Home LATEST NEWS malyalam പുതിയ വാർത്ത ലൂക്ക മോഡ്രിച്ച്; മഹത്തായൊരു മാതൃകയാണ് നിങ്ങള്‍, ഫുട്‌ബോളിനും സമൂഹത്തിനാകെയും

ലൂക്ക മോഡ്രിച്ച്; മഹത്തായൊരു മാതൃകയാണ് നിങ്ങള്‍, ഫുട്‌ബോളിനും സമൂഹത്തിനാകെയും

4
0

Source :- SIRAJLIVE NEWS

സൂറിച്ച് | ലോക ഫുട്‌ബോളില്‍ ചില താരങ്ങള്‍ അളക്കപ്പെടുന്നത് അവര്‍ നേടിയ ട്രോഫികളുടെയോ ഗോളുകളുടെയോ കണക്കുകളുടെയോ അടിസ്ഥാനത്തില്‍ മാത്രമല്ല. അവര്‍ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നവര്‍ കൂടിയാണ്, ഒരു കലാരൂപത്തിന്റെ പ്രയോക്താവായി ചരിത്രം സൃഷ്ടിക്കുന്നവരാണ്. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒരു ഫുട്‌ബോളറാണ്.

ആധുനിക ഫുട്‌ബോളില്‍ അതിവേഗവും ഉയര്‍ന്ന ശാരീരിക ക്ഷമതയും കൃത്യമായ കണക്കുകൂട്ടലുകളും ആധിപത്യം സ്ഥാപിച്ചപ്പോള്‍, അത് ബുദ്ധിയുടെയും ഉള്‍ക്കാഴ്ചയുടെയും സൗന്ദര്യത്തിന്റെയും കൂടി കളിയാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചയാളാണ് മോഡ്രിച്ച്.

2018 ഫിഫ ലോകകപ്പ് മോഡ്രിച്ചിന്റെ അവസാനത്തേതായിരിക്കുമെന്നാണ് പലരും കരുതിയിരുന്നത്. റഷ്യയില്‍ നടന്ന ആ ലോകകപ്പില്‍ 4.1 ദശലക്ഷം ജനങ്ങള്‍ മാത്രമടങ്ങുന്ന ഒരു രാജ്യത്തെ ഫൈനലിലേക്ക് നയിച്ച മോഡ്രിച്ച് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും പത്ത് വര്‍ഷം നീണ്ട ആധിപത്യം തകര്‍ത്ത് ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നേടുകയുമുണ്ടായി. അങ്ങനെ പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും പരകോടിയില്‍ എത്തിനില്‍ക്കേ, വിരമിക്കുന്നതിന് ഇതിലും മഹത്തായ ഒരവസരം ഇനി വരാനില്ലെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ലൂക്ക മോഡ്രിച്ചിന്റെ കഥ അവിടെയും അവസാനിക്കുന്ന ഒന്നായിരുന്നില്ല.

2022ലെ ലോകകപ്പിലും താരം കളത്തിലിറങ്ങുകയും ക്രൊയേഷ്യന്‍ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഇതിനു പുറമെ, എല്ലാവരെയും ഒരിക്കല്‍ക്കൂടി അത്ഭുതപ്പെടുത്തിക്കൊണ്ട് തന്റെ 40-ാമത്തെ വയസ്സില്‍ ലോകകപ്പ്-2026ലും അദ്ദേഹം കളിക്കാനിറങ്ങി. ഈയൊരു പ്രായത്തില്‍ ലോകകപ്പില്‍ കളിച്ചുവെന്നത് അദ്ദേഹത്തിന്റെ അസാധാരണമായ ഫിറ്റ്‌നസിന്റെ മാത്രം സൂചകമായിരുന്നില്ല. ഒരു ഇതിഹാസ താരത്തിന്റെ സമര്‍പ്പണത്തിന്റെയും അച്ചടക്കത്തിന്റെയും ഫുട്‌ബോളിനോടുള്ള അതിരില്ലാത്ത സ്‌നേഹത്തിന്റെയും കൂടി തെളിവായിരുന്നു.

ഇത്തവണത്തെ ലോകകപ്പില്‍ ഘാനക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് കൂടി മോഡ്രിച്ച്‌സ്വന്തം പേരില്‍ ചേര്‍ത്തു. ലോകകപ്പില്‍ അസിസ്റ്റ് നല്‍കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്നതായിരുന്നു അത്. എന്നാല്‍, ഇതിനേക്കാളെല്ലാമേറെ മധ്യനിരയിലെ അവിശ്വസനീയമായ ചടുലത, കൃത്യവും സൂക്ഷ്മവുമായ പാസുകള്‍, ആക്രമണങ്ങള്‍ കെട്ടിപ്പടുക്കുന്നതിലുള്ള അസാധാരണമായ കഴിവ്, ആവശ്യം വന്നാല്‍ സ്വന്തം ബോക്‌സില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തന ട്രിക്കുകള്‍ എന്നിവയെല്ലാമാണ് മോഡ്രിച്ചിന്റെ കളിയെ മനോഹരമാക്കിയത്. ഇതിഹാസങ്ങള്‍ക്ക് ഒരിക്കലും പ്രായമാകുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ക്രൊയേഷ്യന്‍ താരം.

ഈ ലോകകപ്പിലും ക്രൊയേഷ്യയുടെ ഓരോ ആക്രമണവും താളവും തിരിച്ചുവരവുമെല്ലാം ആസൂത്രണം ചെയ്തതും ഏകോപിപ്പിച്ചതും പരിചയസമ്പന്നനായ ഈ മിഡ്ഫീല്‍ഡറായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം കേവലം ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ മാത്രമായിരുന്നില്ല. മറിച്ച്, ക്യാപ്റ്റന്‍, ഗുരു, കലാകാരന്‍ എന്നീ നിലകളില്‍ കൂടിയായിരുന്നു.

റൗണ്ട് 32ല്‍ പോര്‍ച്ചുഗലിനോട് 2-1ന്റെ തോല്‍വി വഴങ്ങിയതോടെയാണ് ക്രൊയേഷ്യയുടെ ഈ ലോകകപ്പിലെ യാത്ര അവസാനിച്ചത്. ഇതോടെ ലൂക്ക മോഡ്രിച്ചിന്റെ വിശ്രുതമായ ലോകകപ്പ് അധ്യായവും ഒരുപക്ഷേ വിരാമത്തിലേക്ക് എത്തിയേക്കാം. എന്നാല്‍, പോര്‍ച്ചുഗലിനെതിരായ മത്സര ശേഷം മൈതാനത്തുണ്ടായിരുന്ന മോഡ്രിച്ചിന്റെ ചിത്രം ഏത് സ്‌കോര്‍ ലൈനിനും അപ്പുറത്ത് ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ഫാന്‍സിന്റെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതായിരുന്നു. മോഡ്രിച്ചിനെതിരെ ദീര്‍ഘകാലം പന്തു തട്ടിയിട്ടുള്ള, സമാനമായ ആദരവിന് അര്‍ഹനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മോഡ്രിച്ചിനെ ആശ്ലേഷിച്ചു. രണ്ട് ഇതിഹാസങ്ങള്‍ക്കും രണ്ട് തലമുറക്കും ഫുട്‌ബോള്‍ ലോകം നല്‍കുന്ന ആദരവിന്റെ പ്രതിഫലനമായി കൂടി ആ ആശ്ലേഷം മാറി. ഒരു ആശ്ലേഷം ചിലപ്പോള്‍ ആയിരം വാക്കുകളെക്കാള്‍ ശബ്ദമുള്ളതായിരിക്കും എന്ന് തെളിയിക്കുന്നതായിരുന്നു ആ രംഗം.

ഒരാള്‍ മഹാനാകുന്നതിന് ഏറ്റവും വേഗമുള്ളവനോ ശക്തിമാനോ കൂടുതലാളുകള്‍ സംസാര വിഷയമാക്കുന്നവനോ ആകേണ്ടതില്ലെന്നാണ് മോഡ്രിച്ചിന്റെ കരിയര്‍ സമൂഹത്തിന് നല്‍കുന്ന പാഠം. ലക്ഷ്യബോധം, സ്ഥിരോത്സാഹം, വിനയം ദിവസവും സ്വയം പുതുക്കിപ്പണിയുന്നതിനുള്ള അടങ്ങാത്ത ആഗ്രഹം എന്നിവയെല്ലാമാണ് അതിന് വേണ്ടത്. സംഘര്‍ഷഭരിതമായ കുട്ടിക്കാലത്ത് നിന്ന് ലോക ഫുട്‌ബോളിലെ മികച്ച മിഡ്ഫീല്‍ഡറായുള്ള ലൂക്ക മോഡ്രിച്ചിന്റെ വളര്‍ച്ച ആര്‍ക്കും പ്രചോദനമേകുന്നതാണ്.

അയാള്‍ എല്ലാക്കാലത്തെയും ടോപ് സ്‌കോററോ ഏറ്റവും കൂടുതല്‍ കിരീടം നേടിയയാളോ ആയിരിക്കില്ല. എന്നാല്‍, കാല്‍പ്പന്തിനെ വെറും കളിയായി മാത്രമല്ല, ഒരു കല കൂടിയായി കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മോഡ്രിച്ച് എക്കാലവും ഫുട്‌ബോളിലെ മഹാനായ കലാകാരന്മാരിലൊരാളായി രിക്കും.

40ല്‍ എത്തിയതിനാല്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം താമസിയാതെ ഉണ്ടായേക്കാം. പക്ഷെ, ഇതിഹാസങ്ങള്‍ ഒരിക്കലും വിട പറയുന്നില്ല. കൃത്യമായ ഓരോ പാസിലും, താളാത്മകമായ ആക്രമണത്തിലും ഓരോ യുവ മിഡ്ഫീല്‍ഡറുടെ സ്വപ്‌നങ്ങളിലും അവര്‍ ജീവിക്കുക തന്നെ ചെയ്യും. ഫുട്‌ബോള്‍ പുതിയ ഹീറോകളെ കണ്ടെത്തിയേക്കാം. എന്നാല്‍, ലൂക്ക മോഡ്രിച്ചിനെ പോലൊരാള്‍ വീണ്ടും വീണ്ടും ജനിക്കുന്നില്ല.

Content Highlights:
Luka Modric represents an extraordinary example of dedication and excellence for football enthusiasts worldwide. His legendary journey with Real Madrid and the Croatian national team reflects true sportsmanship. Beyond his immense technical skills, his humility and leadership make him a profound role model for society.