Home LATEST NEWS malyalam പുതിയ വാർത്ത നാഷനൽ സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റി; നാളെ വരെ അപേക്ഷിക്കാം

നാഷനൽ സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റി; നാളെ വരെ അപേക്ഷിക്കാം

4
0

Source :- SIRAJLIVE NEWS

ഗോള കായികരംഗത്ത് ഇന്ത്യ മുന്നേറുന്ന ഈ കാലഘട്ടത്തിൽ, കായിക മേഖലയെ മികച്ച കരിയറായി മാറ്റാൻ കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലുള്ള മണിപ്പൂരിലെ നാഷനൽ സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റി (എൻ എസ് യു) വിദ്യാർഥികൾക്ക് സുവർണാവസരമൊരുക്കുന്നു. ഇന്ത്യയിലെ ഈ ആദ്യത്തെ സമർപ്പിത കായിക സർവകലാശാലയിൽ പരമ്പരാഗത കോഴ്‌സുകളിൽ നിന്ന് ഭിന്നമായി കായിക ശാസ്ത്രം, പ്രൊഫഷനൽ കോച്ചിംഗ്, സ്‌പോർട്‌സ് മാനേജ്‌മെന്റ്, അപ്ലൈഡ് ന്യൂട്രീഷൻ തുടങ്ങിയ നവയുഗ മേഖലകളിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും ഗവേഷണ സൗകര്യങ്ങളും നൽകുന്നത്. ആഗോള വിപണിയിൽ വലിയ ഡിമാൻഡുള്ള ഈ കായിക കോഴ്‌സുകളിലൂടെ മികച്ച കരിയർ ലക്ഷ്യമിടുന്നവർക്കായി 2026-2027 അധ്യയന വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

കോഴ്‌സുകളും ഘടനയും

ദേശീയ വിദ്യാഭ്യാസ നയം (NEP 2020) വിഭാവനം ചെയ്യുന്ന വിപ്ലവാത്മകമായ മാറ്റങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ടാണ് നാഷനൽ സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റിയിലെ പാഠ്യപദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ താത്പര്യത്തിനനുസരിച്ച് പഠനം ക്രമീകരിക്കാൻ സഹായിക്കുന്ന മൾട്ടിപ്പിൾ എൻട്രി-എക്‌സിറ്റ് ഓപ്ഷനുകൾ കോഴ്‌സുകളുടെ പ്രത്യേകതയാണ്.

ബിരുദ കോഴ്‌സുകൾ

ബി എസ്‌സി സ്‌പോർട്‌സ് കോച്ചിംഗ്:കാലാവധി നാല് വർഷം (എട്ട് സെമസ്റ്ററുകൾ). വെറുമൊരു കോച്ചിംഗ് അനുഭവത്തിനപ്പുറം കായിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ കോച്ചിംഗിനെ സമീപിക്കാൻ ഈ കോഴ്‌സ് വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. ആർച്ചറി, അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ബോക്‌സിംഗ്, ഫുട്‌ബോൾ, ഷൂട്ടിംഗ്, നീന്തൽ, വെയ്റ്റ്‌ലിഫ്റ്റിംഗ്, ഫെൻസിംഗ്, വുഷു എന്നീ പത്ത് കായിക ഇനങ്ങളിൽ സ്‌പെഷ്യലൈസേഷൻ ഇതിൽ ലഭ്യമാണ്.

ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ്: കാലാവധി മൂന്ന് വർഷം (ആറ് സെമസ്റ്ററുകൾ). കായിക വിദ്യാഭ്യാസം, ഫിറ്റ്‌നസ് മാനേജ്‌മെന്റ്, കായിക ഭരണം എന്നിവയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സമഗ്രമായ ബിരുദ കോഴ്‌സാണിത്.

ബിരുദാനന്തര കോഴ്‌സുകൾ

എം എസ്‌സി സ്‌പോർട്‌സ് കോച്ചിംഗ്: കാലാവധി രണ്ട് വർഷം (നാല് സെമസ്റ്ററുകൾ). കായിക ഇനങ്ങളിലെ അത്യാധുനിക തന്ത്രങ്ങളും സാങ്കേതികതകളും വിശകലനം ചെയ്യുന്നതിനുള്ള വിപുലമായ പഠനം.

എം എസ്‌സി സ്‌പോർട്‌സ് സൈക്കോളജി: കാലാവധി രണ്ട് വർഷം (നാല് സെമസ്റ്ററുകൾ). കായികതാരങ്ങളുടെ മാനസികാരോഗ്യം, സമ്മർദ മാനേജ്‌മെന്റ്, പ്രകടന മികവ് വർധിപ്പിക്കുന്നതിനുള്ള മാനസിക പരിശീലനങ്ങൾ എന്നിവക്ക് ഊന്നൽ നൽകുന്ന കോഴ്‌സ്.

മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ്: കാലാവധി രണ്ട് വർഷം (നാല് സെമസ്റ്ററുകൾ). ഫിസിക്കൽ എജ്യുക്കേഷൻ രംഗത്തെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള മികച്ച അവസരം.

എം എസ്‌സി അപ്ലൈഡ് സ്‌പോർട്‌സ് ന്യൂട്രീഷൻ: കാലാവധി രണ്ട് വർഷം (നാല് സെമസ്റ്ററുകൾ). കായികതാരങ്ങളുടെ ഭക്ഷണക്രമം, ഊർജ പരിപാലനം എന്നിവ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ഒരു വർഷത്തെ വിജയകരമായ പഠനത്തിനും ഇന്റേൺഷിപ്പിനും ശേഷം കോഴ്‌സ് നിർത്തുന്നവർക്ക് “പി ജി ഡിപ്ലോമ ഇൻ സ്‌പോർട്‌സ് ന്യൂട്രീഷൻ’നൽകുന്ന എക്‌സിറ്റ് ഓപ്ഷൻ ഇതിന്റെ പ്രത്യേകതയാണ്.

യോഗ്യതകളും മാനദണ്ഡങ്ങളും

ദേശീയ തലത്തിലുള്ള കണിശമായ മാനദണ്ഡങ്ങളാണ് അഡ്മിഷനായി സർവകലാശാല നിശ്ചയിച്ചിരിക്കുന്നത്.
ബി എസ്‌സി (സ്‌പോർട്‌സ് കോച്ചിംഗ്) & ബി പി ഇ എസ്: അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നുള്ള പ്ലസ് ടു (12ാം ക്ലാസ്സ്) അല്ലെങ്കിൽ തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം (എസ് സി/എസ് ടി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും). ബി എസ്‌സി സ്‌പോർട്‌സ് കോച്ചിംഗ് കോഴ്‌സിന് അപേക്ഷിക്കുന്നവർ കുറഞ്ഞത് ജില്ലാതല കായിക മത്സരങ്ങളിലോ ഇന്റർ സ്‌കൂൾ ജില്ലാ മത്സരങ്ങളിലോ പങ്കെടുത്ത കായിക പശ്ചാത്തലമുള്ളവരായിരിക്കണം.

എം എസ്‌സി (സ്‌പോർട്‌സ് കോച്ചിംഗ്): നാല് വർഷത്തെ ബി എസ്‌സി (സ്‌പോർട്‌സ് കോച്ചിംഗ്) ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തെ ബി പി എഡ്/ബി പി ഇ എസ്/ ബി എസ്‌സി (ഫിസിക്കൽ എജ്യുക്കേഷൻ) ബിരുദത്തോടൊപ്പം സ്‌പോർട്‌സ് കോച്ചിംഗിലുള്ള പി ജി ഡിപ്ലോമ/ഡിപ്ലോമ യോഗ്യത. ജനറൽ/ഒ ബി സി/ഇ ഡബ്ല്യു എസ് വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്കും എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്കും നിർബന്ധമാണ്.

എം എസ്‌സി (സ്‌പോർട്‌സ് സൈക്കോളജി): സൈക്കോളജിയിൽ ബി എ/ബി എ (ഓണേഴ്‌സ്) അല്ലെങ്കിൽ ബി പി എഡ്/ബി പി ഇ എസ്/ബി എസ്‌സി (സ്‌പോർട്‌സ് കോച്ചിംഗ്) അല്ലെങ്കിൽ സൈക്കോളജി, സ്‌പോർട്‌സ് സൈക്കോളജി ഒരു പ്രധാന വിഷയമായി പഠിച്ച ഏതെങ്കിലും ബിരുദം (50 ശതമാനം മാർക്ക്, എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 45 ശതമാനം).

എം എസ്‌സി (അപ്ലൈഡ് സ്‌പോർട്‌സ് ന്യൂട്രീഷൻ): ന്യൂട്രീഷൻ, ഹോം സയൻസ്, ഫുഡ് സയൻസ് ബിരുദം അല്ലെങ്കിൽ സ്‌പോർട്‌സ് സയൻസ്, ഫിസിയോളജി, ബയോകെമിസ്ട്രി, ബി പി ഇ എസ്, ബി പി എഡ്, ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ്, അപ്ലൈഡ് ന്യൂട്രീഷൻ ആൻഡ് പബ്ലിക് ഹെൽത്ത്, സുവോളജി, ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ (ബി എ എം എസ്) എന്നിവയിലുള്ള ബിരുദമോ, അല്ലെങ്കിൽ സ്‌പോർട്‌സ് ന്യൂട്രീഷൻ ഒരു വിഷയമായി ഉൾപ്പെടുന്ന മറ്റ് ബിരുദ കോഴ്‌സുകളോ പാസ്സായവർക്ക് അപേക്ഷിക്കാം. (50 ശതമാനം മാർക്ക്, എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 45 ശമതാനം).

എം പി ഇ എസ്: അംഗീകൃത ബി പി ഇ എസ് അല്ലെങ്കിൽ തത്തുല്യ ബിരുദം 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം (എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 45 ശതമാനം).

പ്രവേശനപ്പരീക്ഷ

നാഷനൽ സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റിയിലെ പ്രവേശനം പൂർണമായും സുതാര്യമായ ദേശീയതല എൻട്രൻസ് പരീക്ഷ (എൻ എസ് യു ഇ ഇ) വഴിയാണ് നടക്കുന്നത്. ഒബ്ജക്റ്റീവ് രീതിയിലുള്ള ഓഫ്‌ലൈൻ എഴുത്തുപരീക്ഷക്ക് പുറമെ, കായികക്ഷമതയും മുൻകാല കായിക നേട്ടങ്ങളും വിലയിരുത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

ബിരുദ കോഴ്‌സുകൾ: ആകെ 200 മാർക്കിലാണ് മൂല്യനിർണയം നടക്കുന്നത്. ഇതിൽ എഴുത്തുപരീക്ഷക്ക് 100 മാർക്കും ഫിസിക്കൽ ഫിറ്റ്‌നസിന് 40 മാർക്കും ഗെയിം പ്രൊഫിഷ്യൻസി (കളിയിലെ മികവ്), സ്‌പോർട്‌സ് അച്ചീവ്‌മെന്റ് എന്നിവയ്ക്ക് 30 മാർക്ക് വീതവുമാണ് നൽകുന്നത്.

ബിരുദാനന്തര കോഴ്‌സുകൾ (പി ജി): കോഴ്‌സുകൾക്കനുസരിച്ച് ആകെ 150 മുതൽ 200 വരെ മാർക്കിലാണ് പ്രവേശന നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. എഴുത്തുപരീക്ഷക്കുള്ള 100 മാർക്കിനൊപ്പം ഫിസിക്കൽ ഫിറ്റ്‌നസ്/അഭിമുഖം (ഗെയിം പ്രൊഫിഷ്യൻസി, മുൻകാല കായിക നേട്ടങ്ങൾ) എന്നിവ കൂടി വിലയിരുത്തിയാണ് പി ജി കോഴ്‌സുകളിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.

എല്ലാ കോഴ്‌സുകൾക്കും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 45 ശതമാനം മാർക്ക് നേടേണ്ടത് അനിവാര്യമാണ്. കൂടാതെ ഫിസിക്കൽ ഫിറ്റ്‌നസ്, ഗെയിം പ്രൊഫിഷ്യൻസി ടെസ്റ്റുകളിൽ 50 ശതമാനം മാർക്കും നേടണം. പരീക്ഷാ മാധ്യമം പൂർണമായും ഇംഗ്ലീഷ് ആയിരിക്കും. കേരളത്തിലെ വിദ്യാർഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ പരീക്ഷ എഴുതാൻ സൗകര്യമുണ്ട്. തിരുവനന്തപുരം കാര്യവട്ടത്തുള്ള ലക്ഷ്മീഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (LNCPE) ഒരു പ്രധാന പരീക്ഷാ കേന്ദ്രമാണ്.

അപേക്ഷാ വിവരങ്ങൾ

വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.nsu.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. ഒരു കോഴ്‌സിന് 1,000 രൂപ വീതമാണ് അപേക്ഷാ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഈ തുക ഓൺലൈൻ ബേങ്കിംഗ് സംവിധാനങ്ങൾ വഴി മാത്രമേ അടയ്ക്കാൻ സാധിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന അവസാന തീയതി നാളെ. ഇതിനുശേഷമുള്ള ദേശീയതല പ്രവേശന പരീക്ഷ (NSUEE) ജൂലൈ 14നും കായികക്ഷമതയും അഭിമുഖവും പരിശോധിക്കുന്ന ഫിസിക്കൽ ഫിറ്റ്‌നസ്/അഭിമുഖം ടെസ്റ്റുകൾ 15 മുതൽ 17 വരെയുള്ള തീയതികളിലും നടക്കും. പ്രവേശന പരീക്ഷയുടെ അന്തിമ ഫലപ്രഖ്യാപനം 27ന് നടക്കുകയും പുതിയ അധ്യയന വർഷത്തെ ക്ലാസ്സുകൾ ആഗസ്റ്റ് പത്തോടെ ആരംഭിക്കുകയും ചെയ്യും.

കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള നിയമപരമായ സംവരണങ്ങൾ ഈ പ്രവേശന പ്രക്രിയയിൽ പൂർണമായും ബാധകമാണ്. കൂടാതെ, ആകെ സീറ്റുകളുടെ 30 ശതമാനം വനിതകൾക്കായി പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട് എന്നത് കായികരംഗത്തെ വനിതാ മുന്നേറ്റങ്ങൾക്ക് വലിയ കരുത്താകും. അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച കായികതാരങ്ങൾക്കും നാഷനൽ മെഡൽ ജേതാക്കൾക്കും സർവകലാശാലാ നിയമങ്ങൾക്ക് വിധേയമായി നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്.

സ്‌കോളർഷിപ്പ്

നാഷനൽ സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളാണ്. അത്യാധുനിക സ്‌പോർട്‌സ് സൈക്കോളജി ലാബ്, അപ്ലൈഡ് ന്യൂട്രീഷൻ ലാബ്, സ്‌പോർട്‌സ് ഫിസിയോളജി ലാബ് എന്നിവ കായിക ശാസ്ത്ര ഗവേഷണങ്ങൾക്ക് പുതിയ ദിശ നൽകുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകൾ, അത്യാധുനിക നീന്തൽക്കുളം, ഇൻഡോർ മൾട്ടി പർപ്പസ് ഹാളുകൾ, ഷൂട്ടിംഗ് റേഞ്ച് എന്നിവ ഇവിടെ സജ്ജമാണ്.

പഠനത്തിൽ മികവ് പുലർത്തുന്നവർക്കായി വിവിധ സ്‌കോളർഷിപ്പുകളും സർവകലാശാല നൽകിവരുന്നുണ്ട്. “യൂനിവേഴ്‌സിറ്റി മെറിറ്റ് സ്‌കോളർഷിപ്പ് (UMS)’, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രതിഭകൾക്കായുള്ള “മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് (UMCMS)’, മികച്ച കായിക നേട്ടങ്ങൾ കൈവരിക്കുന്നവർക്കുള്ള “യൂനിവേഴ്‌സിറ്റി സ്‌പോർട്‌സ് മെറിറ്റ് സ്‌കോളർഷിപ്പ് (USMS)’എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

കരിയർ സാധ്യതകൾ

ഇന്ന് കായിക മേഖല എന്നത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള ഒരു ആഗോള വ്യവസായമാണ്. ഈ രംഗത്ത് പ്രൊഫഷനൽ യോഗ്യതയുള്ള വിദഗ്‌ധർക്ക് വലിയ ഡിമാൻഡാണുള്ളത്. എൻ എസ് യുവിൽ വിജയകരമായി പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കായിക അധ്യാപകർ, പ്രൊഫഷനൽ കോച്ചുകൾ, സ്‌പോർട്‌സ് സൈക്കോളജിസ്റ്റുകൾ, സ്‌പോർട്‌സ് ന്യൂട്രീഷ്യനിസ്റ്റുകൾ, ഫിറ്റ്‌നസ് ട്രെയിനർമാർ, കായിക ഗവേഷകർ, സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേറ്റർമാർ തുടങ്ങിയ തസ്തികകളിൽ കേന്ദ്ര-സംസ്ഥാന കായിക വകുപ്പുകളിലും സായ് കേന്ദ്രങ്ങളിലും പ്രമുഖ പ്രൈവറ്റ് സ്‌പോർട്‌സ് അക്കാദമികളിലും ഉയർന്ന ശമ്പളത്തിൽ കരിയർ കെട്ടിപ്പടുക്കാൻ സാധിക്കും.

സർവകലാശാലയുടെ സജീവമായ ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് സെൽ വഴി മുൻവർഷങ്ങളിൽ നിരവധി വിദ്യാർഥികൾ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഇതിനകം തന്നെ നിയമനം നേടിയിട്ടുണ്ട്. കായിക മേഖലയിൽ ശാസ്ത്രീയമായ പരിശീലനവും അക്കാദമിക മികവും ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ആഗോള നിലവാരത്തിലുള്ള കരിയർ രൂപപ്പെടുത്താൻ മണിപ്പൂരിലെ നാഷനൽ സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റി മികച്ച പശ്ചാത്തലം ഒരുക്കുന്നു. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Content Highlights:
The National Sports University in Manipur has opened admissions for various undergraduate and postgraduate programs for the 2026-2027 academic year. The university offers advanced courses in sports coaching, psychology, management, and applied nutrition. The deadline to submit online applications via the official website is tomorrow.