Home LATEST NEWS malyalam പുതിയ വാർത്ത വയനാടിന് വീണ്ടും കണ്ണീരിന്റെ ജൂലൈ

വയനാടിന് വീണ്ടും കണ്ണീരിന്റെ ജൂലൈ

3
0

Source :- SIRAJLIVE NEWS

ദുരന്തത്തിന്റെ വേദനകള്‍ സമ്മാനിക്കുന്ന മാസമായി മാറുകയാണോ ജൂലൈ വയനാട്ടുകാര്‍ക്ക്? നൂറുകണക്കിന് മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലും പ്രളയവും സംഭവിച്ചത് രണ്ട് വര്‍ഷം മുമ്പ് ജൂലൈ മാസത്തിലായിരുന്നു. ഇപ്പോള്‍ തുരങ്കപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട ദുരന്തവും ഇതേ മാസത്തില്‍ തന്നെ. ചൊവ്വാഴ്ച മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. അഞ്ച് പേര്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നെണ്ടാണ് കരുതുന്നത്. ദുരന്തത്തെ തുടര്‍ന്ന് തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് സര്‍ക്കാര്‍.

നിര്‍മാണക്കമ്പനിയുടെയും സര്‍ക്കാറിന്റെയും അശ്രദ്ധയാണ് മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിര്‍മാണസ്ഥലത്ത് മണ്ണ് കൂട്ടിയിടുന്നത് അപകടത്തിന് കാരണമാകുമെന്ന്, നിര്‍മാണക്കമ്പനിയായ “കൊങ്കണ്‍’ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പറയുന്നു. മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടറും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മാനേജരും കഴിഞ്ഞ മാസം 20ന് ഉത്തരവിറക്കുകയും ചെയ്തു. എന്നിട്ടും മണ്ണ് നീക്കം ചെയ്യാതെ അവിടെ തന്നെ കൂട്ടിയിടുകയായിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ നിര്‍മാണക്കമ്പനിയെ മാത്രം കുറ്റപ്പെടുത്തി സര്‍ക്കാറിന് കൈകഴുകാനാകില്ല. തങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് കമ്പനി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത സര്‍ക്കാർ വൃത്തങ്ങള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ അശ്രദ്ധ കാണിച്ചു. അപകടകരമായ രീതിയില്‍ മണ്ണ് കൂട്ടിയിടുന്നത് തടയാനും മുന്നറിയിപ്പ് ലംഘിക്കുന്ന കമ്പനിക്കെതിരെ ദുരന്തനിവാരണ നിയമ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്) പ്രകാരം നടപടിയെടുക്കാനും ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കലക്ടര്‍ക്കും അധികാരമുണ്ട്. അത് പ്രയോഗിക്കുന്നതില്‍ അവര്‍ വീഴ്ച വരുത്തി.

ഏറ്റവും സങ്കീര്‍ണമായ എന്‍ജിനീയറിംഗ് പ്രവര്‍ത്തനങ്ങളിലൊന്നാണ് തുരങ്കപാതാ നിര്‍മാണം. മണ്ണിന്റെ ഘടന, ഭൂഗര്‍ഭ ശിലകളുടെ സ്വഭാവം, കാലാവസ്ഥാ വ്യതിയാനം, മഴയുടെ തീവ്രത, മണ്ണിടിച്ചില്‍ സാധ്യത, വായുസഞ്ചാരം, ജലപ്രവാഹ സാധ്യത, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കൃത്യമായി പഠിക്കുകയും തുടര്‍ച്ചയായി നിരീക്ഷിക്കുകയും വേണം. നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പുള്ള പഠനങ്ങള്‍ മാത്രം പോരാ, ഓരോ ഘട്ടത്തിലും സുരക്ഷാ ഓഡിറ്റുകളും വിദഗ്ധ പരിശോധനകളും തുടരേണ്ടതുണ്ട്. വയനാട് പോലുള്ള അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ചും കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് വികസന പദ്ധതികളുടെ പ്രവര്‍ത്തന രീതികളിലും മാറ്റങ്ങള്‍ ആവശ്യമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മാണ മാനദണ്ഡങ്ങള്‍ മതിയാകില്ല നിലവിലെ സാഹചര്യത്തില്‍. പുതിയ കാലാവസ്ഥാ രീതിക്കനുസൃതമായ സുരക്ഷാ നിയമങ്ങളും എന്‍ജിനീയറിംഗ് രീതികളും നടപ്പാക്കേണ്ടതാണ്.

അതിലോല പ്രദേശമായതിനാല്‍ വയനാട്ടിലേക്കുള്ള തുരങ്കപാത എന്ന ആശയത്തോട് നേരത്തേ പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധരും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എങ്കിലും വയനാട്ടുകാരുടെ യാത്രാപ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ സര്‍ക്കാര്‍ അതുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, ഇത്തരം മേഖലയില്‍ ഒരു വന്‍കിട പദ്ധതി തുടങ്ങുമ്പോള്‍, അത് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം. ഇതടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥിതി- വനം- കാലാവസ്ഥാ വ്യതിയാന വകുപ്പിനു കീഴിലുള്ള വിദഗ്ധ വിലയിരുത്തല്‍ സമിതി പദ്ധതിയുടെ പ്രൊജക്ട് റിപോര്‍ട്ടില്‍ അറുപതോളം ഭേദഗതികള്‍ നിര്‍ദേശിച്ചത്. പിന്നീട് ഈ നിര്‍ദേശങ്ങളെല്ലാം നേര്‍പ്പിക്കുകയോ മാറ്റിയെഴുതുകയോ ആയിരുന്നു. ഈ സാഹചര്യത്തില്‍, തുടക്കത്തില്‍ തന്നെ സംഭവിച്ച മണ്ണിടിച്ചില്‍ ദുരന്തം ഒരു മുന്നറിയിപ്പായി കണ്ട് വിദഗ്ധ സമിതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരമാവധി പാലിച്ചുകൊണ്ടായിരിക്കണം ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. പദ്ധതി കടന്നു പോകുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങള്‍ ചെറിയ പ്രകമ്പനങ്ങളെ പോലും അതിജീവിക്കാന്‍ കഴിയാത്ത പ്രദേശങ്ങളാണെന്ന കാര്യം അധികൃതര്‍ വിസ്മരിക്കരുത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുരങ്കപാതാ നിര്‍മാണം താത്കാലികമായി നിര്‍ത്തിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഭാവികവും തികച്ചും അനിവാര്യവുമായ നടപടിയാണ്. മണ്ണിടിച്ചിലിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനും നിര്‍മാണത്തില്‍ സംഭവിച്ച സുരക്ഷാ വീഴ്ചകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും ഇടവേള ആവശ്യമാണ്. എന്നാല്‍ താത്കാലിമായി നിര്‍ത്തിവെക്കുന്നത് പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുന്നതിലേക്ക് വഴിമാറരുത്. വയനാട് ജനത നൂറ്റാണ്ടുകളായി അനുഭവിക്കുന്ന കടുത്ത യാത്രാദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് തുരങ്കപാത വിഭാവനം ചെയ്യപ്പെട്ടത്.

താമരശ്ശേരി ചുരത്തിലെ നിരന്തര ഗതാഗതക്കരുക്കും മഴക്കാലത്ത് ചുരത്തിലുണ്ടാകുന്ന ഇടിച്ചിലും മറ്റും കാരണം ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ പ്രയാസപ്പെടുന്ന മലയോര ജില്ലക്ക് ഈ അടിസ്ഥാന വികസനം അനിവാര്യമാണ്. പ്രത്യേകിച്ചും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഘട്ടങ്ങളില്‍ ചുരത്തിലെ ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ കോഴിക്കോട് മെഡി. കോളജിലും മറ്റു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലും എത്തിപ്പെടാന്‍ ഇതേറെ സഹായകമാകും. വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ പദ്ധതിയുടെ സുരക്ഷാ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കിയും പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം പരമാവധി കുറച്ചും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തിയും പദ്ധതി പൂര്‍ത്തിയാക്കി നിര്‍ദിഷ്ട സമയത്തിനകം തന്നെ നാടിനു സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്.

Content Highlights:
The Kerala government has temporarily halted the Wayanad tunnel road project after a tragic landslide killed three workers. Authorities point to a major safety lapse after the construction company failed to clear piled-up soil despite orders. While environmentalists demand higher caution, residents stress that the alternative route remains vital to resolve commuting issues.