Source :- SIRAJLIVE NEWS
മഴ പെയ്യുകയാണ്. കുട്ടികള്‍ ആഘോഷമായും കവികള്‍ കവിതയായും യൗവനം വൈബായും മറ്റും മഴ ആസ്വദിക്കുമ്പോള്‍ ഒരു വിശ്വാസി മഴയില്‍ കാണേണ്ടത് എന്തെന്ന ചോദ്യം കൗതുകകരമായിരിക്കും.
ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ മഴ വെറുമൊരു പ്രകൃതിപ്രതിഭാസമല്ല. മറിച്ച് സൃഷ്ടികള്‍ക്കായി നാഥന്‍ ഒരുക്കിയ ദൃഷ്ടാന്തവും കാരുണ്യവുമാണ്. വരണ്ടുണങ്ങിയ ഭൂമി മഴത്തുള്ളികള്‍ കൊണ്ട് സജീവമാകുന്നത് പോലെ, ഇലാഹി ചിന്തകളില്ലാതെ വരണ്ടുപോയ ഹൃദയങ്ങളെ സജീവമാക്കാന്‍ ചെറിയ ആത്മീയ ഉപദേശങ്ങള്‍ക്ക് കഴിയും എന്ന ഉപമ മഹാന്മാരുടെ പ്രയോഗങ്ങളിലുണ്ട്. മഴ പെയ്യാന്‍ വൈകുന്നത് തങ്ങളുടെ പാപങ്ങള്‍ കാരണത്താലാണെന്ന് ഭയപ്പെടുകയും ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നത് സുഫീവര്യന്‍മാരുടെ രീതിയാണ്. മഴ തേടിയുള്ള നിസ്‌കാരത്തിന്റെ പ്രമേയവും ഈ പശ്ചാത്താപമാണല്ലോ?
ഖുര്‍ആന്‍ മഴയെ കുറിച്ച് റഹ്മത്ത് അഥവാ കാരുണ്യം എന്ന് വിശേഷിപ്പിച്ചത് കാണാം. കരിഞ്ഞുണങ്ങിയ ഭൂമിക്ക് ജീവന്‍ നല്‍കിയും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ജലം നല്‍കിയും മഴ അനുഗ്രഹമെന്ന വിശേഷണത്തെ സാധൂകരിക്കുന്നു. പഴങ്ങളും സസ്യങ്ങളും മുളപ്പിച്ചുതരുന്നത് മഴയാണെന്ന ഖുര്‍ആന്‍ വചനവും (സൂറത്തുല്‍ അന്‍ആം – 99) ഈ ആശയത്തിന് സാക്ഷ്യമാകുന്നു.
മഴ അല്ലാഹുവിന്റെ റഹ്മത്തും ബറകത്തുമായി പഠിപ്പിക്കപ്പെട്ടതിനാല്‍ ആ പരിഗണനയോടെ തന്നെയാണ് മഹാന്മാര്‍ മഴയെ കണ്ടത്. അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കുന്ന സമയമായതിനാല്‍ ആ സമയത്ത് പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുമെന്ന് മഹാന്മാര്‍ രേഖപ്പെടുത്തുന്നു. മഴയുടെ സമയത്ത് നബി(സ) നിര്‍വഹിച്ചിരുന്ന പ്രത്യേക പ്രാര്‍ഥനയും ഹദീസുകളില്‍ കാണാം.
മഴയുടെ പുണ്യം ശരീരത്തിലും മറ്റു വസ്തുക്കളിലും നേരിട്ട് ഏറ്റുവാങ്ങുക എന്നതും മഹാന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട കാര്യമാണ്. അനസ്(റ) റിപോര്‍ട്ട് ചെയ്യുന്ന സ്വഹീഹ് മുസ്ലിമിലെ ഹദീസില്‍ കാണാം. ഒരു ദിവസം നബി(സ)യും അനുചരരും ഒരുമിച്ചിരിക്കുമ്പോള്‍ മഴ പെയ്തു. നബി(സ) അവിടുത്തെ വസ്ത്രം അല്‍പ്പം നീക്കി മഴവെള്ളം ശരീരത്തില്‍ കൊള്ളിച്ചു. ഇതിന് സാക്ഷിയായ അനസ്(റ) അതിന്റെ കാരണം തിരക്കിയപ്പോള്‍ ‘ഇത് റബ്ബില്‍ നിന്ന് പുതുതായി ഉത്ഭവിച്ചതാണ്’ എന്ന് നബി(സ) മറുപടി നല്‍കുകയും ചെയ്തു. ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ) മഴ പെയ്യുമ്പോള്‍ വീടിന് പുറത്തിറങ്ങി മഴ കൊള്ളാറുണ്ടായിരുന്നു. അതിന് അവിടുന്ന് പറഞ്ഞ കാരണം മുകളില്‍ ഉദ്ധരിച്ച ഹദീസില്‍ നബി(സ) പഠിപ്പിച്ചതായിരുന്നു.
ഇബ്‌നു അബ്ബാസ്(റ) മഴ പെയ്യുമ്പോള്‍ അവിടുത്തെ സേവകനോട് തന്റെ വസ്ത്രങ്ങളും ജീനിയും മഴ കൊള്ളിക്കാന്‍ പറയുമായിരുന്നു. സൂറത് ഖാഫിലെ ‘ആകാശത്ത് നിന്ന് നാം ബറകത്താക്കപ്പെട്ട വെള്ളം ഇറക്കി’ എന്നര്‍ഥം വരുന്ന ഒമ്പതാം സൂക്തം പാരായണം ചെയ്തുകൊണ്ട് അവിടുന്ന് പറയുമായിരുന്നു, ‘അല്ലാഹു മുബാറക് എന്ന് വിളിച്ച ആ അനുഗ്രഹം എന്റെ വസ്ത്രങ്ങളിലും വാഹനത്തിലും പുരളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. മഴവെള്ളം കൊണ്ട് ബറകത്ത് എടുക്കുന്നതിനെ കുറിച്ച് ഇമാം ശാഫിഈ(റ) അവിടുത്തെ പ്രസിദ്ധമായ കിതാബുല്‍ ഉമ്മില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മഴയിലേക്ക് ഇറങ്ങിനില്‍ക്കലും മഴവെള്ളം ശരീരത്തില്‍ പുരട്ടലും സുന്നത്താണെന്നും കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭൂമി തൊടാത്ത മഴവെള്ളം മരുന്ന് എന്ന പരിഗണനയില്‍ കുടിക്കുന്നതും ഫാതിഹയും മറ്റ് ദുആകളും മന്ത്രിച്ച് ആത്മീയ ചികിത്സകള്‍ക്ക് ഉപയോഗപ്പെടുത്തുന്നതും പതിവുള്ള കാര്യമാണ്. ചുരുക്കത്തില്‍ ഒരു പ്രകൃതി പ്രതിഭാസം എന്നതിനപ്പുറം അല്ലാഹുവിന്റെ കാരുണ്യം നേരിട്ടനുഭവിക്കാനുള്ള അവസരമായി മഴയെ ഉപയോഗിക്കാനാകണം എന്നതാണ് വിശ്വാസിക്കുണ്ടാകേണ്ട ജാഗ്രത.




