Home LATEST NEWS malyalam പുതിയ വാർത്ത കുവൈത്ത് ഇന്ത്യന്‍ എംബസ്സിയിലെ വിവിധ സേവനങ്ങള്‍ നാളെ ലഭ്യമാവുക അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രം

കുവൈത്ത് ഇന്ത്യന്‍ എംബസ്സിയിലെ വിവിധ സേവനങ്ങള്‍ നാളെ ലഭ്യമാവുക അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രം

3
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി | കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയുടെ പാസ്‌പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍ ജൂലൈ ഒന്നിന് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അറിയിപ്പ്. നിലവിലെ സേവന ദാതാക്കളായ ബി എല്‍ എസ് ഇന്റര്‍നാഷണലിന്റെ (BLS International) കരാര്‍ ജൂണ്‍ 30ന് അവസാനിക്കുന്നതിനാലാണ് പുതിയ ക്രമീകരണം. എന്നാല്‍ ജൂലൈ രണ്ടു മുതല്‍ എംബസിയുടെ സേവനങ്ങള്‍ ഏത് രീതിയില്‍ ആയിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും എംബസ്സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ജൂലൈ ഒന്നിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ അപേക്ഷകര്‍ എംബസ്സിയുടെ കോണ്‍സുലര്‍ വിഭാഗത്തെ നേരിട്ട് സമീപിക്കേണ്ടതും അടിയന്തര സാഹചര്യം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുമാണ്. രേഖകള്‍ ഹാജരാക്കുന്ന അപേക്ഷകര്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. തത്കാല്‍ പാസ്‌പോര്‍ട്ട്, എന്‍ ആര്‍ ഐ സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഐ ഡിയുടെ കാലാവധി അവസാനിക്കാറായവര്‍ക്കുള്ള ഹൃസ്വകാല പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഇ-വിസ എന്നിവയാണ് ഈ ദിവസങ്ങളിലെ അടിയന്തര സേവനങ്ങളുടെ പരിധിയില്‍ വരുന്നത്. സാധാരണ പാസ്‌പോര്‍ട്ട്, അപേക്ഷകള്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, റെഗുലര്‍ വിസഅപേക്ഷകള്‍ എന്നിവ ജൂലൈ ഒന്നിന് സ്വീകരിക്കുന്നതല്ല.

ഈ മാസം 20ന് ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ജൂലൈ ഒന്നുമുതല്‍ DU Digital Global Ltd. മുഖേന പാസ്‌പോര്‍ട്ട്, കോണ്‍സുലര്‍, വിസ സേവനങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പുതിയ സേവനദാതാവിലൂടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കും അപ്പോയിന്‍മെന്റിനുമുള്ള സംവിധാനം പ്രവര്‍ത്തനമാരംഭിക്കും എന്നും അറിയിച്ചിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ പുതിയ സംവിധാനം ആരംഭിക്കുന്നത് താത്ക്കാലികമായി മാറ്റിവെക്കുകയാണെന്ന് എംബസ്സി പിന്നീട് അറിയിച്ചു.

Du Digital പ്രഖ്യാപിച്ച പുതിയ സര്‍വീസ് ചാര്‍ജുകള്‍ നിലവിലുള്ള നിരക്കിനേക്കാള്‍ പലമടങ്ങ് വര്‍ധിപ്പിച്ചതിനെതിരെ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍വീസ് ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും എംബസ്സിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളിലെ പാസ്‌പോര്‍ട്ട്, കോണ്‍സുലര്‍, വിസ സേവനങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ നടപടിയും Du Digital ന് കരാര്‍ അനുവദിച്ച തീരുമാനവും ചോദ്യം ചെയ്ത് E-Trav Tech Ltd. സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തുടര്‍നടപടികളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും അനുസരിച്ചാകും കുവൈത്തിലും യു എ ഇയിലും പുതിയ സേവന സംവിധാനം പൂര്‍ണമായും നിലവില്‍ വരികയെന്നാണ് വിവരം.

Content Highlights:
The Indian Embassy in Kuwait announced that its services will be restricted tomorrow. Only emergency consular services will be available to the public during this period. Normal operations are expected to resume promptly after the brief service limitation.