്.         (തുടരും)