Home BUSINESS NEWS MALYALAM ‘ഉത്തരം മുട്ടുമ്പോള്‍ പരദൂഷണം പറയരുത്’; ലക്ഷ്മി പ്രിയയ്ക്കെതിരെ ഭാഗ്യലക്ഷ്മി

‘ഉത്തരം മുട്ടുമ്പോള്‍ പരദൂഷണം പറയരുത്’; ലക്ഷ്മി പ്രിയയ്ക്കെതിരെ ഭാഗ്യലക്ഷ്മി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നടി അന്‍സിബ ഹസ്സന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. ഉത്തരം മുട്ടുമ്പോള്‍ പരദൂഷണം പറയുന്നതിലൂടെ ലക്ഷ്മി പ്രിയ പൊതുസമൂഹത്തിന് മുന്നില്‍ സ്വയം പരിഹാസ്യയാവുകയാണെന്ന് ഭാഗ്യലക്ഷ്മി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ തുറന്നടിച്ചു. ഒരു പെണ്‍കുട്ടിയെക്കുറിച്ച് മറ്റൊരു സ്ത്രീ തന്നെ ഇത്തരത്തില്‍ മോശം കഥകള്‍ മെനയുന്ന കാലം കഴിഞ്ഞുപോയെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ ലക്ഷ്മിപ്രിയ നിരന്തരം ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഭാഗ്യലക്ഷ്മിയുടെ ഈ പ്രതികരണം. അതിനുള്ള സാഹചര്യം ലക്ഷ്മിപ്രിയ തന്നെ സ്വയം ഉണ്ടാക്കിക്കൊടുക്കുകയാണെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ‘വടി കൊടുത്ത് അടി വാങ്ങുന്നത് പോലെ’, എന്താണ് പറയുന്നതെന്ന യാതൊരു ബോധവുമില്ലാതെയാണ് ലക്ഷ്മിപ്രിയ സംസാരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

‘അമ്മ’ സംഘടനയ്ക്കുള്ളില്‍ കമ്മിറ്റിയും അന്‍സിബയും തമ്മില്‍ പല പ്രശ്‌നങ്ങളുമുണ്ടായപ്പോള്‍ ആരും അത് ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍ അന്‍സിബ ജനറല്‍ ബോഡിക്ക് മുന്‍പാകെ തെളിവ് സഹിതം കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഭാരവാഹികള്‍ക്ക് ഉത്തരം മുട്ടുകയും തുടര്‍ന്ന് അവര്‍ക്ക് രാജിവെച്ച് പുറത്തുപോകേണ്ടി വരികയും ചെയ്തു. ഇതിന് ശേഷമാണ് അന്‍സിബയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള മോശം കഥകളുമായി ലക്ഷ്മിപ്രിയ രംഗത്തെത്തിയതെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.

അന്‍സിബ മദ്യപിക്കുമെന്നോ അവര്‍ക്ക് പുരുഷ സുഹൃത്തുണ്ടെന്നോ ഉള്ളത് പൂര്‍ണ്ണമായും അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതിന് ‘അമ്മ’ സംഘടനയുമായി എന്താണ് ബന്ധമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഇത്തരം കുലസ്ത്രീ പരിവേഷങ്ങളൊക്കെ തള്ളി സ്ത്രീകള്‍ ഒരുപാട് മുന്നോട്ടുപോയ കാലമാണിതെന്നും, 2026-ല്‍ ജീവിക്കുന്ന പൊതുസമൂഹം ഇത്തരം കഥകള്‍ കേട്ട് ആ പെണ്‍കുട്ടിയെ തെറ്റിദ്ധരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അഭിമുഖങ്ങളിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ നിയമപരമയോ നേരിടാന്‍ ലക്ഷ്മിപ്രിയ തയ്യാറാകണം. അല്ലാതെ അന്‍സിബയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ലക്ഷ്മിപ്രിയയ്ക്ക് യാതൊരു അധികാരവുമില്ലെന്നും, ഇത്തരം വ്യക്തിഹത്യകള്‍ തുടര്‍ന്നാല്‍ സമൂഹം വീണ്ടും ലക്ഷ്മിപ്രിയയെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നും ഭാഗ്യലക്ഷ്മി വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി.