Source :- SIRAJLIVE NEWS
ഡോ. മുഹമ്മദ് അതീഖ്
ഇന്ത്യയിലെ 58 എന്‍ജിനീയറിംഗ് കോളജുകള്‍ കൂട്ടത്തോടെ പൂട്ടാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഐ ടി മേഖലയുടെ തകര്‍ച്ചയാണെന്നും എന്‍ജിനീയറിംഗ് കോഴ്‌സുകളുടെ സുവര്‍ണകാലം അവസാനിച്ചുവെന്നുമുള്ള തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍, ഉപരിപ്ലവമായ ഈ ആശങ്കകള്‍ക്കപ്പുറം ഇന്ത്യന്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന്റെ യാഥാര്‍ഥ്യം എന്താണ്? അക്കാദമിക് രംഗത്തെ ആഴത്തിലുള്ള ചലനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും, ഈ തീരുമാനം എന്‍ജിനീയറിംഗ് മേഖലയുടെ അന്ത്യമല്ല, മറിച്ച് “ക്വാണ്ടിറ്റിയില്‍’ നിന്നും “ക്വാളിറ്റി’യിലേക്കുള്ള വലിയൊരു പരിവര്‍ത്തനമാണ്.
ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ ഐ സി ടി ഇ) എടുത്ത ഈ തീരുമാനം പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഗുണനിലവാരമില്ലായ്മയായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും രാജ്യത്തുണ്ടായ ഐ ടി വിപ്ലവത്തിന്റെ ചുവടുപിടിച്ച് കൂണുപോലെ മുളച്ചുപൊന്തിയ സ്വാശ്രയ കോളജുകളില്‍ ഭൂരിഭാഗവും വെറും ബിസിനസ്സ് സ്ഥാപനങ്ങളായി മാറി. കൃത്യമായ ലബോറട്ടറികളോ ലൈബ്രറികളോ യോഗ്യതയുള്ള അധ്യാപകരോ പോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ ഫീസ് വാങ്ങി ബിരുദങ്ങള്‍ അച്ചടിച്ചിറക്കുന്ന ഫാക്ടറികളായി അവയില്‍ പലതും മാറി. ഈ പശ്ചാത്തലത്തിലാണ് എ ഐ സി ടി ഇ തങ്ങളുടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
നാഷനല്‍ എംപ്ലോയബിലിറ്റി റിപോര്‍ട്ടിന്റെ സമീപകാല കണക്കുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങള്‍ കാണാം. ഇന്ത്യയില്‍ പ്രതിവര്‍ഷം പുറത്തിറങ്ങുന്ന എന്‍ജിനീയറിംഗ് ബിരുദധാരികളില്‍ വെറും 20 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഐ ടി മേഖലയിലോ മറ്റ് കോര്‍പറേറ്റ് സ്ഥാപനങ്ങളിലോ നേരിട്ട് ജോലി ചെയ്യാന്‍ തക്ക പ്രായോഗിക ജ്ഞാനമുള്ളത്. ബാക്കി വരുന്നത് ബിരുദമുണ്ടെങ്കിലും തൊഴില്‍ വിപണിക്ക് ആവശ്യമില്ലാത്ത വലിയൊരു വിഭാഗമാണ്. ഒരു യന്ത്രത്തിന്റെ പ്രവര്‍ത്തനം നേരിട്ടു കാണാതെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പാസ്സാകുന്നവര്‍ ഇതിന്റെ ഇരകളാണ്. ഈയൊരു വിടവ് നികത്താന്‍ ഗുണനിലവാരമില്ലാത്ത കോളജുകള്‍ പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ ശുദ്ധീകരണ പ്രക്രിയ ഇപ്പോള്‍ ശക്തമായി നടക്കുന്നത്. വിപണിയിലെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഇത് സഹായിക്കും.
നിലവില്‍ ഈ സ്ഥാപനങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കക്ക് നിയമപരമായ ഉത്തരം “ഇല്ല’ എന്ന് തന്നെയാണ്. ഇതൊരു “പ്രോഗ്രസ്സീവ് ക്ലോഷര്‍’ ആണ്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഈ നിയമം അനുസരിച്ച്, ഒരു കോളജ് പൂട്ടാന്‍ അനുമതി നല്‍കിയാലും നിലവില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ അതേ സ്ഥാപനത്തില്‍ വെച്ചുതന്നെ കോഴ്‌സ് പൂര്‍ത്തിയാക്കാം. അവര്‍ക്ക് പരീക്ഷകള്‍ എഴുതാനും യൂനിവേഴ്‌സിറ്റിയുടെ സാധുതയുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും പൂര്‍ണ അവകാശമുണ്ട്. പുതിയ ബാച്ചുകളിലേക്ക് കുട്ടികളെ എടുക്കാന്‍ മാത്രമേ ഈ സ്ഥാപനങ്ങള്‍ക്ക് വിലക്കുള്ളൂ. അതുകൊണ്ട് തന്നെ ക്യാമ്പസുകള്‍ പെട്ടെന്ന് പൂട്ടിപ്പോകുമെന്ന ഭീതിക്ക് അടിസ്ഥാനമില്ല.
പരമ്പരാഗതമായ എന്‍ജിനീയറിംഗ് ബിരുദങ്ങള്‍ കൊണ്ട് മാത്രം സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാന്‍ കഴിയാത്തവിധം ആഗോള തൊഴില്‍വിപണി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ചില കോളജുകള്‍ പൂട്ടുന്നതും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും എന്‍ജിനീയറിംഗ് എന്ന ശാഖയുടെ തകര്‍ച്ചയല്ല, മറിച്ച് വ്യവസായ ലോകത്തിന്റെ ആവശ്യങ്ങളും നമ്മുടെ ക്യാമ്പസുകളിലെ സിലബസുകളും തമ്മിലുള്ള വലിയ വിടവിന്റെ പ്രതിഫലനമാണ്.
കമ്പ്യൂട്ടര്‍ സയന്‍സോ മെക്കാനിക്കലോ സിവിലോ ആകട്ടെ, നാല് വര്‍ഷം പുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്ന സിദ്ധാന്തങ്ങള്‍ മാത്രം മനപ്പാഠമാക്കി ഉയര്‍ന്ന മാര്‍ക്കോടെ പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ഥിയേക്കാള്‍, വ്യവസായ ലോകം ഇന്ന് തിരയുന്നത് പ്രശ്‌നപരിഹാര ശേഷിയുള്ള, പ്രായോഗിക ജ്ഞാനമുള്ള പ്രതിഭകളെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, റോബോട്ടിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഇന്ന് കേവലം ഐ ടി കമ്പനികളില്‍ മാത്രമല്ല, നിര്‍മാണ മേഖലയിലും ആരോഗ്യ രംഗത്തും ബേങ്കിംഗിലും വരെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.
ലോക സാമ്പത്തിക ഫോറത്തിന്റെ “ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ്’ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് വരും വര്‍ഷങ്ങളില്‍ ലോകത്താകമാനം കോടിക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക ഈ അത്യാധുനിക സാങ്കേതിക മേഖലകളിലാണ് എന്നാണ്. പഴയ രീതിയിലുള്ള ഡാറ്റാ എന്‍ട്രിയോ ലളിതമായ കോഡിംഗോ ചെയ്യുന്ന ജോലികള്‍ എ ഐ ടൂളുകള്‍ ഏറ്റെടുക്കുമ്പോള്‍, ആ ടൂളുകളെ വികസിപ്പിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള എന്‍ജിനീയര്‍മാരെയാണ് വിപണിക്ക് ആവശ്യം. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, വര്‍ഷങ്ങള്‍ പഴക്കമുള്ള സിലബസുകളില്‍ തളച്ചിട്ടിരിക്കുന്ന കോളജുകളിലേക്ക് വിദ്യാര്‍ഥികള്‍ വരാതാകുന്നതും ആ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുന്നതും തികച്ചും സ്വാഭാവികമായ പരിണാമ പ്രക്രിയ മാത്രമാണ്.
ഇവിടെ വിദ്യാര്‍ഥികള്‍ മനസ്സിലാക്കേണ്ട പ്രധാന കാര്യം, പരമ്പരാഗത എന്‍ജിനീയറിംഗ് ബ്രാഞ്ചുകളായ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ എന്നിവയുടെ പ്രസക്തി ഒരിക്കലും ഇല്ലാതാകുന്നില്ല എന്നതാണ്. പകരം, അവ “സ്മാര്‍ട്ട്’ ആയി മാറുകയാണ്. വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ഇന്ന് ഏതൊരു എന്‍ജിനീയറിംഗ് കോളജിന്റെയും വിജയത്തിന് അത്യന്താപേക്ഷിതമാണ്. ആഗോളതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഐ ടി, കോര്‍പറേറ്റ് കമ്പനികളുമായി നേരിട്ട് പങ്കാളിത്തമുള്ള കോളജുകള്‍ക്കാണ് ഇന്ന് നിലനില്‍പ്പുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പഠനകാലത്ത് തന്നെ തത്സമയ പ്രൊജക്ടുകളില്‍ പങ്കെടുക്കാനും വ്യവസായ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുമുള്ള അവസരങ്ങള്‍ ഇത്തരം ക്യാമ്പസുകള്‍ ഒരുക്കുന്നു. സ്വന്തമായി ഒരു ആശയം വികസിപ്പിച്ചെടുക്കാനും അതിനെ ഒരു ഉത്പന്നമോ സേവനമോ ആയി മാറ്റാനും തക്കവണ്ണം വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന “ഇന്നൊവേഷന്‍ ഹബ്ബുകള്‍’ ആയി എന്‍ജിനീയറിംഗ് കോളജുകള്‍ മാറേണ്ടതുണ്ട്.
പരമ്പരാഗതമായ മാര്‍ക്ക് കേന്ദ്രീകൃത വിദ്യാഭ്യാസ രീതിയില്‍ നിന്ന് മാറി, കൂടുതല്‍ വഴക്കമുള്ളതും പ്രായോഗികവുമായ പഠനരീതിക്കാണ് പുതിയ വിദ്യാഭ്യാസ നയം മുന്‍ഗണന നല്‍കുന്നത്. പുതിയ നയം അനുസരിച്ച് “മള്‍ട്ടിഡിസിപ്ലിനറി’ പഠനം സാധ്യമാണ്. കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന വിദ്യാര്‍ഥിക്ക് താത്പര്യമുണ്ടെങ്കില്‍ മാനേജ്‌മെന്റോ ഡിസൈനിംഗോ മൈനര്‍ കോഴ്‌സുകളായി ഒപ്പം തിരഞ്ഞെടുക്കാം. പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന മറ്റൊരു സുപ്രധാന കാര്യമാണ് “മള്‍ട്ടിപ്പിള്‍ എന്‍ട്രി ആന്‍ഡ് എക്‌സിറ്റ്’ സംവിധാനം. ഇനി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി കോഴ്‌സ് വിടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും രണ്ട് വര്‍ഷത്തിന് ശേഷം ഡിപ്ലോമയും നാല് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ പൂര്‍ണമായ എന്‍ജിനീയറിംഗ് ബിരുദവും ലഭിക്കും. പിന്നീട് എപ്പോള്‍ വേണമെങ്കിലും പഠനത്തിലേക്ക് തിരിച്ചുവരാനുള്ള സ്വാതന്ത്ര്യവും ഇത് നല്‍കുന്നു.
ഈയൊരു ശുദ്ധീകരണ കാലഘട്ടത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് കോളജ് തിരഞ്ഞെടുക്കുമ്പോഴാണ്. ഒരു മികച്ച സ്ഥാപനം തിരഞ്ഞെടുക്കാന്‍ പ്രധാനമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ സ്ഥാപനത്തിന്റെ സ്ഥാനം എവിടെയാണെന്ന് പരിശോധിക്കുക. കൂടാതെ എന്‍ ബി എ, നാക് എന്നിവയുടെ അംഗീകാരങ്ങള്‍ കോളജിനുണ്ടോ എന്ന് നോക്കുന്നത് അവിടുത്തെ വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കാന്‍ സഹായിക്കും. വെറുമൊരു ബിടെക് ബിരുദം മാത്രമുള്ള താത്കാലിക അധ്യാപകരാണോ അതോ പിഎച്ച് ഡിയും വ്യവസായ മേഖലയില്‍ പരിചയവുമുള്ള മികച്ച പ്രൊഫസര്‍മാരാണോ ക്ലാസ്സുകള്‍ നയിക്കുന്നത് എന്ന് അന്വേഷിക്കുക. എത്ര കമ്പനികള്‍ ക്യാമ്പസിലെത്തി, ശരാശരി വാര്‍ഷിക ശമ്പളം എത്രയാണ്, ഏതൊക്കെ തസ്തികകളിലേക്കാണ് കുട്ടികള്‍ക്ക് ജോലി ലഭിച്ചത് തുടങ്ങിയ വിവരങ്ങള്‍ അവിടെ പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ഥികളോട് ചോദിച്ചറിയുക. പാഠപുസ്തകത്തിനപ്പുറം പ്രായോഗിക പരിശീലനത്തിന് ആവശ്യമായ അത്യാധുനിക ലാബുകള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍, ലൈബ്രറി സൗകര്യങ്ങള്‍ എന്നിവ കോളജിലുണ്ടെന്ന് ഉറപ്പുവരുത്തുക. പ്രമുഖ കമ്പനികളുമായി കോളജിന് ധാരണാപത്രങ്ങള്‍ ഉണ്ടോ എന്നും, പഠനകാലത്ത് കുട്ടികള്‍ക്ക് വ്യവസായ സ്ഥാപനങ്ങളില്‍ നേരിട്ട് പോയി പരിശീലിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുന്നുണ്ടോ എന്നും നോക്കുക.
രക്ഷിതാക്കള്‍ മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. അയല്‍പക്കത്തെ കുട്ടി എന്‍ജിനീയറിംഗിന് ചേര്‍ന്നതുകൊണ്ടോ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ പേര് വന്നതുകൊണ്ടോ മാത്രം കുട്ടികളെ ഏതെങ്കിലും ഒരു കോളജിലേക്ക് തള്ളിവിടരുത്. കോളജിന്റെ പരസ്യങ്ങളോ വലിയ കെട്ടിടങ്ങളോ അല്ല, മറിച്ച് അവിടുത്തെ ലബോറട്ടറി സൗകര്യങ്ങളും അധ്യാപകരുടെ യോഗ്യതയും കഴിഞ്ഞ വര്‍ഷങ്ങളിലെ പ്ലേസ്മെന്റ് റെക്കോര്‍ഡുകളും കൃത്യമായി അന്വേഷിച്ച് വേണം അഡ്മിഷന്‍ എടുക്കാന്‍. പ്രായോഗിക വൈദഗ്ധ്യത്തിന് പ്രാധാന്യം നല്‍കുന്ന ക്യാമ്പസുകളെ തിരിച്ചറിയാന്‍ സാധിക്കണം.
എന്‍ജിനീയറിംഗ് മേഖലയുടെ കാലം കഴിഞ്ഞു എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തികച്ചും തെറ്റാണ്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ നടക്കുന്നത് വലിയ “റീബൂട്ടിംഗ്’ ആണ് എന്ന് ചുരുക്കം. പഴയതും കാലഹരണപ്പെട്ടതുമായ ഫയലുകള്‍ ഡിലീറ്റ് ചെയ്ത്, പുതിയ കാലത്തിന് അനുയോജ്യമായ സോഫ്്റ്റ്്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രക്രിയ. കൃത്യമായ ലക്ഷ്യബോധത്തോടെ മികച്ചൊരു സ്ഥാപനം തിരഞ്ഞെടുത്ത്, മാറുന്ന സാങ്കേതിക വിദ്യകള്‍ക്കൊപ്പം തങ്ങളുടെ പ്രായോഗിക വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്ന വിദ്യാര്‍ഥിക്ക് എന്‍ജിനീയറിംഗ് എന്നും ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ നല്‍കുന്ന മേഖല തന്നെയാണ്.
ഗുണനിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ പൂട്ടുന്നത് വഴി യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളാണ് വര്‍ധിക്കുന്നത്. ഈ മാറ്റത്തെ ഭീതിയോടെയല്ല, മറിച്ച് ഇന്ത്യന്‍ വിദ്യാഭ്യാസ രംഗം കൈവരിക്കുന്ന വലിയൊരു ഗുണപരമായ മുന്നേറ്റമായിട്ടാണ് നമ്മള്‍ കാണേണ്ടത്.
Content Highlights:
The All India Council for Technical Education is closing down 58 low-quality engineering colleges across various states using a progressive closure model. This decision aims to address the employability gap where less than 20% of graduates currently possess industry-ready practical skills. Experts view this structural shift as a vital technical education reboot aligning student skillsets with modern career demands like AI and Robotics.




