Source :- SIRAJLIVE NEWS
സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക സാഹചര്യങ്ങളാല്‍ രൂപവത്കരിക്കപ്പെട്ട ഒട്ടനവധി സംഘടനകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അവയില്‍ മിക്കതും പിന്നീട് നാമാവശേഷമാകുകയോ ആശയവൈകല്യം നേരിടുകയോ അടിത്തറയില്ലാതായി പോകുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ 1926 ജൂണ്‍ 26ന് കോഴിക്കോട് കേന്ദ്രമായി അക്കാലത്തെ മഹത്തുക്കളായ നേതാക്കളാല്‍ രൂപവത്കരിക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്തമാണ്. പതിറ്റാണ്ടുകള്‍ കഴിയുംതോറും സമസ്തയുടെ ജനകീയാടിത്തറയും പിന്തുണയും സ്വീകാര്യതയും വര്‍ധിക്കുകയും കൂടുതല്‍ പോഷക സംഘടനകള്‍ രൂപപ്പെടുകയും പ്രവര്‍ത്തനമണ്ഡലം വിശാലമാകുകയുമാണുണ്ടായത്. രൂപവത്കരണ കാലത്ത് മഹത്തുക്കളായ പണ്ഡിതന്മാര്‍ മുന്നില്‍ കണ്ട ആശയാദര്‍ശങ്ങളില്‍ നിന്നും നയനിലപാടുകളില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെയാണ് ഈ മഹാപ്രസ്ഥാനം ഇപ്പോഴും മുന്നോട്ട് പോകുന്നത് എന്നാണ് എടുത്തുപറയേണ്ട പ്രധാനകാര്യം.
മുസ്‌ലിം സമൂഹം പലവിധത്തില്‍ അരക്ഷിതാവസ്ഥ നേരിട്ട ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് സമസ്തയുടെ അനിവാര്യതയെ കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ചചെയ്യുന്നത്. വിശ്വാസി ജനതക്ക് നേരെ ബ്രിട്ടീഷ് ഭരണകൂടം പലവിധം അടിച്ചമര്‍ത്തലുകള്‍ കൊണ്ടുവന്ന കാലം. മലബാറില്‍ സമരങ്ങളും വാഗന്‍ കൂട്ടക്കൊല ഉള്‍പ്പെടെയുള്ള ദുരന്തങ്ങളും അരങ്ങേറി. കുടുംബനാഥര്‍ വേട്ടയാടപ്പെട്ടു. ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വം നല്‍കിയിരുന്ന പല പ്രമുഖരും വധശിക്ഷക്ക് വിധേയരാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. ഇത് സമൂഹത്തെ കൂടുതല്‍ അനാഥമാക്കി. ഈ അരക്ഷിതാവസ്ഥ സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥിതിയെയും കാര്യമായി ബാധിച്ചിരുന്നു. മുസ്‌ലിംകള്‍ക്കിടയിലെ പിന്നാക്കാവസ്ഥ മുതലെടുത്ത് ഈ സമയത്തു തന്നെ ബ്രിട്ടീഷ് പിന്തുണയുള്ള ചില കൂട്ടായ്മകളും മലബാറില്‍ പ്രത്യക്ഷമായി.
പരിഷ്‌കരണമെന്ന പേരില്‍ അവര്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.
സമൂഹം അഭിമുഖീകരിച്ച ഈ സവിശേഷ അന്തരീക്ഷത്തെ നേരിടാന്‍ തന്നെ അക്കാലത്തെ പണ്ഡിതര്‍ തയ്യാറായി. അഹ്്മദ് കോയ ശാലിയാത്തി, പാങ്ങില്‍ അഹ്്മദ് കുട്ടി മുസ്‌ലിയാര്‍, അച്ചിപ്ര കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതര്‍ മുസ്‌ലിം സമൂഹത്തിന് വൈജ്ഞാനികവും സാമൂഹികവുമായ ഉണര്‍വ് നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ വസതിയില്‍ ഒരുമിച്ച് കൂടി. തുടര്‍ന്ന് കോഴിക്കോട് കുറ്റിച്ചിറ ജുമുഅ മസ്ജിദില്‍ ഒരു പണ്ഡിത സംഗമം വിളിച്ചു ചേര്‍ക്കുകയും അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കുകയുമുണ്ടായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തി കോഴിക്കോട് ടൗണ്‍ ഹാളില്‍ പണ്ഡിത മഹാ സമ്മേളനം വിളിച്ചു ചേര്‍ക്കുക എന്നതായിരുന്നു മേല്‍ കമ്മിറ്റിയുടെ പ്രധാന ചുമതല. 1926 ജൂണ്‍ 26ന് കോഴിക്കോട് ചരിത്ര സംഗമത്തിന് വേദി ഉണര്‍ന്നു. കോഴിക്കോട് ഖാസി സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹാ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹാ പ്രസ്ഥാനം പിറവിയെടുത്തു. സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്റും പള്ളിവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ കോഴിക്കോട് ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റി നിലവില്‍ വന്നു. അക്കാലം മുതല്‍ സമുദായത്തിന്റെ സാമൂഹിക വികാസം സാധ്യമാക്കാനുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും കൃത്യമായ ആസൂത്രണങ്ങളോടെ ഘട്ടം ഘട്ടമായി നടപ്പാക്കി.
സമസ്തയുടെ നിയമാവലിയില്‍ ഒന്നാം നമ്പറായി ചേര്‍ത്ത അഞ്ച് ഉപക്ഷേപങ്ങളിലായുള്ള ഉദ്ദേശ ലക്ഷ്യങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശങ്ങള്‍ സംരക്ഷിക്കുക, മതവിശ്വാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പുറമേ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവര്‍ത്തിക്കുക തുടങ്ങിയ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് തെല്ലുമിടറാതെയും ഊര്‍ജമുള്‍ക്കൊണ്ടുമാണ് സമസ്ത ഇന്നും പ്രവര്‍ത്തിക്കുന്നത്.
തിരുനബി(സ)യുടെ കാലത്തുതന്നെ അവിടുത്തെ ജീവിതം നേരിട്ടു ദര്‍ശിച്ച് മനസ്സിലാക്കിയ സ്വഹാബികളിലൂടെ പ്രസരിച്ച ദീനാണ് നാളത്രയും ഇവിടെ നിലനിന്നിരുന്നത് എന്നതിനാല്‍ ഇസ്‌ലാമിക ആശയാദര്‍ശത്തെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഉള്‍പ്പെടെ ആദ്യകാലത്തും പിന്നീടും വന്ന മഹത്തുക്കളായ ഉലമാക്കളുടെ നേതൃത്വത്തില്‍ വ്യവസ്ഥാപിതമായി നിലനിന്നിരുന്ന ദര്‍സുകളിലൂടെ മുസ്‌ലിം സമൂഹം ഇക്കാര്യത്തില്‍ വലിയ അറിവാര്‍ജിച്ചിരുന്നു. ബ്രിട്ടീഷ് അതിക്രമങ്ങള്‍ വ്യാപകമായ കാലത്ത് ഈ വൈജ്ഞാനിക പ്രസരണത്തിന്റെ തോത് അല്‍പ്പം കുറഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണ് പുത്തനാശയ സംഘങ്ങള്‍ ശ്രമമാരംഭിച്ചത്.
വിശ്വാസികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു പാരമ്പര്യ നിഷേധവും അന്ധമായ മതപരിഷ്‌കരണ വാദവും അജന്‍ഡയാക്കിയ നവീന തീവ്ര ചിന്താഗതിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് നടന്നിരുന്നത്. അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ നവീന വാദങ്ങളും തീവ്ര ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു. ആദര്‍ശ രംഗത്ത് കൃത്യമായ പദ്ധതികള്‍ തന്നെ ഇതേ തുടര്‍ന്നുണ്ടായി. വഅ്‌ളുകളും സംവാദങ്ങളും പ്രസിദ്ധീകരണങ്ങളും പുത്തന്‍വാദികളുടെ ആശയ പാപ്പരത്തം വെളിപ്പെടുത്തി. ഗ്രാമങ്ങളിലുള്‍പ്പെടെ ഒരിടത്തും അവര്‍ക്ക് ഒട്ടും വേരോട്ടം ലഭിക്കാതെ പോയി. വിശ്വാസികള്‍ ഏകീകരിക്കപ്പെട്ടു എന്നതാണ് മറ്റൊരു പ്രധാന നേട്ടങ്ങളിലൊന്ന്. പ്രാദേശികമായി പല ആളുകളുടെ പേരില്‍ ഒത്തൊരുമിക്കുക എന്നതിനപ്പുറം ഒരേ ആശയത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കാനായി. ഇത് അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നതില്‍ നിന്നും തീവ്ര ചിന്താഗതികളില്‍ നിന്നും അവരെ സംരക്ഷിച്ചു.
പുത്തന്‍വാദികള്‍ക്കെതിരെയും സുന്നി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായുമുള്ള സമസ്തയുടെ ഉലമാക്കളുടെ വിവിധ പരിപാടികളും പദ്ധതികളും കണ്ടാണ് എന്റെ ദര്‍സ് പഠനകാലം സമ്പന്നമാകുന്നത്. ഉലമാക്കള്‍ക്ക് ഓരോ നാടിന്റെയും മുക്കുമൂലകളിലെത്തി സുന്നത്ത് ജമാഅത്തിനെ സംരക്ഷിക്കാനും സുന്നികളെ ശക്തിപ്പെടുത്താനും ആദ്യകാലം മുതല്‍ തന്നെ അവസരമുണ്ടായിട്ടുണ്ട്. സമസ്തയോടൊപ്പം നില്‍ക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതില്‍ ഈ കാഴ്ചകള്‍ക്ക് വലിയ പങ്കുണ്ട്. സമസ്തയുടെ സമുന്നത നേതാക്കളായ അല്ലാമാ ശാലിയാത്തി, പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പറവണ്ണ മുഹിയദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, മലയമ്മ നാരകശ്ശേരി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ സ്വദഖത്തുല്ല മുസ്‌ലിയാര്‍ തുടങ്ങി സമസ്തയുടെ ആദ്യകാല നേതാക്കളെ പഠനകാലത്തുതന്നെ ഉസ്താദുമാര്‍ക്കൊപ്പവും മറ്റും നേരില്‍ കാണുകയും ഉപദേശങ്ങളും ഇജാസത്തുകളും സ്വീകരിക്കാന്‍ ഭാഗ്യമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
പ്രസംഗകന്‍ എന്ന നിലയില്‍ പഠന- പഠനാനന്തര കാലത്ത് സ്വാഭാവികമായി സമസ്തയുടെയും സുന്നി യുവജന സംഘത്തിന്റെയും പരിപാടികളില്‍ സജീവമായ കാലത്താണ് പൂനൂരിനടുത്ത കോളിക്കലില്‍ കൊരൂര്‍ വ്യാജ ത്വരീഖത്തിനെതിരെ പൊതുസമ്മേളനം നടക്കുന്നത്. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ച സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞത് ഞാനായിരുന്നു. അദ്ദേഹത്തെ ആ പ്രസംഗം ഏറെ ആകര്‍ഷിച്ചിരിക്കണം. വേദിയില്‍ വെച്ച് തന്നെ അദ്ദേഹം അഭിനന്ദിക്കുകയും സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണമെന്ന് ഉപദേശിക്കുകയും ചെയ്തു. അധികം വൈകാതെ അദ്ദേഹം സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ക്ഷണിക്കുകയുമുണ്ടായി.
സമസ്തയുമായി ബന്ധപ്പെട്ട എന്റെ ഓര്‍മകളില്‍ മറക്കാനാകാത്ത ഒരു യോഗമായിരുന്നു 1971 ഫെബ്രുവരിയില്‍ കോഴിക്കോട് ഹിദായത്തു സിബിയാന്‍ മദ്റസാ ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപവത്കരണ യോഗം. പണ്ഡിതന്മാര്‍ സംഘടിച്ചു പ്രവര്‍ത്തിക്കാനും ആധുനിക, മോഡേണിസ്റ്റ് പുത്തനാശയക്കാരുടെ സംഘടിത പ്രവര്‍ത്തനത്തെ നേരിടാനും ശരീഅത്ത് നിയമം മാറ്റി എഴുതാനുള്ള വെല്ലുവിളി ധീരമായി നേരിടാന്‍ രംഗത്തിറങ്ങി പ്രവര്‍ത്തിക്കാനും യോഗത്തില്‍ പ്രസംഗിച്ച കെ പി ഉസ്മാന്‍ സാഹിബ്, എ സി എസ് ബീരാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തത് ഓര്‍ക്കുന്നു. ആദര്‍ശ പ്രചാരണവും താലൂക്ക് ഘടകങ്ങള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം സജീവമാക്കലുമായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. സമസ്തയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ ജില്ലാ ഘടകങ്ങള്‍ നല്‍കിയ സംഭാവന ചെറുതായിരുന്നില്ല. അയനിക്കാട് പി ഇബ്റാഹീം മുസ്‌ലിയാര്‍ പ്രസിഡന്റും അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായി അന്ന് രൂപവത്കരിച്ച പ്രഥമ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലാണ് ജോയിന്റ് സെക്രട്ടറിയായി സമസ്തയുടെ ഔദ്യോഗിക ചുമതലയിലേക്ക് ഞാന്‍ വരുന്നത്. അംഗങ്ങള്‍ ഉള്‍പ്പെടെ 38 പേരായിരുന്നു ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. കൊയിലാണ്ടി, വടകര, കോഴിക്കോട്, തെ.വയനാട് എന്നീ താലൂക്കുകളില്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ അന്ന് തീരുമാനിക്കുകയും ഇതിനായി കമ്മിറ്റിയംഗങ്ങളെ ചുമതലയേല്‍പ്പിക്കുകയും ചെയ്തിരുന്നു.
സമസ്തയുടെയും എസ് വൈ എസിന്റെയും സംസ്ഥാന ഭാരവാഹിത്വങ്ങളും ചുമതലകളും ഏല്‍പ്പിക്കപ്പെടാന്‍ അത് നിമിത്തമായി. സമസ്തയുടെ പില്‍ക്കാല പദ്ധതികളിലെല്ലാം ഭാഗമാകാന്‍ അതുമുഖേന അവസരം കൈവന്നു. സമസ്ത ഓഫീസ് സെക്രട്ടറി, നൂരിശ ത്വരീഖത് പഠനസമിതി, പട്ടിക്കാട് ജാമിഅ നൂരിയ്യ കമ്മിറ്റി, സമസ്ത സിലബസ് സമിതി, ആള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ അഡ്‌ഹോക്ക് കമ്മിറ്റി, വിദ്യാഭ്യാസ ബോര്‍ഡ്, കോഴിക്കോട്ടെ സമസ്ത ആസ്ഥാന നിര്‍മാണ കമ്മിറ്റി തുടങ്ങിയവയിലെ അംഗത്വം അവയില്‍ ചിലതാണ്. സമസ്ത കേന്ദ്ര മുശാവറയിലെ ജോയിന്റ് സെക്രട്ടറി പദവി ഉള്‍പ്പെടെയുള്ള ചുമതലകളിലേക്ക് കടന്നുവരുന്നത് അങ്ങനെയാണ്.
ഇന്നിപ്പോള്‍ വളരെ വ്യവസ്ഥാപിതവും വിപുലവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാറിക്കഴിഞ്ഞു. എന്നാല്‍ ഇതിനിടെ വിദ്യാഭ്യാസവും സാമൂഹികവുമായ ക്രമീകരണത്തിലൂടെ ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ സമൂഹത്തെ സമസ്തക്ക് അഭിമുഖീകരിക്കേണ്ടി വന്നു. സമൂഹത്തിന്റെ തീവ്ര-വര്‍ഗീയ നിലപാടുകള്‍ക്കെതിരെ നിലപാടെടുക്കുകയും സമാധാനത്തിനു വേണ്ടി നിരന്തരം ശബ്ദിക്കുകയും ചെയ്തു. ജനങ്ങളെ സാംസ്‌കാരികമായി അഭിവൃദ്ധിപ്പെടുത്തിയ ഒട്ടനേകം പദ്ധതികള്‍ നിറവേറ്റി.
ഒരു നൂറ്റാണ്ടോളം കേരളീയ മുസ്‌ലിം സമൂഹത്തെ മുന്നോട്ട് നയിച്ച, ആത്മീയമായും വിദ്യാഭ്യാസപരമായും വെളിച്ചം നല്‍കിയ ഒരു സംഘടന നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ചരിത്രത്തിലേക്കും നിലപാടുകളിലേക്കും ആദര്‍ശ ദൃഢതയിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാകുന്നുണ്ട് അത്. സമകാലിക ലോകം പലവിധ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് ഈ പണ്ഡിത സഭക്ക് ഇനിയും കൂടുതല്‍ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. നാളിതുവരെയുള്ള ആദര്‍ശ- പ്രവര്‍ത്തന കരുത്തില്‍ സമസ്തയുടെ അജയ്യ നേതൃത്വം പ്രഖ്യാപിച്ച കര്‍മ പദ്ധതികളുമായി ഈ നൂറ്റാണ്ടിന്റെ നിറവ് നമുക്ക് ആഘോഷിക്കാം.
Content Highlights:
Samastha Kerala Jamiyyathul Ulama is celebrating its centenary of safeguarding traditional Islamic values since 1926. Established in Kozhikode by prominent scholars like Varakkal Mullakoya Thangal, it successfully resisted extremist ideologies. The organization has expanded significantly into educational and social sectors while maintaining its core principles.




