Source :- SIRAJLIVE NEWS
ഗസ്സ സിറ്റി | ഗസ്സ ഭരണസംവിധാനം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് ഹമാസ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗസ്സയുടെ ഭരണം നിർവഹിച്ചിരുന്ന ഹമാസ് ഭരണത്തിൽ നിന്ന് പിൻമാറി. പ്രദേശത്ത് സിവിലിയൻ ഭരണം നടപ്പിലാക്കുന്നതിനായി ഒരു ടെക്നോക്രാറ്റിക് കമ്മിറ്റിക്ക് (Technocratic Committee) വഴിമാറിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. 2006 ലെ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന്, തൊട്ടടുത്ത വർഷമായ 2007 ൽ എതിർ ഫലസ്തീൻ വിഭാഗമായ ഫതഹിൽ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം ഗസ്സയുടെ ഭരണം നിയന്ത്രിച്ചിരുന്നത് ഹമാസ് ആയിരുന്നു.
ഹമാസും ഇസ്റാഈലും തമ്മിൽ കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം, ദൈനംദിന ഭരണകാര്യങ്ങളിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് ഹമാസ് പലതവണ വ്യക്തമാക്കിയിരുന്നെങ്കിലും അവരുടെ നിരായുധീകരണം സംബന്ധിച്ച സങ്കീർണ്ണമായ തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഗവൺമെന്റിന്റെ എമർജൻസി കമ്മിറ്റി തലവൻ മുഹമ്മദ് അൽ ഫറ തന്റെ രാജി ഔദ്യോഗികമായി സമർപ്പിച്ചതായി ഹമാസ് ഗവൺമെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്മായിൽ അൽ തവാബ്ത വാർത്താ ഏജൻസിയായ എ എഫ് പി യെ (AFP) അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ്, ഗവൺമെന്റൽ മാറ്റങ്ങൾ സുഗമമാക്കുന്നതിനാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഒക്ടോബറിൽ യു എസ് (US) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹിച്ചപ്പോൾ രൂപീകരിച്ച ബോർഡ് ഓഫ് പീസ് വിഭാവനം ചെയ്ത നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ്സ (NCAG) എന്ന സമിതിക്കാണ് ഭരണം കൈമാറുന്നത്. നിലവിൽ കെയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സമിതി ഗസ്സയുടെ ഭരണം ഏറ്റെടുക്കാൻ പൂർണ്ണ സജ്ജമാണെന്ന് സമിതി അധ്യക്ഷൻ അലി ഷാത്ത് എക്സ് പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി. എന്നാൽ ഇതിനായി ഒരൊറ്റ അതോറിറ്റി, വ്യക്തമായ അധികാരമുള്ള ഒരൊറ്റ നിയമം, ആ അതോറിറ്റിക്ക് കീഴിലുള്ള ഒരൊറ്റ സായുധ സേന എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ ആയുധങ്ങളും എൻ സി എ ജി യുടെ നിയന്ത്രണത്തിലാക്കണമെന്ന് ബോർഡ് ഓഫ് പീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്ര ഗസ്സ സമാധാന പദ്ധതിയും യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ (UNSC) പ്രമേയം 2802 ഉം വിഭാവനം ചെയ്യുന്നത് ഇതാണെന്ന് അവർ ഓർമ്മിപ്പിച്ചു. ഗസ്സയിലെ ജനസംഖ്യ 2.1 ദശലക്ഷം ആണ്. ഇസ്റാഈലിന്റെ എതിർപ്പ് കാരണമാണ് മാസങ്ങളായി എൻ സി എ ജി കെയ്റോയിൽ തുടരുന്നത്.

വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന നിരായുധീകരണം സംബന്ധിച്ച ചർച്ചകൾ മാസങ്ങളായി സ്തംഭിച്ചുനിൽക്കുകയാണ്. അതിനിടെ ഇസ്റാഈൽ സേന ഗസ്സയുടെ 70 ശതമാനത്തോളം ഭാഗങ്ങളിൽ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചു. ഒരു ഫലസ്തീൻ ഭരണസംവിധാനം സ്ഥാപിച്ച ശേഷം മാത്രമേ ആയുധങ്ങൾ കൈമാറുന്ന കാര്യം പരിഗണിക്കൂ എന്നാണ് ഹമാസിന്റെ നിലപാട്.
വെടിനിർത്തലിന് ശേഷം ഗസ്സയിൽ 1,072 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവിൽ അഞ്ച് സൈനികരെയും ഒരു കരാറുകാരനെയും നഷ്ടപ്പെട്ടതായി ഇസ്റാഈൽ സൈന്യവും വ്യക്തമാക്കി.
Content highlights
Hamas has officially announced the dissolution of its governing body in the Gaza Strip after nearly 20 years of rule. This political shift aims to facilitate an administrative transition to the Cairo-based National Committee for the Administration of Gaza (NCAG). However, the implementation remains stalled due to unresolved disputes regarding Hamas’s disarmament and postwar governance criteria.




