Home LATEST NEWS malyalam പുതിയ വാർത്ത ആസൂത്രണ ബോര്‍ഡിലെ നിയമനത്തില്‍ പി എസ് സിക്ക് തിരിച്ചടി; പരീക്ഷ രേഖകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശം

ആസൂത്രണ ബോര്‍ഡിലെ നിയമനത്തില്‍ പി എസ് സിക്ക് തിരിച്ചടി; പരീക്ഷ രേഖകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശം

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  ആസൂത്രണ ബോര്‍ഡിലെ നിയമന വിവാദത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് തിരിച്ചടി. ഈ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകള്‍ അടിയന്തരമായി പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. നിയമന നടപടികളിലെ സുതാര്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ രേഖകള്‍ പരസ്യപ്പെടുത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്

ഏഴ് ദിവസത്തിനകം അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കെല്ലാം ഉത്തരക്കടലാസ്, അഭിമുഖത്തിന് നല്‍കിയ മാര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള എല്ലാ രേഖകളും കൈമാറണമെന്നാണ് നിര്‍ദ്ദേശം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പിഎസ്സി ഇതുവരെ നല്‍കാതിരുന്ന വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്.

ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022-ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്‌സ്പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവാണുണ്ടായിരുന്നത്. മൂന്നിനും രണ്ട് പേപ്പര്‍ വീതമായിരുന്നു പരീക്ഷ. അതില്‍ ആദ്യ പേപ്പര്‍ മൂന്ന് വിഭാഗക്കാര്‍ക്കും പൊതുവായിരുന്നു.

ഇരുനൂറിലേറെപ്പേരാണ് പരീക്ഷയെഴുതിയത്. ഒന്‍പതുമുതല്‍ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക 2025 മെയ് മാസം പ്രസിദ്ധീകരിച്ചു. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാനിങ് കോഡിനേഷന്‍ വിഭാഗങ്ങളില്‍ ഒന്നാം റാങ്കുകാര്‍ക്ക് നിയമനശുപാര്‍ശ അയച്ച് 2025 ജൂണില്‍ നിയമനവും നല്‍കി. ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപ ശമ്പളംലഭിക്കുന്ന തസ്തികകളില്‍ നിയമനം നേടിയവര്‍ ഇടതുപക്ഷ സംഘടനാപ്രവര്‍ത്തകരാണെന്നാണ് ആരോപണം.

Content Highlights: The State Information Commission directed Kerala PSC to release all exam and interview documents regarding Planning Board appointments within seven days. Candidates will receive answer sheets and marks after previous denials under the RTI Act. The controversy involves alleged political bias in high-paying Chief posts filled in 2025.