Source :- SIRAJLIVE NEWS
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം- ഫ്രഞ്ച് വിപ്ലവകാലത്ത് തെരുവുകളിൽ മുഴങ്ങിയ ഈ മുദ്രാവാക്യം ഇന്ന് നമ്മുടെ ഭരണഘടനയിൽ തിളങ്ങി നിൽക്കുന്ന മൂന്ന് വാക്കുകളാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നത് ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും അടിസ്ഥാന തൂണുകളായാണ് കണക്കാക്കപ്പെടുന്നത്. ഫ്രഞ്ച് വിപ്ലവത്തിലൂടെ ലോകത്തിന് ലഭിച്ച ഈ ആശയങ്ങൾ ഇന്ന് ലോകത്തെ മിക്ക ജനാധിപത്യ രാജ്യങ്ങളിലും, പ്രത്യേകിച്ച് നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ ഏറെ പ്രാധാന്യത്തോടെ നിലകൊള്ളുന്നു. 1950 ൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഉൾപ്പെടുത്തി.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ആത്മാവിന്റെ മൂന്ന് ദേവതകളാണ്. മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ നിറത്തിന്റെയോ ദേശത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ സ്വാതന്ത്ര്യവും സമത്വവും വിഭാവനം ചെയ്യുന്നു.
സ്വാതന്ത്ര്യം
സ്വാതന്ത്ര്യം എന്നാൽ ഇഷ്ടമുള്ളത് ചെയ്യാനുള്ള ലൈസൻസ് ആയി പലരും തെറ്റിദ്ധരിക്കാറുണ്ട്. “എന്റെ മൂക്ക് തുടങ്ങുന്നിടത്ത് മറ്റുള്ളവരുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു’ (My freedom ends where your nose begins) എന്ന പ്രസിദ്ധമായ തത്ത്വചിന്തയെക്കുറിച്ച് കേട്ടിട്ടില്ലേ. ബ്രിട്ടീഷ് ചിന്തകനായ ജോൺ സ്റ്റുവർട്ട് മില്ലിന്റെ (John Stuart Mill) സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ വാചകം സാധാരണയായി പറയാറുള്ളത്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം മറ്റൊരാളുടെ ശരീരത്തിനോ സ്വത്തിനോ ബുദ്ധിമുട്ടോ ഉപദ്രവമോ ഉണ്ടാക്കുന്ന സമയം വരെ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതായത്, നിങ്ങളുടെ കൈ വീശാനുള്ള സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൽ തട്ടുന്നിടത്ത് അവസാനിക്കുന്നു.
ക്ലാസ്സിൽ ഉറക്കെ പാട്ട് പാടാനുള്ള നിന്റെ സ്വാതന്ത്ര്യം, അടുത്തിരുന്നു പഠിക്കുന്ന കൂട്ടുകാരിയുടെ സ്വാതന്ത്ര്യത്തെ കെടുത്തരുത്. ഭയമില്ലാതെ ചിന്തിക്കാനും ഇഷ്ടമുള്ളത് കഴിക്കാനും സഞ്ചരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും തെറ്റാണെന്ന് തോന്നുന്നത് ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള ധൈര്യം എല്ലാം സ്വാതന്ത്യ്രത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള മതമോ രാഷ്ട്രീയമോ വിശ്വാസിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
സ്വാതന്ത്ര്യത്തിന്റെ പ്രധാന വശങ്ങൾ
വ്യക്തി സ്വാതന്ത്ര്യം- (Personal Liberty): സ്വന്തം ജീവിതം, ആശയങ്ങൾ, വിശ്വാസങ്ങൾ എന്നിവ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശം.
ദേശീയ സ്വാതന്ത്ര്യം (National Independence): മറ്റൊരു രാജ്യത്തിന്റെയോ ഭരണകൂടത്തിന്റെയോ ആധിപത്യത്തിൽ നിന്നുള്ള മോചനം. ഇന്ത്യയുടെ സ്വാതന്ത്ര്യം ഇതിന് ഉദാഹരണമാണ്.
രാഷ്ട്രീയവും പൗരപരവുമായ സ്വാതന്ത്ര്യം (Political and Civil Freedom): വോട്ടവകാശം, സഞ്ചാര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സമത്വം
എല്ലാ മനുഷ്യർക്കും ഒരേപോലെ അവകാശങ്ങളും അവസരങ്ങളും സ്വാതന്ത്ര്യവും ലഭ്യമാകുന്ന സാമൂഹികാവസ്ഥയാണ് സ്ഥിതി സമത്വം (Equality). ജാതി, മതം, ലിംഗം, വർഗം, സാമ്പത്തികാവസ്ഥ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവേചനം ഇല്ലാത്ത, എല്ലാവർക്കും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കുന്ന ആശയമാണിത്. ഉയരത്തിലും നിറത്തിലും ജാതിയിലും മതത്തിലും പണത്തിലും നമ്മൾ വ്യത്യസ്തരാകാം. പക്ഷേ വേദനിക്കുമ്പോൾ വരുന്ന കണ്ണുനീരിന് ഒരേ ഉപ്പാണെന്നത് പോലെ എല്ലാവർക്കും ഒരുപോലെ സമത്വ വിഭാവനം ചെയ്യുന്നു. നിയമവും നീതിയും ഒരു വിവേചനത്തിനും വിട്ടുകൊടുക്കാതെ എല്ലാവർക്കും ഒരുപോലെ ലഭ്യമാകണം.
ആണിനും പെണ്ണിനും ലിംഗത്തിന്റെ പേരിൽ വിവേചനം പാടില്ല. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാകണം. മുഖ്യമന്ത്രിയുടെ മകനായാലും പഞ്ചായത്ത് തൂപ്പുകാരന്റെ മകനായാലും ചുവപ്പ് ലൈറ്റ് തെറ്റിച്ചാൽ ഫൈൻ ഒന്ന് തന്നെ. അതാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 14 പറയുന്ന സമത്വം. പണവും അധികാരവും നിയമത്തേക്കാൾ വലുതാകരുത്. സമത്വം എന്നാൽ എല്ലാവരെയും ഒരേ അച്ചിൽ വാർത്തെടുക്കുകയല്ല, ഓരോരുത്തർക്കും അവരവരുടെ കഴിവ് തെളിയിക്കാൻ ഒരേ നിലം ഒരുക്കിക്കൊടുക്കുക കൂടിയാണ്.
പ്രധാനപ്പെട്ട ഘടകങ്ങൾ
സാമൂഹിക സമത്വം: ലിംഗ-വർണ-ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ പദവിയും അവകാശങ്ങളും ഉറപ്പാക്കുന്നു.
സാമ്പത്തിക സമത്വം: എല്ലാവർക്കും അടിസ്ഥാന ആവശ്യങ്ങളും തുല്യ അവസരങ്ങളും നൽകുന്നു.
രാഷ്ട്രീയ സമത്വം: ഭരണഘടനയ്ക്ക് മുന്നിലും തിരഞ്ഞെടുപ്പുകളിലും എല്ലാവർക്കും തുല്യ പങ്കാളിത്തം നൽകുന്നു (ഉദാഹരണത്തിന്: സാർവത്രിക വോട്ടവകാശം).
സാഹോദര്യം
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ (Preamble) രാജ്യത്തെ ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കേണ്ട ഒരു പ്രധാന മൂല്യമായി സാഹോദര്യം (Fraternity) എടുത്തു പറയുന്നുണ്ട്. സാഹോദര്യം എന്നാൽ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം (Brotherhood) അല്ലെങ്കിൽ സഹോദരതുല്യമായ സ്‌നേഹവും ഐക്യവും എന്നാണ് അർഥമാക്കുന്നത്. വിശാലമായ അർഥത്തിൽ, മനുഷ്യർക്കിടയിലുള്ള സൗഹൃദവും പരസ്പര സഹകരണവും പങ്കുവെക്കലും ഇതിൽ ഉൾപ്പെടുന്നു. സാഹോദര്യം ഇല്ലെങ്കിൽ നാട് തകരും.
സാഹോദര്യത്തിന്റെ പ്രധാന തലങ്ങൾ
സ്‌നേഹവും ഐക്യവും: ജാതി, മത, ദേശ, വർണ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്തയും പരസ്പര സ്‌നേഹവും.
സഹായസഹകരണം: അവശ്യ ഘട്ടങ്ങളിൽ പരസ്പരം സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള സന്നദ്ധത.
Content Highlights:
The concepts of liberty, equality, and fraternity originated during the French Revolution and were included in the preamble of the Indian Constitution in 1950. These core principles ensure personal freedom, equal opportunities under the law, and mutual brotherhood among citizens.




