Home LATEST NEWS malyalam പുതിയ വാർത്ത ഭരണഘടനാ സ്ഥാപനങ്ങള്‍ സംശയങ്ങള്‍ക്കതീതമാകണം

ഭരണഘടനാ സ്ഥാപനങ്ങള്‍ സംശയങ്ങള്‍ക്കതീതമാകണം

3
0

Source :- SIRAJLIVE NEWS

മുന്‍ ജില്ലാ ജഡ്ജി ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശിപാര്‍ശ ഗവര്‍ണര്‍ ആര്‍ വി ആര്‍ലേക്കര്‍ അംഗീകരിച്ചു കഴിഞ്ഞു. എങ്കിലും ഇതുസംബന്ധിച്ച വിവാദം തുടരുകയാണ്. പ്രതിപക്ഷത്ത് നിന്നല്ല, കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നാണ് ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നത്. കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ്സുകാരും ഐക്യമുന്നണി പ്രവര്‍ത്തകരും സര്‍ക്കാറിന്റെ ഈ നടപടിയില്‍ അതൃപ്തരാണ്. ശേഷാദ്രിനാഥന്റെ സംഘ്പരിവാര്‍ ബന്ധമാണ് എതിര്‍പ്പിനു കാരണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനും വാര്‍ഡ് അതിര്‍ത്തി നിയന്ത്രണമുള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ക്കും പൂര്‍ണാധികാരമുള്ള പദവിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടേത്. ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ ഈ പദവിയിലിരിക്കുന്ന വ്യക്തിയുടെ നിഷ്പക്ഷത നിര്‍ണായകമാണ്. ശേഷാദ്രിനാഥന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലമായി സംഘ്പരിവാര്‍ പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് തന്നെ ചൂണ്ടിക്കാണിക്കുമ്പോള്‍, അതിന്റെ പിന്നിലെ വസ്തുത അന്വേഷിക്കാനും ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഉടലെടുത്ത ആശങ്ക കണക്കിലെടുക്കാനും സര്‍ക്കാറിന് ബാധ്യതയുണ്ടായിരുന്നു. നിയാസിന്റെ ആരോപണം ശേഷാദ്രിനാഥനോ സര്‍ക്കാര്‍വൃത്തങ്ങളോ ഇതുവരെ നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

പ്രൊഫഷനല്‍ യോഗ്യതയെയും ജുഡീഷ്യല്‍ പരിചയത്തെയും മുന്‍നിര്‍ത്തിയാണ് നിയമനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ജുഡീഷ്യല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ വാദിക്കുന്നു. എന്നാല്‍ പദവികളില്‍ ഇരിക്കുമ്പോള്‍ നിഷ്പക്ഷത കാണിക്കുന്നുവെന്നതു കൊണ്ട്, ഒരാളുടെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ ആഭിമുഖ്യങ്ങള്‍ ഇല്ലാതാകുന്നില്ല. ഔദ്യോഗിക മേഖലയില്‍ നിന്ന് വിരമിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും സൈനിക മേധാവികളും തങ്ങളുടെ യഥാര്‍ഥ രാഷ്ട്രീയനിറം വെളിപ്പെടുത്തി സംഘ്പരിവാര്‍ പാളയത്തിലെത്തിയതിന് ഉദാഹരണങ്ങള്‍ ധാരാളം.

ദേശീയതലത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും നിഷ്പക്ഷ സ്വഭാവമുള്ള കമ്മീഷനുകളിലും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളെ തിരുകിക്കയറ്റി അവ അട്ടിമറിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും വിവേചനം ദൃശ്യമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആരോപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈയൊരു രാഷ്ട്രീയ സാഹചര്യത്തില്‍, ഇക്കാലമത്രയും മതനിരപേക്ഷത കാത്തുസൂക്ഷിച്ച കേരളത്തില്‍, സംഘ്പരിവാര്‍ പശ്ചാത്തലമുള്ള ഒരാള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ വരുന്നത് പൊതുസമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കുക സ്വാഭാവികം. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെ ശേഷാദ്രിനാഥന്‍ തന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തത് പി എം നിയാസിന്റെ ആരോപണത്തിന് ബലമേകുന്നു. ജുഡീഷ്യല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി സംസ്ഥാനത്തെ ഏറ്റവും നിര്‍ണായകമായ പദവിയിലേക്ക് വരികയാണെന്നറിയുമ്പോള്‍ കൂടുതല്‍ സുതാര്യത പുലര്‍ത്തുകയാണ് വേണ്ടത്. പകരം തന്റെ മുന്‍കാല ഡിജിറ്റല്‍ ആശയവിനിമയങ്ങള്‍ ധൃതിപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതെന്തിനെന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയരും. രാഷ്ട്രീയ നേതാക്കളുമായുള്ള അവിശുദ്ധ ബന്ധങ്ങളോ മുന്‍കാലങ്ങളിലെ പരോക്ഷമായ രാഷ്ട്രീയ ഇടപെടലുകളോ മറച്ചുപിടിക്കാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.ശേഷാദ്രിനാഥിനെതിരായ സംഘ്പരിവാര്‍ബന്ധ ആരോപണത്തിലെ ശരിതെറ്റുകളെന്തായാലും ഇത്തരമൊരു ആരോപണത്തിന് വിധേയമായ വ്യക്തിയെ മാറ്റിനിര്‍ത്തുകയായിരുന്നു ഉചിതം. ഭരണഘടനാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഒരു അടിസ്ഥാന തത്ത്വമുണ്ട്, ‘അവ നിയമപരമായി സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണമെന്നതു പോലെ തന്നെ ജനങ്ങളുടെ കണ്ണിലും പൂര്‍ണമായും നിഷ്പക്ഷമായിരിക്കണം’. കോടതികളുടെ വിഷയത്തില്‍ പല നിയമവിദഗ്ധരും ഉയര്‍ത്തിക്കാട്ടുന്ന തത്ത്വമാണിത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനും ബാധകമാണ്. കമ്മീഷന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിച്ചാല്‍ മാത്രം പോരാ, നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണം. നിയമന വേളയില്‍ തന്നെ കമ്മീഷന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് ആരോപണമുയര്‍ന്നു കഴിഞ്ഞാല്‍ ജനകീയ വിശ്വാസം ആര്‍ജിക്കുക പ്രയാസമാണ്.

കോണ്‍ഗ്രസ്സിന്റെ അടിത്തറ അതിന്റെ മതേതര നിലപാടുകളാണ്. അതില്‍ വിട്ടുവീഴ്ച ചെയ്ത് സംഘ്പരിവാര്‍ അനുഭാവമുള്ളവരെ സുപ്രധാന പദവികളില്‍ നിയമിക്കുന്നത് പാര്‍ട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാരായ അണികളോടുള്ള വഞ്ചനയാണ്. ജനാധിപത്യത്തില്‍ നിയമം അനുവദിക്കുന്ന എല്ലാ നടപടികളും രാഷ്ട്രീയമായി ശരിയായിരിക്കണമെന്നില്ല. നിയമപരമായി സാധുവായ ഒരു നിയമനം രാഷ്ട്രീയ സംശയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കുന്നുവെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് രാഷ്ട്രീയ പക്വതയും ധാര്‍മികതയും വിവേകവും. സംഘ്പരിവാര്‍ ബന്ധത്തെക്കുറിച്ച് സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്ന വ്യക്തിയെ തിര. കമ്മീഷണറായി നിയമിക്കേണ്ട അനിവാര്യതയെന്തായിരുന്നു? ഭരണപരിചയത്തിലും യോഗ്യതയിലും തുല്യരായ മറ്റാരും ഇല്ലായിരുന്നോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടതുണ്ട്.