Source :- SIRAJLIVE NEWS
ന്യൂജേഴ്സി | ഫിഫ ലോകകപ്പ് (FIFA World Cup) പ്രീക്വാർട്ടർ പോരാട്ടത്തിൽ വമ്പന്മാരായ ബ്രസീലിനെ അട്ടിമറിച്ച് നോർവെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നോർവെ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തിയത്. നോർവെയ്ക്കായി സൂപ്പർ താരം എർലിങ് ഹാലൻഡ് ഇരട്ട ഗോളുകൾ നേടി. 2002ലെ അഞ്ചാം കിരീടവിജയത്തിനു ശേഷം തുടർച്ചയായ ആറാം ലോകകപ്പിലാണ് ബ്രസീൽ കിരീടമില്ലാതെ മടങ്ങുന്നത്. 1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്.
മത്സരത്തിന്റെ അവസാന പത്ത് മിനിറ്റിലാണ് ബ്രസീലിന്റെ നെഞ്ച് തകർത്ത് ഹാലൻഡ് ഗോളുകൾ അടിച്ചുകൂട്ടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ ബ്രസീൽ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാരസിന് സാധിച്ചില്ല. ബ്രസീൽ ഫോർവേഡ് മാറ്റിയൂസ് കുൻഹയെ ബോക്സിൽ ഫൗൾ ചെയ്തതിനാണ് വി എ ആർ പരിശോധനയ്ക്ക് ശേഷം റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ ബ്രൂണോ ഗ്വിമാരസ് എടുത്ത കിക്ക് നോർവെ ഗോൾകീപ്പർ ഓര്യൻ നയ്ലാൻഡ് തടുത്തിട്ടു. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ പാട്രിക് ബെർഗിലൂടെ നോർവെ വലകുലുക്കിയെങ്കിലും അസിസ്റ്റ് നൽകിയ അലക്സാണ്ടർ സോർലോത്ത് ഓഫ്‌സൈഡ് ആയതിനാൽ റഫറി ഗോൾ നിഷേധിച്ചിരുന്നു.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ബ്രസീലിന്റെ പത്തൊൻപതുകാരൻ താരം എൻഡ്രിക്ക് ലഭിച്ച സുവർണ്ണ അവസരം ലക്ഷ്യത്തിലെത്തിക്കാനാകാതെ പുറത്തേക്കടിച്ചു കളഞ്ഞു. മത്സരത്തിന്റെ അറുപത്തിയെട്ടാം മിനിറ്റിൽ ബ്രസീൽ താരം നെയ്മർ പകരക്കാരനായി കളത്തിലിറങ്ങി രണ്ട് ഡിഫെൻഡർമാരെ വെട്ടിച്ച് മുന്നേറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഒടുവിൽ എൺപതാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പിന്റെ ക്രോസിൽ നിന്നും തകർപ്പൻ ഹെഡ്ഡറിലൂടെ ഹാലൻഡ് നോർവെയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു.
തുടർന്ന് മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നും തൊടുത്ത ശക്തമായ ലോ സ്ട്രൈക്കിലൂടെ ഹാലൻഡ് നോർവെയുടെ രണ്ടാം ഗോളും നേടി ബ്രസീലിന്റെ പതനം പൂർത്തിയാക്കി. 1998 ന് ശേഷം ആദ്യമായാണ് നോർവെ ലോകകപ്പിന് യോഗ്യത നേടുന്നത് എന്നതും അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിനെതിരെ തങ്ങളുടെ തോൽവി അറിയാത്ത റെക്കോർഡ് നിലനിർത്താൻ അവർക്കായി എന്നതും ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. ക്വാർട്ടർ ഫൈനലിൽ മെക്സിക്കോ അല്ലെങ്കിൽ ഇംഗ്ലണ്ട് ടീമുകളിലൊന്നിനെയാണ് നോർവെ നേരിടുക.
Content Highlights:
Norway defeated Brazil 2-0 in the FIFA World Cup 2026 Round of 16 match in New Jersey. Star striker Erling Haaland scored two late goals in the 80th and 90th minutes to guide Norway to the quarter-finals. Brazil missed a crucial penalty kick in the first half when Bruno Guimaraes failed to convert.




