Home LATEST NEWS malyalam പുതിയ വാർത്ത വിപണിയുടെ ലാഭക്കണ്ണുകള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കും?

വിപണിയുടെ ലാഭക്കണ്ണുകള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കും?

3
0

Source :- SIRAJLIVE NEWS

കോര്‍പറേറ്റ് കമ്പനികള്‍ക്കും സ്‌കൂള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്ന വിധം അഫിലിയേഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള സി ബി എസ് ഇ നീക്കം ചെറുകിട സി ബി എസ് ഇ സ്‌കൂളുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ട്രസ്റ്റുകള്‍ക്കും രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അഫിലിയേഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ലാഭേച്ഛയുള്ള കമ്പനികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സ്‌കൂള്‍ അനുവദിക്കാനാണ് നീക്കം.

വിദ്യാഭ്യാസ നയം 2020ലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള ഈ നയംമാറ്റം ഗുണപ്രദമാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പക്ഷം. എന്നാല്‍ വിദ്യാഭ്യാസം ഒരു സാമൂഹിക സേവനമെന്ന നിലയില്‍ നിന്ന് പൂര്‍ണമായി വിപണി കേന്ദ്രീകൃതമായ വില്‍പ്പനച്ചരക്കാക്കി മാറ്റുന്നതിനുള്ള പച്ചക്കൊടിയായി ഇത് മാറുമെന്ന ആശങ്ക ശക്തമാണ്. രാജ്യത്തെ പ്രത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ഇടത്തരം സി ബി എസ് ഇ സ്‌കൂളുകളുടെ നിലനില്‍പ്പിനെ ഇത് ബാധിക്കാനിടയുണ്ട്. വലിയ മൂലധന നിക്ഷേപമില്ലാതെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ് കൊണ്ട് മാത്രം അധ്യാപകര്‍ക്ക് ശമ്പളവും ദൈനംദിന ചെലവുകളും കണ്ടെത്തുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് സഹസ്ര കോടികളുടെ ആസ്തിയുള്ള കോര്‍പറേറ്റ് ഭീമന്മാരുമായി മത്സരിക്കാന്‍ സാധിക്കില്ല. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അവരുടെ പരസ്യ ശൃംഖലകളും വിപണന തന്ത്രങ്ങളും ഉപയോഗിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ആകര്‍ഷിക്കാനാകും. ചെറുകിട സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറയുകയായിരിക്കും അനന്തരഫലം.

തുടക്കത്തില്‍ കുറഞ്ഞ ഫീസും ആകര്‍ഷകമായ ഇളവുകളും പ്രഖ്യാപിച്ചായിരിക്കും കോര്‍പറേറ്റ് സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി എസ് ആര്‍) ഫണ്ട് ഉപയോഗിച്ച് കെട്ടിടം, ലാബ് തുടങ്ങി അടിസ്ഥാന സൗകര്യം അവര്‍ക്ക് മെച്ചപ്പെടുത്താനുമാകും. ഈ വിപണന തന്ത്രത്തോട് മത്സരിക്കാന്‍ കഴിയാതെ ട്രസ്റ്റുകളും സൊസൈറ്റികളും നടത്തുന്ന സ്‌കൂളുകള്‍ തകര്‍ച്ചയെ നേരിടുകയും കോര്‍പറേറ്റുകള്‍ കുത്തക സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഫീസ് കുത്തനെ ഉയര്‍ത്തും. ആശുപത്രി മേഖലയിലും റീട്ടെയില്‍ വ്യാപാരത്തിലും മാധ്യമ രംഗത്തുമെല്ലാം ഇതുപോലുള്ള വിപണന തന്ത്രമാണ് കോര്‍പറേറ്റുകള്‍ പയറ്റിയത്. വിദ്യാഭ്യാസ മേഖലയില്‍ അവര്‍ വ്യത്യസ്തമായ നയം സ്വീകരിക്കുമെന്ന് കരുതാനാകില്ല.

അധ്യാപക മേഖലയിലും അനുഭവപ്പെടും ഇതിന്റെ പ്രതിഫലനം. ഉയര്‍ന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ആംഗ്ലോ-ഇന്ത്യക്കാരുള്‍പ്പെടെ മികച്ച അധ്യാപകരെ വന്‍കിട കമ്പനികള്‍ക്ക് ആകര്‍ഷിക്കാനാകും. ചെറുകിട സ്‌കൂളുകളിലെ മികവുറ്റ അധ്യാപകര്‍ കൂട്ടത്തോടെ കോര്‍പറേറ്റ് സകൂളുകളിലേക്ക് ചേക്കേറുന്നതോടെ സാധാരണ സ്‌കൂളുകളുടെ വിദ്യാഭ്യാസ നിലവാരത്തെ അത് ബാധിക്കും. വിദ്യാഭ്യാസത്തില്‍ പ്രാദേശിക അസമത്വം വര്‍ധിക്കാനിടയാക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യാഘാതം. വന്‍ കമ്പനികള്‍ സാധാരണയായി നഗരങ്ങളെയോ ഉയര്‍ന്ന വരുമാനമുള്ള പ്രദേശങ്ങളെയോ ആണ് ലക്ഷ്യമിടുക. സാമ്പത്തിക നേട്ടമില്ലാത്തതിനാല്‍ ഗ്രാമങ്ങളിലോ പിന്നാക്ക പ്രദേശങ്ങളിലോ സ്‌കൂളുകള്‍ ആരംഭിക്കുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടാകില്ല.

സ്വകാര്യ നിക്ഷേപവും കോര്‍പറേറ്റുകളുടെ കടന്നുവരവും രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും ആഗോള വിദ്യാഭ്യാസ സൂചികകളില്‍ രാജ്യത്തെ മുന്നില്‍ എത്തിക്കാനും സഹായിക്കുമെന്നാണ് സി ബി എസ് ഇയുടെ നയം മാറ്റത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ ലാഭേച്ഛയോടെ മാത്രം പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് ഗ്രൂപ്പുകള്‍ വിദ്യാഭ്യാസ മേഖല കൈയടക്കുമ്പോള്‍ അവരില്‍ നിന്ന് സാമൂഹിക പ്രതിബദ്ധതയോ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പുരോഗതിയോ പ്രതീക്ഷിക്കാനാകില്ല. നിക്ഷേപത്തിന്റെ ലാഭവിഹിതത്തിലായിരിക്കും അവരുടെ കണ്ണ്. സേവന മേഖലയായി നിലനിന്നിരുന്ന സ്‌കൂളുകള്‍ കച്ചവട സ്ഥാപനങ്ങളായി മാറുന്നതോടെ ദരിദ്രരും സാധാരണക്കാരുമായ വിദ്യാര്‍ഥികള്‍ ബലിയാടാകും. ചെറുകിട സ്‌കൂളുകളുടെ തകര്‍ച്ച മാനേജ്മെന്റുകളെ മാത്രമല്ല ലക്ഷക്കണക്കിന് അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും തൊഴില്‍ സുരക്ഷിതത്വത്തെയും ബാധിക്കും. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ സ്വഭാവത്തെയും സാമൂഹിക നീതിയെയും തുല്യാവകാശത്തെയും ഇത് ബാധിക്കും.

ഇന്ത്യന്‍ ഭരണഘടന വിദ്യാഭ്യാസത്തെ മൗലികാവകാശമായി അംഗീകരിച്ചതാണ്. ജാതി- മത- സാമ്പത്തിക ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസമാണ് ആര്‍ട്ടിക്കിള്‍ 21 എ വിഭാവനം ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം കോര്‍പറേറ്റുകളുടെ കൈകളില്‍ എത്തുമ്പോള്‍ വിദ്യാഭ്യാസം സാമ്പത്തിക ശേഷിയുള്ളവന് മാത്രമാകുകയും വിദ്യാര്‍ഥി ഒരു പൗരനില്‍ നിന്ന് ഉപഭോക്താവായും സ്‌കൂളുകള്‍ പഠന കേന്ദ്രത്തില്‍ നിന്ന് വ്യാപാര സ്ഥാപനമായും മാറുകയും ചെയ്യും. ജനാധിപത്യ സമൂഹത്തില്‍ സമ്പന്നന്റെയും ദരിദ്രന്റെയും മക്കള്‍ ഒരേ ബഞ്ചിലിരുന്നാണ് പഠിക്കേണ്ടത്. അപ്പോഴാണ് തുല്യതാ മനോഭാവം വളര്‍ന്നു വരുന്നത്. കോര്‍പറേറ്റുകള്‍ വലിയ ആഡംബര സ്‌കൂളുകളുമായി രംഗത്തു വരുമ്പോള്‍ സമൂഹത്തിലെ സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിഭജിക്കപ്പെടും. ഇത് കുട്ടിക്കാലം മുതലേ വര്‍ഗ വ്യത്യാസ ചിന്ത വളര്‍ന്നുവരാനിടയാക്കും. സാമ്പത്തിക വീക്ഷണത്തിലൂടെയാകരുത്; ഭരണഘടനയെയും മൂല്യങ്ങളെയും പൊതുനന്മയെയും അടിസ്ഥാനമാക്കിയായിരിക്കണം വിദ്യാഭ്യാസ രംഗത്തെ ഏത് പരിഷ്‌കരണവും മാറ്റങ്ങളും. വിപണിയുടെ ലാഭക്കണ്ണുകള്‍ക്ക് വിദ്യാഭ്യാസത്തെ വിട്ടുകൊടുക്കുന്നത് രാജ്യത്തിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കും.