Source :- SIRAJLIVE NEWS
ഡല്‍ഹി| അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തൻ ടിനു യാദവ് ഉൾപ്പെടെയുള്ള പ്രതികളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രസ്താവന പുറത്തിറക്കി. രാജിവെച്ചിട്ടില്ലെന്ന ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രസ്റ്റ് ഔദ്യോഗികമായി രാജി സ്ഥിരീകരിച്ചത്.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ട്രസ്റ്റ് വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
ഉത്തർപ്രദേശ് പോലീസും എസ്ഐടിയും ചേർന്നുള്ള അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. പ്രതികൾ ക്ഷേത്രത്തിലെ സംഭാവനയായി ലഭിച്ച 500 രൂപയുടെ കെട്ടുകൾ എണ്ണി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് മോഷ്ടിച്ചെന്നാണ് കണ്ടെത്തൽ. മോഷ്ടിച്ച പണം ആദ്യം ശൗചാലയത്തിൽ സൂക്ഷിച്ചശേഷം പുറത്തേക്ക് കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ, രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം അടുത്ത മാസം ഏഴിന് ചേരും.
Content Highlights:
Police intensified raids in the Ayodhya Ram Temple donation scam, targeting key suspects including Tinu Yadav. The Ram Janmabhoomi Teerth Kshetra Trust officially confirmed the resignation of former general secretary Champat Rai. The investigation revealed that accused individuals stole donation cash and hid it inside their clothes.




